ഉത്തരഭൂമിയിലൂടെ – 2

ഒന്നാം ഭാഗം വായിക്കാം

കണ്ണുകൾ തുറന്നത് ഋഷികേശിലെ പുതിയ പ്രഭാതത്തിലേക്കാണ്. അഭിഷേക് പറഞ്ഞ മോണിംഗ് ട്രെക്കിന്‍റെ സമയമെല്ലാം മണിക്കൂറുകൾക്ക് മുൻപേ കഴിഞ്ഞു പോയിരിക്കുന്നു. ഡോർമിന്‍റെ കർട്ടൻ മാറ്റി ഞാൻ പുറത്തേക്കിറങ്ങി. എല്ലാവരും ഉറക്കത്തിന്റെ ആലസ്യം വിട്ടുണരുന്നേയുള്ളൂ. കുറഞ്ഞ സമയം കൊണ്ട് ഒരുക്കങ്ങൾ കഴിഞ്ഞു. ഇനി തിരക്കിലേക്കുള്ള കടന്നുകയറ്റമാണ്. കണ്ണും മനസും നിറയ്ക്കുന്ന കാഴ്ചകൾക്ക് വേണ്ടിയുള്ള അന്വേഷണമാണ്.

ഹോസ്റ്റലിന്‍റെ റിസപ്‌ഷനിൽ അഭിഷേകിന് ശുഭദിനം നേർന്ന് ഞങ്ങൾ വഴിയിലേക്കിറങ്ങി. ഹോസ്റ്റലിനു പുറത്തുള്ള വഴിയിലൂടെ വലത്തോട്ട് നടന്നാൽ രാംജൂലയും ഇടത്തോട്ട് നടന്നാൽ ലക്ഷമൺ ജൂലയുമാണ്. വലത്തോട്ട് നടന്നു. റോഡ് മുഴുവൻ തീർഥാടകരെയും സഞ്ചാരികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബംബം ബൊലെ വിളികൾക്ക് മാറ്റമൊന്നുമില്ല. ഇന്നലത്തെതിൽ നിന്ന് വ്യത്യസതമായി റോഡിന്‍റെ വശങ്ങളിൽ തോട്ടങ്ങളും പറമ്പുകളുമൊക്കെയാണ്. കുരങ്ങൻമാർ യഥേഷ്ടം. ചോളത്തിന്‍റെയും പൂരിയടക്കമുള്ള പലഹാരങ്ങളുടെയും നിർമ്മാണവും വില്പനയും വഴിവക്കിൽ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. ഇന്ത്യൻ പാതകയുമേന്തി കുറെ ബൈക്കുകൾ ആ വഴിയിൽ സഞ്ചരിക്കുന്നുണ്ട്. അതിലെ ഒരു കൂട്ടത്തോട് ഇന്ത്യൻ പതാക വെക്കുന്നതിന്റെ കാരണം അന്വേഷിച്ച മുകുളിനോട് അവർ ചോദിച്ചത് ഇന്ത്യയുടെ പതാക അല്ലാതെ ഞങ്ങൾ പിന്നെ പാക്ക് പതാകയാണോ വെക്കേണ്ടത് എന്നാണ്. ബാബാ കാളി കാംലി വാല ട്രസ്റ്റിന്‍റെ മുന്നിലൂടെ ഞങ്ങൾ രാംജൂല ലക്ഷ്യമാക്കി നടന്നു. വഴിയരികിൽ ആരോ സൗജന്യമായി ഭക്ഷണം നല്കുന്നുണ്ടായിരുന്നു. അവിടുന്നു കിട്ടിയ ഭക്ഷണത്തിന് വേണ്ടി ഒരു സന്യാസിയും ഒരു പശുവും മത്സരിക്കുന്ന കാഴ്ചയും വഴിയിൽ കണ്ടു.

