Category Archives: സിനിമഭ്രാന്ത് - Page 2

ലാൽ ഫാക്ടർ ആഘോഷിക്കപ്പെടുമ്പോൾ

റിലീസ് ദിവസം ആദ്യം ഷോ തന്നെ കണ്ട് പുറത്തിറങ്ങിയ ഉടനെ മനസിൽ തോന്നുന്ന അഭിപ്രായമാണ് ഒരു സിനിമയെ സംബന്ധിച്ച് ഏറ്റവും സത്യസന്ധമായ റിവ്യൂ. കാരണം അതിൽ സിനിമയും പ്രേക്ഷകനും അല്ലാതെ യാതൊരു വിധ ബാഹ്യ ഇടപെടലുകളും ഇല്ല. അതുകൊണ്ട് തന്നെ സിനിമ നമുക്ക്‌ തൃപ്തി തന്നോ ഇല്ലയോ എന്ന് ആ നിമിഷം അറിയാം. പറഞ്ഞുവന്നത് ലൂസിഫറിനെ കുറിച്ചാണ്. ആദ്യപകുതിയിൽ നല്ല ബിൽഡപ്പ് കൊടുത്ത് മുന്നോട്ട് പോയ കഥ സെക്കന്റ് ഹാഫിൽ വില്ലന്മാരെ ഇത്രേം വേഗം കൊന്നുതള്ളി വീട്ടിൽ പോകാം എന്ന ലൈനിലേക്ക് മാറി. പിന്നെ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിനെ അവസാനം നെടുകെ മറിച്ചിട്ടതും ഒരു ക്ലിഷെ ആയി തോന്നി. മൊത്തത്തിൽ ഒരു ആവറേജ് ഫീൽ. ഒരുമിച്ച് പടം കണ്ട ഞങ്ങൾ 7 പേർക്കും ഇതേ അഭിപ്രായം. എന്നാൽ ഉച്ചയോടെ കഥ മാറി.എങ്ങും പോസിറ്റീവ് റിവ്യൂസ് മാത്രം.

സിനിമയെ റിവൈൻഡ് ചെയ്‌തു തുടങ്ങുന്നത് അങ്ങനെയാണ്. ശരിക്കും ലുസിഫർ ആവറേജാണെന്ന് പറയുന്നവർക്ക് തെറ്റിപോയത് സിനിമയെ പറ്റിയുള്ള അഭിപ്രായം അല്ല. മറിച്ച് മോഹൻലാൽ എന്ന സൂപ്പർ താരത്തിന് ശരാശരി മലയാളീ മനസിലുള്ള വേരുകളെ കുറിച്ചാണ്. ആ വേരുകളെ കുറിച്ചുള്ള ബോധ്യത്തിലാണ് പൃഥ്വിരാജെന്ന സംവിധായകനും ലുസിഫറെന്ന സിനിമയും ആദ്യം വിജയിക്കുന്നത്. നാലു പതിറ്റാണ്ടായി മലയാളിയുടെ സിനിമ ശീലങ്ങളിൽ അറിഞ്ഞോ അറിയാതെയോ മോഹൻലാലുണ്ട്. തലമുറകൾക്ക് അനുസരിച്ച് നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് വിൻസന്റ് ഗോമസിനെയും, സാഗർ ഏലിയാസ് ജാക്കിയെയും, മംഗലശ്ശേരി നീലകണ്ഠനേയും ആടുതോമയെയും, പൂവള്ളി ഇന്ദുചൂഡനെയും, പുലിയൂർ മുരുകനെയും ഇന്നും കണ്ടു കൊണ്ടേയിരിക്കുന്നുണ്ട് ഓരോ മലയാളിയും. വീടിന്റെ നടുമുറിയുടെ വിശാലതയിൽ പ്രീമിയർ ഷോകളായി വരുന്ന പഴയ ലാൽ സിനിമകൾ കണ്ട് ഇതുപോലെയൊരു സിനിമയൊന്നും ഇനിയില്ലല്ലോ എന്നോർത്ത് പോയകാലത്തിനോട് പരിഭവിക്കാറുമുണ്ടാകും അവരിൽ പലരും.

Read more »