അതിനടുത്തുള്ള വലിയ മരത്തിന്‍റെ ചുവട്ടിൽ വേറെ കുറച്ചു പേർ പ്ലേറ്റിൽ മാത്രം നോക്കി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യനായാലും പശുവായാലും അടിസ്ഥാന പ്രശ്‌നം ലോകത്തെവിടെയും ഭക്ഷണം തന്നെയാണ്. അവിടെ നിന്നും വലത്തോട്ട് വഴിയുടെ വീതി കുറയുകയാണ്. പക്ഷെ ആൾക്കൂട്ടത്തിന് കുറവൊന്നുമില്ല. ആ വഴിയിലൂടെ സ്റ്റെപ്പുകൾ ഇറങ്ങി ചെല്ലുന്നത് ഒരു ടണലിന് സമാനമായ ഒരിടത്തേക്കാണ്. അതിന്‍റെ ഉൾവശത്ത് നിറയെ കടകളും ഭക്ഷണശാലകളുമാണ്. അവിടെ തീറ്റ റപ്പായിയെ പോലെയുള്ള ഒരാളെ പുറത്ത് തയാറാക്കിയ പീഠത്തിൽ ഇരുത്തിയിരിക്കുന്ന ഭക്ഷണശാല ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. വീണ്ടും മുന്നോട്ട് തന്നെ  നടന്നു. നിമിഷങ്ങൾക്കകം ഗംഗ നദിയും രാംജൂല തൂക്കുപാലവും ഞങ്ങൾക്ക് മുന്നിൽ ദൃശ്യമായി. ഗംഗാനദിക്ക് അഭിമുഖമായി നിർമിച്ചിരിക്കുന്ന വ്യൂപോയിന്റിൽ കാഴ്ചക്കാരുടെ വൻ തിരക്കായിരുന്നു. കുറച്ചു ഫോട്ടോകൾ എടുത്തശേഷം ഞങ്ങൾ തൂക്കുപാലത്തിലേക്ക് നടന്നു. ഋഷികേശിലെ ശിവാനാന്ദനഗർ ഏരിയയെയും സ്വർഗാശ്രം ഏരിയയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് രാംജൂല തൂക്കുപാലം. ലക്ഷമൺ ജൂലയേക്കാൾ വലിയ പാലമാണിത്. അനിയന്ത്രിമായ തിരക്കും. പാലത്തിന്‍റെ രണ്ടറ്റത്തും നടുവിലുമായി നിലയുറപ്പിച്ചിരിക്കുന്ന പൊലീസുകാർ തിരക്ക് ഒഴിവാക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. തിരക്കിലൂടെ നീങ്ങി നിരങ്ങി ഞങ്ങൾ പാലത്തിന്‍റെ മറ്റേ അറ്റത്ത് എത്തി. വാസ്തവത്തിൽ ഞങ്ങൾക്ക് പോകേണ്ടിയിരുന്ന സ്ഥലങ്ങളെല്ലാം സ്വർഗാശ്രം ഏരിയയിൽ തന്നെയായിരുന്നു. രാംജൂല കാണാനുള്ള ഉദേശത്തിലായിരുന്നു പാലം കയറിയിറങ്ങിയത്. നേരത്തെ നിന്ന വ്യൂപോയിന്റിന്‍റെ എതിർവശത്തെന്ന രീതിയിൽ ഇവിടെയുമുണ്ട് അതു പോലെയൊരു സ്ഥലം. അവിടെ നിന്ന് നോക്കിയാൽ ഗംഗയുടെ ഘട്ടുകൾ അവ്യക്തമായി കാണാം. രാംജൂലയെ പറ്റിയുള്ള ഒരു ശിലാഫലകവും അവിടെ സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ ഒരു വശത്തുള്ള മണ്ഡപത്തിൽ തലപ്പാവ് വച്ച താടി നീട്ടി വളർത്തിയ ഒരു സന്യാസി ചായ കുടിക്കുകയാണ്. അയാളോട് ഒരു ഫോട്ടോയ്ക്കുള്ള അനുവാദം ചോദിച്ച ശേഷം ഞാൻ ക്യാമറയൊരുക്കി. പരിചയസമ്പന്നനായ മോഡലിനെ പോലെ അയാൾ എന്‍റെ മുന്നിലിരുന്നു.

സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. വിശപ്പിന്‍റെ വിളി എല്ലാവര്‍ക്കും കലശലായി തുടങ്ങുകയാണ്. ഞങ്ങൾ തൂക്കുപാലം കടന്ന് നേരത്തെ നോക്കി വച്ച ഹോട്ടലിലേക്ക് നടന്നു. ബ്രേക്ക്ഫാസ്റ്റിനുള്ള നേരം കഴിഞ്ഞിരിക്കുന്നു. ഇനി ബ്രെഞ്ചാവാം. അവിടെ കടയുടെ മുന്നിൽ ഇരുന്നിരുന്ന തീറ്റ റപ്പായി എഴുന്നേറ്റ് പോയിരിക്കുന്നു. അനാഥമായ കസേര അയാളെയും കാത്ത് കിടക്കുകയാണ്. കടയുടെ അകത്തെ കസേരകളിൽ ഇരുന്ന് റപ്പായിയുടെ റോൾ ഞങ്ങൾ ഏറ്റെടുത്തു. റൊട്ടിയും പലതരം നാനുകളും കൊണ്ട് ദാൽ മാക്കാനിയിലൂടെയും മലായ് കോഫ്തയുടെയും സഞ്ചരിച്ച് ചായയിലും കാപ്പിയിലും ലെസ്സിയിലും അവസാനിച്ച ബ്രെഞ്ച് ഞങ്ങളുടെ സമയം അധികമൊന്നും അപഹരിച്ചതേയില്ല.

ഒന്നരകിലോ മീറ്റർ ദൂരമേയുള്ളൂ അവിടെ നിന്ന് പരമാർഥ് നികേതൻ ആശ്രമത്തിലേക്ക്. റോഡിൽ നിന്ന് താഴോട്ടുള്ള വഴി പൊട്ടിപോയ കുറെ സ്റ്റെപ്പുകൾ നിറഞ്ഞതാണ്. അതിന്‍റെ വീതി കുറഞ്ഞ് കുറഞ്ഞ് കുറച്ചു വീടുകളുടെ കുളിമുറികൾക്കിടയിലൂടെ രാംജൂലയിൽ നിന്ന് തുടങ്ങുന്ന ഏതോ റോഡിൽ ചെന്നവസാനിച്ചു. റോഡിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയപ്പോഴേക്കും പരാമർഥ് നികേതന്റെ പടിപ്പുര കാണാൻ തുടങ്ങി. പ്രധാന ഗേറ്റിൽ നിന്നും ആരംഭിക്കുന്ന കരിങ്കല്ലു പതിച്ച മനോഹരമായ വഴിയും അതിനിരുവശങ്ങളിലായി പുൽത്തകിടിയോടു കൂടിയ പൂന്തോട്ടങ്ങളും ഞങ്ങളെ സ്വാഗതം ചെയ്തു. ശ്രാവണ മാസത്തിലെ ആഘോഷങ്ങൾ നടക്കുകയാണ് ആശ്രമത്തിൽ. ആശ്രമത്തിന്‍റെ മധ്യത്തിൽ ഒരു മണ്ഡപത്തിൽ സ്ഥാപിച്ച ശിവന്‍റെ പ്രതിമയോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയാണ് കുറെ ചെറുപ്പക്കാർ. ഡമരു കയ്യിലേന്തി നിൽക്കുന്ന ശിവന്‍റെ പ്രതിമ കണ്ടപ്പോൾ മൊബൈലിൽ സെൽഫിയെടുക്കാൻ ഒരുങ്ങി നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു. പ്രാർത്ഥന ഹാളുകളും താമസിക്കാനുള്ള മുറികളും മാത്രമേ അവിടെയുള്ളൂ. ഞങ്ങൾ ആശ്രമത്തിന്‍റെ പിറകിലെ ഗേറ്റ് വഴി പുറത്തേക്കിറങ്ങി. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ വീണ്ടും നടപ്പ് തുടർന്നു. വഴിയരികിലെ ഒരു മതിൽകെട്ടിനകത്ത് കരിമ്പിന്‍റെ തോട്ടമാണ്. അവിടെ നിന്ന് നേരെ നോക്കിയപ്പോൾ കുറച്ചകലെ ഒരു കുന്നിന്‍റെ മുകളിൽ ഒരു ക്ഷേത്രത്തിന്റെ ഗോപുരം കണ്ടു. അതോടെ അതിനെ ലക്ഷ്യ സ്ഥാനമാക്കി ഉറപ്പിച്ചു. ഭൂതനാഥ ക്ഷേത്രം എന്നാണ് അതിന്‍റെ പേര്. ഇനിയുള്ള വഴി കയറ്റമാണ്. ഞാനും റിനിയും പിന്നിലാണ്. ബാക്കി മൂന്നുപേരും കയറ്റം കയറി തുടങ്ങിയിരിക്കുന്നു. വഴിയിലുള്ള ശിവലിംഗത്തിന്റെ ഫോട്ടോ എടുത്ത് ഞങ്ങൾ നടക്കാനൊരുങ്ങവെ പിറകിൽ നിന്നും ഒരാൾ വിളിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട ആരെങ്കിലുമാവണം, ഫോട്ടോ എടുത്തിട്ടും ഭണ്ഡാരത്തിൽ കാശിടാത്തതായിരുന്നു അയാളുടെ പ്രശ്നം. കയ്യിലുണ്ടായിരുന്ന ചില്ലറ തുട്ടുകൾ അതിലിട്ടു. ഭക്തി ഭ്രാന്താകുന്ന നാട്ടിൽ ദൈവുമായി ബന്ധമുള്ളതെല്ലാം വില്പന ചരക്കാവുന്നത് സ്വാഭാവികമാണ്.

സൂര്യൻ ഉച്ചിയിലാണ്. മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് കേട്ട് വന്നതാണ് ഉത്തരാഖണ്ഡിലേക്ക്. അതിനെപ്പറ്റി പറഞ്ഞു കൊണ്ട് കുന്നു കയറുന്നതിനിടയിലാണ് കുറച്ചു കുട്ടികൾ മുകളിൽ നിന്നും താഴേക്ക് ഓടി വരുന്നത് കണ്ടത്.

നല്ലൊരു ഫ്രെയിം. ഞാനത് ക്ലിക്ക് ചെയ്തു. അപ്പോഴേക്കും കുട്ടികൾ താഴെ ഞങ്ങൾക്കരികിൽ എത്തി കഴിഞ്ഞിരുന്നു. ഫോട്ടോ എടുക്കുകയാണെന്ന് മനസിലാക്കിയവർ വർദ്ധിത വീര്യത്തോടെ വീണ്ടും മുകളിലേക്ക് ഓടികയറി. അവിടെ നിന്ന് വീണ്ടും താഴേക്ക്. അതങ്ങനെ രണ്ടു മൂന്നു തവണ കൂടി ആവർത്തിച്ചു. ഒടുവിൽ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ആ കുട്ടികളും ഞങ്ങളോടൊപ്പം ചേർന്നു.

ഒരുപാട് നിലകൾ ഉള്ള ക്ഷേത്രത്തിന്‍റെ ഏറ്റവും മുകളിലാണ് പ്രധാന ആരാധനാലയം. മുകളിലത്തെ നിലയിൽ നിന്നാൽ ഏതാണ്ട് മുഴുവൻ ഋഷികേശിലേയും കാഴ്ചകൾ കാണാം. കുട്ടികൾ ഫോട്ടോ എടുക്കാനായി എന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കൊപ്പവും ശിവലിംഗങ്ങൾക്കൊപ്പവും ഭയഭക്തിബഹുമാനങ്ങളുടെ ആർഭാടമില്ലാതെ കുട്ടികൾ കളിച്ചു ചിരിച്ചു നിന്നു. ഇവിടെ ജാതിയും മതവും തിരിച്ച് ശുദ്ധിയും അശുദ്ധിയും ഒന്നും അവരിൽ ഇല്ല. ഒരു പക്ഷേ വിശ്വാസികൾ ഉണ്ടെന്ന് വിശ്വസിക്കുന്ന ഭൂതനാഥൻ പോലും ആ കുട്ടിക്കളികളിൽ മതിമറന്ന് നിന്നേനെ.

ഞങ്ങൾ ക്ഷേത്രത്തിന്‍റെ പുറത്തേക്കിറങ്ങി. കുട്ടികളെ നിർബന്ധിച്ച് വീട്ടിലേക്കയച്ചു. ബീറ്റിൽസ് ആശ്രമത്തിലേക്കാണ് ഇനി പോകേണ്ടത്. ഭൂതനാഥന്‍റെ ക്ഷേത്രം വിട്ട് വീണ്ടും മുകളിലേക്ക് കയറി. അവിടെ നിന്ന് ഒരു ചെറിയ ഇടവഴിയിലൂടെ വേറെയൊരു റോഡിലേക്ക്. വളവും തിരിവും ധാരാളമുള്ള റോഡാണ്. ഋഷികേശിലെ ഇതു വരെ കണ്ട വഴികളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ കാൽനടയാത്രക്കാർ തീരെയില്ല. ബൈക്കും മറ്റു വാഹനങ്ങളുമാണ് കൂടുതൽ. ഞങ്ങൾ റോഡിന്‍റെ ഓരം ചേർന്ന് നടന്നു. ചെറിയ വെള്ളചാട്ടത്തിൽ കൈകാലുകൾ നനച്ചു. മൈൽകുറ്റികളിലിരുന്ന് ഫോട്ടം പിടിച്ചു. കഥകൾ പറഞ്ഞ് നടന്നു തീർത്തത് കിലോമീറ്ററുകളാണ്.

കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്നു. ആൾക്കൂട്ടത്തിന്‍റെ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഒരു ജംഗ്ഷൻ എത്തിയിരിക്കുന്നു. കുറെ വാഹനങ്ങൾ ഉണ്ട്. ഭക്തജനക്കൂട്ടമുണ്ട്. പോലീസുമുണ്ട്.
നീലാകാന്ദ് ക്ഷേത്രത്തിലേക്കുള്ള വഴിയാണത്. കാനുകളിൽ നിറച്ച ഗംഗജലവുമായി ക്ഷേത്രത്തിലേക്ക് പോകുകയാണ് ഭക്തർ. ഞങ്ങൾ പോലീസുകാരനോട് ബീറ്റിൽസ് ആശ്രമത്തിലേക്കുള്ള വഴി ചോദിച്ചു. കൃത്യമായി ഒരു മറുപടി അയാൾ പറഞ്ഞില്ല. പകരം ആളുകൾ ഇറങ്ങിപോകുന്ന ദിശയിലേക്ക് ചൂണ്ടി അയാൾ സംശയം പ്രകടിപ്പിച്ചു. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ ഒരു ഇടവഴിയായിരുന്നു അത്. നല്ല തിരക്കുള്ള വഴി. റിനിക്ക് വേണ്ടി ലോക്കറ്റിനുള്ളിൽ പേരെഴുതുന്ന ഒരു ആഭരണ കച്ചവടക്കാരന്‍റെ മുന്നിൽ ഞങ്ങൾ കാത്തുനിന്നു. ശാന്തി അതായിരുന്നു അവൾക്ക് ലോക്കറ്റിൽ എഴുതേണ്ടിയിരുന്നത്. ഋഷികേശിൽ ഏറെ പ്രാധാന്യമുള്ള വാക്കാണത്. ഇവിടേക്ക് സഞ്ചാരികളെത്തുന്നത് ശാന്തി തേടിയാണെന്നാണ് ഹോസ്റ്റൽബോയ് അഭിഷേക് പറയുന്നത്. ഹോസ്റ്റലിലെ വൈഫൈ പാസ്സ്‌വേർഡ് പോലും ശാന്തിശാന്തിയെന്നാണ്.

തിരക്കുള്ളവർ ഞങ്ങളെ കടന്നു പോകുന്നുണ്ട്. ചിലർ കിടന്ന് കിടന്നാണ് പോകുന്നത്. ഭക്തിയുടെ ഉന്മത്തമായ കാഴ്ചകൾ. ഇവിടെയും വഴി വാണിഭക്കാർ ഏറെയുണ്ട്. നടന്ന് നടന്ന് ഞങ്ങൾ വീണ്ടും താറിട്ട റോഡിലേക്കത്തി. ഗൂഗിൾ മാപ്പിൽ ഇപ്പോൾ ബീറ്റിൽസിലേക്ക് കൃത്യമായ വഴി ഇല്ല. കാടിന്റെ പച്ചപ്പിൽ എവിടെയോ ഒരു പൊട്ടുപോലെ കാണിക്കുന്നു. അവിടെ നീളുന്ന വഴികൾ ഗൂഗിളിന് പോലും അന്യം. ഞങ്ങൾ നിശ്ചലരായി. നേരെ നീണ്ടു കിടക്കുന്ന വഴി ചെന്നെത്തുന്നത് പരമാർഥനികേതന്റെ മുന്നിലാണ്.

തൊട്ടടുത്തുള്ള ഒന്നു രണ്ടു പെട്ടികടകളിൽ അന്വേഷിച്ചു. റോഡിന്‍റെ ഒരു വശത്തേക്കുള്ള കാട്ടിലേക്ക് പോകുന്ന ഒരു ചെറിയ വഴി അതിലൊരാൾ ചൂണ്ടി കാട്ടി. ഞങ്ങൾ അതിന്റെ നേർക്ക് നടക്കവേ ആ കാട്ടു വഴിയിലൂടെ ഒരു സ്ത്രീ നടന്നു വരുന്നത് കണ്ടു.
” മൂത്രമൊഴിക്കാൻ പോയതാണെന്ന് തോന്നുന്നു. ” സുരമ്യ അടക്കം പറഞ്ഞു.
ചുറ്റിലും കാടാണ്. ഞങ്ങൾ അങ്ങോട്ട് തന്നെ നടന്നു. കുറച്ചു ദൂരം ചെന്നപ്പോൾ പാതി തുറന്നു കിടക്കുന്ന ഒരു തുരുമ്പിച്ച ഇരുമ്പ് ഗേറ്റ് കണ്ടു. വിശാലമായ ഒരു പറമ്പാണ് അകത്ത്. കുറെ പഴയ കെട്ടിടങ്ങളും. അകത്ത് കയറണമോ വേണ്ടയോ എന്നതിനെ ചൊല്ലി ഞങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി. ഒടുവിൽ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത് ഞങ്ങൾ അകത്തേക്ക് കയറി. മുകുളാണ് മുന്നിൽ നടക്കുന്നത്. ഞങ്ങളുടെ എതിർദിശയിൽ നിന്നും രണ്ടു പേർ നടന്നു വരുന്നുണ്ടായിരുന്നു. ഒരാൾ ഒരു വിദേശിയാണ്. കൂടെയുള്ളത് ഗൈഡായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. അവരുമായി സംസാരിച്ചപ്പോൾ മനസിലായി ഞങ്ങൾ എത്തിയിരിക്കുന്നത് ബീറ്റിൽസിൽ തന്നെയാണെന്ന്.

നശിച്ചു പോയ കെട്ടിടങ്ങളാണ് ചുറ്റിലും. ചുവരുകളിൽ കുറെ ചിത്രങ്ങൾ വരച്ചിട്ടിട്ടുണ്ട്.
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിലേക്ക് കയറാനൊരുങ്ങവെയാണ് രമ്യ പറഞ്ഞത് അവളുടെ റെയ്ബാൻ ഗ്ലാസ് നേരത്തെ തർക്കിക്കുന്നതിടെ ആ കാട്ടുവഴിയിൽ വച്ച് മറന്നിരിക്കുന്നുവെന്ന്. ഞങ്ങൾ രണ്ടുപേരും അതെടുക്കാനായി തിരിച്ചു നടന്നു. അധികമാരും വരാത്ത വഴികളായതിനാൽ അതവിടെ തന്നെ ഉണ്ടാകും എന്ന ഞങ്ങളുടെ പ്രതീക്ഷ തെറ്റിയില്ല. റെയ്ബാൻ രമ്യക്ക് തിരിച്ചു കിട്ടി. ഞങ്ങൾ വീണ്ടും തുറന്നു കിടക്കുന്ന ഗേറ്റിലൂടെ അകത്തേക്ക് കയറി. ബാക്കി മൂന്നു പേർ ഏതോ കെട്ടിടത്തിലേക്ക് കയറിയിരിക്കുന്നു. രമ്യ അവിടെ പുൽത്തകിടിയിൽ അവർക്കായി കാത്തിരിക്കവേ ഞാൻ മറ്റു കെട്ടിടങ്ങളിൽ കയറി തുടങ്ങി.

കഴിഞ്ഞു പോയ കാലം ഒരു കെട്ടിങ്ങൾക്കുമേൽപ്പിച്ച പരിക്കും ആഘാതവുമാണ് ബീറ്റിൽസ് ആശ്രമം കാഴ്ചയ്ക്ക് നിരത്തുന്നത്. പിന്നെ ബീറ്റിൽസ് കത്തിഡ്രൽ ഗാലറിയുടെ ഉഗ്രൻ ചുവർ ചിത്രങ്ങളുമുണ്ട്. ഞാൻ വീണ്ടും മുന്നോട്ട് നടന്നു.

പുറത്തെ ഒരു ബോർഡിൽ ബീറ്റിൽസിന്‍റെ ചരിത്രം എഴുതി വച്ചിട്ടുണ്ടായിരുന്നു. ലോകത്തെ ഏറ്റവും സ്വാധീനിച്ച ബീറ്റിൽസ് ബാൻഡ് 1968 ൽ ഇന്ത്യയിലെത്തുകയും മഹർഷി മഹേഷ് യോഗിയെ ഗുരുവായി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് മഹർഷിയുടെ ആശ്രമത്തിലെ കുടിലുകളിൽ രണ്ടുമാസം യോഗ അഭ്യസിച്ചതായും പറയുന്നു. ശേഷം അവർ തിരിച്ചുപോയി. മഹർഷിക്ക് ആശ്രമഭൂമി സർക്കാർ പാട്ടത്തിനു നൽകിയ കാലാവധി അവസാനിച്ച ശേഷം കുറെ കാലമായി പൂട്ടിക്കിടന്നിരുന്ന ആശ്രമം 2015ലാണ് ഉത്തരാഖണ്ഡ് സർക്കാർ മ്യുസിയം പോലെയാക്കി തീർക്കുന്നത്.

സമയം അഞ്ചുമണി. ഇനി ത്രിവേണിഘട്ടിലെ ആരതി കൂടി കാണാനുണ്ട്. എല്ലാവരെയും ഫോണിൽ വിളിച്ചു. ആശ്രമത്തിന്‍റെ പുറത്തേക്കുള്ള വാതിലിൽ ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ട്. സത്യത്തിൽ എവിടെയാണ് ശരിക്കുള്ള പ്രവേശനകവാടം. ഒരാൾക്ക് 150 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. അഞ്ചുപേർക്കുള്ള ടിക്കറ്റ് എടുത്ത് ഞങ്ങൾ പുറത്തേക്കിറങ്ങി.

അവിടെ നിന്നും നേരെ പോയാൽ ഗംഗയുടെ കരയിലൂടെ രാംജൂലയിലെത്താം ശിവനാന്ദനഗറിൽ ചെന്നിട്ട് വേണം ത്രിവേണി ഘട്ടിലേക്കുള്ള ഓട്ടോ പിടിക്കാൻ. ഞങ്ങൾ തിരക്കിട്ട് നടന്നു. അവിടെ ഗംഗയുടെ കരയിൽ ഒരു കൂട്ടം പശുക്കൾ മേയുന്നുണ്ട്. ഗോമാതയും ഗംഗമാതയും ഒരൊറ്റ ഫ്രെമിൽ.

ഗീതഭവനു സമീപമുള്ള ഘട്ടുകളിൽ ഗംഗയിലേക്ക് ഇറങ്ങാനുള്ള സൗകര്യമുണ്ട്. സ്റ്റെപ്പുകളിൽ കൈവരികളും ചങ്ങലയുമുണ്ട്. ഘട്ടിന്‍റെ ഒരു വശത്തായി ബോട്ടുമായി ലൈഫ് ഗാർഡ്സ് കാത്തിരിപ്പുണ്ട്. ഞങ്ങൾ രണ്ട് സ്റ്റെപ് താഴോട്ടിറങ്ങി കൈകാലുകൾ ഗംഗയിൽ സ്പർശിച്ചു. നല്ല തണുപ്പ്. ഹിമാലയത്തിലെ മഞ്ഞുരുകി ഉണ്ടായ വെള്ളത്തിന് തണുപ്പ് ഉണ്ടാവാതിരിക്കില്ലല്ലോ.

ഗീതഭവൻ മുതൽ രാംജൂല വരെയുള്ള വഴികളിൽ നല്ല തിരക്കാണ്. തൂക്കുപാലം കടന്ന് ഞങ്ങൾ വേഗത്തിൽ മുന്നോട്ട് നടന്നു. അവിടെ ഒരു ഓവർബ്രിഡ്ജിന്‍റെ താഴെയുള്ള സ്ഥലം മുഴുവൻ തുറന്ന ഭക്ഷണശാലയാക്കി മാറ്റിയിരിക്കുകയാണ്. ആളുകൾ യഥേഷ്ടം അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. വഴിയരികിൽ വെള്ളം വാങ്ങാനായി കയറിയ കടയിലെ മനുഷ്യൻ വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ ജോലി ചെയ്യ്തിട്ടുണ്ടത്രെ. ആ ഓർമ്മകൾ അയാൾ എന്നോട് പങ്കുവെച്ചു. ഇനി രണ്ടു കിലോമീറ്റർ മാത്രമേയുള്ളു ത്രിവേണിഘട്ടിലേക്ക്. എല്ലാവരുടെയും നടക്കാനുള്ള ബുദ്ധിമുട്ടും സമയപരിമിതിയും കണക്കിലെടുത്ത് ഞങ്ങൾ ഓട്ടോയിൽ പോകാൻ തീരുമാനിച്ചു. റോഡിലെ തിരക്ക് കാരണം ഓട്ടോറിക്ഷയും ഇഴഞ്ഞു തന്നെയാണ് നീങ്ങുന്നത്. എങ്കിലും അധികം വൈകും മുൻപേ അയാൾ ഞങ്ങളെ ത്രിവേണി ഘട്ടിലെത്തിച്ചു. റോഡ് മുറിച്ച് കടന്നാൽ ആരതി നടക്കുന്ന സ്ഥലമായി.

യമുന സരസ്വതി നദികൾ ഗംഗയുമായി ചേരുന്ന സംഗമസ്ഥാനമാണ് ത്രിവേണി ഘട്ട് എന്നാണ് പറയപ്പെടുന്നത്. ഞങ്ങൾ അവിടെയെത്തുമ്പോഴേക്കും ആരതിയുടെ ഒരുക്കങ്ങൾ ആരംഭിക്കുന്നേ ഉണ്ടായിരുന്നുള്ളു. പ്രത്യേക വസ്ത്രം ധരിച്ച പൂരോഹിതർ ദീപവുമായി തയാറാണ്. ലൈവ് ഭജനയുമായി ഒരു സംഗീതവിഭാഗം സ്റ്റേജിൽ ഇരിക്കുന്നുണ്ടായിരുന്നു.

ആരതി നടത്തുന്ന ആളുകളുടെ പേരു വിവരങ്ങൾ വിളിച്ചു പറഞ്ഞ് കുറച്ചു സമയത്തിന് ശേഷം ആരതി ആരംഭിച്ചു. മനോഹരമായ സംഗീതം. സന്ധ്യനേരത്തിന്‍റെ ഭംഗി ആകാശത്തിലും നദിയിലും. നിറഞ്ഞു കത്തുന്ന വിളക്കുമായി പാട്ടിനൊത്തുള്ള പുരോഹിതരുടെ അംഗവിക്ഷേപങ്ങൾ കാണാൻ രസമുള്ള കാഴ്ചതന്നെയാണ്. ഏതാണ്ട് പതിനഞ്ചിരുപത് മിനിറ്റുകൾ കൊണ്ട് ആരതി അവസാനിച്ചു. അതിനിടെ കാഴ്ചക്കാർക്ക് വേണ്ടി തളികയിൽ പൂക്കളുമായി കുറച്ചു പേർ വന്നു. എനിക്കും കിട്ടി ഒരു പിടി ഇതളുകൾ.
മണമുള്ളതാണോയെന്നറിയാൻ ഞാനത് പതുക്കെ മൂക്കിനോട് ചേർത്ത് പിടിച്ചു.
” അരുത്, ആരതിക്ക് ശേഷം ഗംഗമാതാവിന് നമ്മൾ പുഷ്പവൃഷ്ടി നടത്തണം അതിനുള്ള പൂക്കളാണത്. ” എന്‍റെ ഒരു വശത്ത് നിന്നിരുന്ന പ്രൗഢയായ സ്ത്രീ വിശദീകരിച്ചു.

ആരതി അവസാനിച്ചു. അവർ പറഞ്ഞതുപോലെ എല്ലാവരും പൂക്കൾ ഗംഗയിലേക്ക് എറിഞ്ഞു. അവരുടെ അലെങ്കിൽ ഭക്തരുടെ കോണിൽ നിന്ന് പറയുമ്പോൾ എറിഞ്ഞു എന്ന വാക്കു പോലും തെറ്റാണ്. സമർപ്പിച്ചു എന്നോക്കെ പറയേണ്ടി വരും. സ്റ്റേജിൽ നടക്കുന്ന ഭജന അവസാനിക്കുന്നില്ല. അയാൾ ഗംഗാരാധനയ്ക്കുള്ള പാട്ടുകൾ നിർത്തി പുതിയ ഭജനകൾ തുടങ്ങുകയാണ്.

പതുക്കെ അതിലേക്ക് ഇഴുകി ചേരുകയാണ് ഇരുട്ടിനെ പുൽകാൻ തുടങ്ങിയ തീരവും അവിടത്തെ കാഴ്ചക്കാരും. വിദേശികളും സ്വദേശികളും അടക്കം എല്ലാവരും പതുക്കെ ചലിച്ചു തുടങ്ങുകയാണ്. മകുടിയുടെ ശബ്ദത്തിനനുസരിച്ച് തലയാട്ടുന്ന സർപ്പത്തെ പോലെ ആ പാട്ടുകാരന്‍റെ സ്വരത്തിനൊപ്പം ആടുകയാണ് ഭാഷഭൂഷാദികളുടെയും പ്രായവ്യത്യാസങ്ങളുടെയും അതിരവരമ്പുകളില്ലാതെ ഒരാൾകൂട്ടം.

ഭജന അവസാനിച്ചപ്പോഴേക്കും ഇരുട്ട് കനത്തിരുന്നു. എവിടെനിന്നോ ഒരു ചെറിയ കുട്ടിയേയും കൂട്ടി വന്നിരിക്കുകയാണ് രമ്യ. കാശ് ചോദിച്ച് പിന്നാലെ കൂടിയതാണ്. കാശില്ല വേണമെങ്കിൽ ഭക്ഷണം വാങ്ങി തരാമെന്ന് അവളും. അവളുടെ വാശിയും അവന്‍റെ ആവശ്യവും ഒന്നാണെന്ന തിരിച്ചറിവിലാവണം അവൻ എന്‍റെ കൂടെ കടയിലേക്ക് വരാൻ തയാറായി. നടക്കുന്നതിനിടെ അവൻ പിന്നെയും കാശിനായി എന്നെ നിർബന്ധിച്ചു. വിശക്കുന്നുണ്ടെങ്കിൽ ഭക്ഷണം; അല്ലാതെ പൈസയില്ല. എന്ന എന്‍റെ വാക്കിൽ അവൻ കയറിപിടിച്ചു.

” മേരേ ഭായി ഭി ഭൂഗ് ലഗ്ത്തി ഹേ..”
” കഹാം ഹേ തുമാരാ ഭായ് ” ഞാൻ ചോദിച്ചു.

അവൻ എന്നെ വിട്ട് ഒഴുകി കൊണ്ടിരിക്കുന്ന ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു. വളരെ ചെറിയ സമയം കൊണ്ട് തന്നെ അവൻ ഭായിയും കൂട്ടി എന്റെയടുത്ത് തിരിച്ചെത്തി. ത്രിവേണി ഘട്ടിലെ ഗ്രൗണ്ടിന് പുറത്തുള്ള റോഡിൽ നിറയെ കടകളാണ്. അതിലെ ഒരു കടയുടെ നേർക്ക് അവൻ കൈ ചൂണ്ടി. മുകുളിന്‍റെ വിളിയിൽ എന്റെ ഫോൺ വിറയ്ക്കുന്നത് ഞാനറിയുന്നുണ്ട്. കുട്ടികളെയും കൂട്ടി കടയിൽ കയറി. അവിടെ ഒരു സ്ത്രീ മാത്രമേയുള്ളു. കുട്ടികൾക്ക് വേണ്ടത് അവർ തന്നെ പറഞ്ഞു. മോമോസും കുർകുറെയും. കുടിക്കാൻ കുറച്ച് വെള്ളം കൂടി കൊടുക്കാൻ ഞാൻ പറഞ്ഞു. കടയിലെ ചേച്ചിക്ക് അറുപത് രൂപയും കൊടുത്ത് ഞാൻ രമ്യ നിൽക്കുന്ന സ്ഥലത്തേക്ക് നടന്നു. നിർവചനങ്ങൾക്കതീതമായ എന്തൊക്കെയോ, പാപം, പുണ്യം, ശാന്തി അതിന്‍റെ കുരുക്കഴിക്കാൻ കുറെപേർ ഒരു മതിൽകെട്ടിനപ്പുറം എന്തൊക്കെയോ ചെയ്യുന്നു. വ്യക്തമായി നിർവചിക്കാൻ കഴിയുന്ന വിശപ്പിന്‍റെ പരിഹാരം തേടി അതേ മതിൽകെട്ടിനിപ്പുറം അലഞ്ഞു നടക്കുന്ന വേറെ ചിലർ. ഗംഗയെ പോലെ എന്‍റെ ചിന്തകളും വഴിവിട്ട് ഒഴുകുന്നു.

റോഡിന് പുറത്ത് ഒരു ഐസ്ക്രീം ഓട്ടോയുടെ മുന്നിൽ കാത്തുനിൽക്കുകയാണ് മുകുളും സുരമ്യയും റിനിയും. സമയം വൈകിയിരിക്കുന്നു. ഇവിടെ നിന്നും ഏഴു കിലോമീറ്റർ ദൂരമുണ്ട് ലക്ഷമൺ ജൂലയിലേക്ക്. ഓട്ടോയിൽ തന്നെ തിരിച്ചു പോകാമെന്ന് തീരുമാനിച്ച് ഞങ്ങൾ നേരത്തെ റിക്ഷയിറങ്ങിയ അവിടേക്ക് നടന്നു.

ഓട്ടോറിക്ഷകൾ സുലഭമാണ് റിക്ഷാകൂലി ചോദിച്ചുറപ്പിച്ച് കയറണമെന്ന് മാത്രം. ഷെയർ റിക്ഷയാണ്. 100 രൂപയ്ക്ക് ഉറപ്പിച്ച് ഞങ്ങൾ യാത്ര തുടങ്ങി. ഋഷികേശിന്‍റെ രാത്രിഭംഗി ഇന്നലെ കണ്ടതാണ്. തെരുവുകളുടെ പേരുകൾ മാറുന്നുവെന്നതല്ലാതെ വേറെ മാറ്റങ്ങളൊന്നുമില്ല. ബം ബം ബോലേ മുഴക്കുന്ന ഓറഞ്ച് വസ്ത്രധാരികളുടെ കൂട്ടമാണ് എല്ലായിടത്തും റോഡുകൾ ഭരിക്കുന്നത്. വഴിയിൽ എവിടെ നിന്നോ ഒരു കുടുംബത്തെ കൂടി ഡ്രൈവർ ഓട്ടോയിൽ കയറ്റി. ചിലയിടങ്ങളിൽ റോഡിന്‍റെ വശങ്ങളിലുള്ള ചെടികൾക്കിടയിലൂടെ നിയോൺ വെളിച്ചം തട്ടിയ ഓളങ്ങളുടെ തിളക്കം കാണാം.
ഗംഗ തന്നെ അല്ലാതെ മറ്റെന്താവാൻ…

ലക്ഷമൺ ജൂലയിൽ നിന്ന് വഴി ഇന്നലത്തേത് തന്നെ. സ്റ്റെപ്പുകൾ ഉള്ള അതേ വഴി. കുറെ കയറ്റിറക്കങ്ങൾക്ക് ശേഷം ഞങ്ങൾ പ്രധാന റോഡിൽ തിരിച്ചെത്തി. വഴിയിൽ ഇന്നലെ രാത്രി ഭക്ഷണം കഴിച്ച കടയിലെ മനുഷ്യൻ പരിചിതഭാവത്തിൽ ചിരിച്ചു. ചിലപ്പോൾ അതായാളുടെ കച്ചവടത്തിന്‍റെ മുഖംമൂടിയാവാം. വീണ്ടും അവിടെ തന്നെ കയറി. ഈ രാത്രി കൂടിയേ ഉള്ളു ഋഷികേശിൽ. അവസാനത്തെ അത്താഴം. ദാലും പനീറും നാനും ലെസ്സിയും ഞങ്ങളെ നോക്കി ചിരിച്ചു. ആ നേരത്ത് പരിചയപ്പെടാൻ കാത്തു നിൽക്കുകയായിരുന്നു പുലാവും താലി മീൽസും.

ലക്ഷമൺ ജൂല കടന്ന് ഞങ്ങൾ ഹോസ്റ്റലിൽ എത്തി. നാളെ രാവിലെ മടക്കമാണ്. അതിരാവിലെ രുദ്രപ്രയാഗിലേക്കുള്ള ബസ് പിടിക്കാൻ ഋഷികേശ് ബസ് സ്റ്റാൻഡിലെത്തണം.
അഭിഷേകാണ് പറഞ്ഞത് – നാളെ രാവിലെ ലക്ഷമൺ ജൂല തുറക്കില്ല. രാം ജൂല വഴി കറങ്ങി പോകേണ്ടി വരും. ശിവാനന്ദ നഗറിൽ ചെന്നാൽ ഷെയർ ഓട്ടോ കിട്ടും. കെട്ടും ഭാണ്ഡവുമായി നടക്കണം ഒരു മൂന്ന് കിലോമീറ്റർ.

ഒരു ദിവസത്തിന്‍റെ ക്ഷീണമുണ്ട്. ഋഷികേശ് തന്ന കാഴ്ചകളുടെ ആനന്ദവും. കുളി കഴിഞ്ഞ് ടെറസിലെ ഹാങ്ങ്ഔട്ട് ഏരിയയിൽ പോയി. ഏതോ പുസ്തകം വായിക്കുകയാണ് രണ്ട് വിദേശികൾ. താഴെ ആളുകൾ തിരക്കിട്ട് പോകുന്ന തെരുവും അകലെയുള്ള കെട്ടിടങ്ങളുടെ വെളിച്ചവും ഗംഗയിലെ വെളിച്ചം പ്രതിഫലിപ്പിക്കുന്ന ഓളങ്ങളും വ്യക്തമായി കാണാം. ഒരു ഫോട്ടോ ശ്രമത്തിനായി ഞാൻ ക്യാമറയൊരുക്കി.
എന്‍റെ കൂടെയുള്ള നാല് പേരും ഡോർമേട്രിയിലേക്ക് പോയികഴിഞ്ഞിരിക്കുന്നു. നക്ഷത്രങ്ങളില്ലാത്ത ആകാശം നോക്കി ഞാൻ കുറച്ചു നേരം കൂടി അങ്ങനെ നിന്നു. ഫോട്ടോകൾ ദയനീയ പരാജയമായിരുന്നു.

തൽക്കാലം നമുക്ക് കണ്ണുകൾ കൊണ്ട് ഫോട്ടോയെടുക്കാം മനസ്സിൽ ഓർമ്മകളുടെ ഫോൾഡറിൽ സൂക്ഷിച്ചു വെക്കാം. ഒന്നോ രണ്ടോ ദിവസം കൊണ്ട് പൂർണമാക്കാൻ സാധിക്കുന്നതല്ല ഋഷികേശ്. പൂർണ്ണമാക്കാൻ ബാക്കിവെച്ചതിനെ തേടി യാത്രകൾ ഇനിയും ഉണ്ടായേക്കാം. നല്ല സ്വപ്നങ്ങൾ കണ്ടുറങ്ങാനും കഥകൾ പറഞ്ഞു നേരം വെളുപ്പിക്കാനും രാത്രി ഏറെ ബാക്കിയാണ്. അകത്തെ സോഫയിൽ ആരുമില്ല. ആ രണ്ടു വിദേശികളും പോയിരിക്കുന്നു. കഥകള്‍ പറയാനും കേള്‍ക്കാനും ഇരുട്ടിലേക്ക് മുഖം പൂഴ്ത്തിയ ഗംഗതീരമല്ലാതെ ആരും ബാക്കിയില്ല. അതുകൊണ്ട് ഇനിയിപ്പോൾ നല്ല സ്വപ്നങ്ങൾ കണ്ടുറങ്ങാം. ഞാൻ താഴോട്ടിറങ്ങി. മനസ്സിൽ ആരതിക്ക് മുൻപേ കേട്ട ആ പാട്ടുണ്ട്.

” മന് മേരാ മന്ദിര് ശിവ് മേരി പൂജാ
ശിവ് സേ ബഡാ കോയി നഹി ധൂജ….”

അടുത്ത ഭാഗം വായിക്കാം

  1. Nice bro…..

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>