കുമ്പളങ്ങിയിലെ റിയലിസ്റ്റിക് രാത്രികൾ

ആഷിക് അബു സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ സംവിധായകൻ മധു നാരായണന്റെ, ശ്യാം പുഷ്കരൻ തിരക്കഥയിലൊരുങ്ങിയ കുമ്പളങ്ങി നൈറ്സ് കണ്ട് പുറത്തിറങ്ങിയപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഈ കഴിഞ്ഞ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കണ്ട ജാപ്പനീസ് സിനിമയായ ഷോപ്പ്ലിഫ്റ്റർസാണ്. കുടുംബം എന്ന ആശയത്തെ കുറിച്ചുള്ള പൊതുചിന്തയെ നിരാകരിച്ച് എവിടെ നിന്നൊക്കെയോ എത്തിച്ചേർന്ന മനുഷ്യർ ഒന്നായി ഒരു കുടുംബമായി പാർക്കുന്നുണ്ട് ഹിറോകൂസവിന്റെ ഷോപ്പ്ലിഫ്റ്റർസിൽ. ആ ഒരു ആശയത്തിന്റെ കുറച്ചുകൂടി വിശാലമായതും സൂക്ഷമമായതുമായ കാഴ്ചയാണ് കുമ്പളങ്ങിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. മതവും ജാതിയും കുലമഹിമയും സ്റ്റാറ്റസും ശരീരത്തിന്റെ നിറവും ഉയരവും വണ്ണവും വരെ നോക്കി നിർമ്മിച്ചെടുക്കേണ്ട ഒന്നാണ് കുടുംബമെന്ന പൊതുചിന്തയെ പാടെ നിരാകരിച്ചാണ് സിനിമ സജിയുടെയും അനിയൻമാരുടെയും കഥ വിവരിക്കുന്നത്.

പതുക്കെ ഒഴുകുന്ന കായലോളങ്ങൾ പോലെ സ്ക്രീനിൽ നിന്ന് മനസിലേക്ക് ഒഴുകുന്ന ഒരു സിനിമ. ഒരുപാട് ലെയറുകൾ ഉള്ള സിനിമ. എന്റർടെയിൻമെന്റ് എന്നതിനപ്പുറം ഒരുപാട് പൊതു ചിന്താഗതികളെ പൊളിക്കാൻ ശ്രമിക്കുന്ന സിനിമ. അങ്ങനെ റിയലിസ്റ്റിക് പരിചരണത്തിൽ വന്ന നവനിര മലയാള സിനിമകളെ പറ്റി പറയുന്ന പതിവ് വിശേഷണങ്ങളെല്ലാം തന്നെ കുമ്പളങ്ങി നൈറ്റ്സിനും ചേരുന്നുണ്ട്. സ്വാഭാവികമായ കഥപരിസരം, അതിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ, രസകരമായ സംഭാഷണങ്ങൾ, നല്ല ദൃശ്യഭാഷ, സംഗീതം. അതിൽ പ്രണയമുണ്ട്, ചെറിയ ചെറിയ തമാശകളുണ്ട്. ആസ്വാദനം അവിടെ വച്ച് നിർത്തേണ്ടവർക്ക് നിറങ്ങളിലും സംഗീതത്തിലും അഭിനയ പ്രകടനങ്ങളിലും പൂർണ്ണ തൃപ്തിയടഞ്ഞു തീയറ്റർ വിടാം. പക്ഷെ പല ലയറുകൾ ഉള്ള സിനിമ തീർച്ചയായും സൂക്ഷമവായന ആവശ്യപ്പെടുന്നുണ്ട്.

Read more »

തുറിച്ചു നോട്ടങ്ങളെ പറ്റി വരത്തന്‍ പറയുന്നത്

യാത്രകൾക്കിടയിൽ അപരിചിതമായ ദേശങ്ങളിൽ വച്ച് ഒരുപാട് നേരിട്ടിട്ടുള്ളതാണ് ഏതാണ് ഈ വരത്തൻ എന്ന മട്ടിലുള്ള അന്നാട്ടുകാരുടെ തുറിച്ചു നോട്ടങ്ങളെ. സ്വന്തം നാട്ടിൽ വച്ചു പോലും ഒരു സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചു കൊണ്ടിരിക്കേ ആളറിയാതെ എന്റെ ജനലിലും വന്ന് മുട്ടിയിട്ടുണ്ട് കപട സദാചാരത്തിന്റെ കൈകൾ. വരത്തനല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ നമ്മൾ ആളെ അറിയാൻ നോക്കിയതാണെന്ന് പറഞ്ഞ് ചിരിച്ചു മാറിയിട്ടുണ്ട് അവർ. പരിചയത്തിലുള്ള അടുത്ത പെൺസുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞിട്ടുണ്ട് നമ്മൾ ആണുങ്ങൾക്ക് തിരിച്ചറിയാൻ പറ്റാത്ത തരം തുറിച്ചു നോട്ടങ്ങളെ. വായ്നോട്ടമെന്ന് പറഞ്ഞ് നിസ്സാരമാക്കുന്ന നോട്ടങ്ങൾ മുതൽ കണ്ണുകൊണ്ടുള്ള അറുവഷളൻ ബോഡി സ്കാനിംഗുകളെ വരെ അതിജീവിച്ചാണ് ഇവിടെ പെൺകുട്ടിയും ഓരോ ദിവസവും പൂർത്തിയാക്കുന്നത്.
അവരിപ്പൊ നോക്കിന്ന് വച്ച് എന്താ എന്നൊക്കെ പറയുന്നവർക്ക് ആ ചൂഴ്ന്നു നോട്ടങ്ങളെ പറ്റിയും അതുണ്ടാക്കുന്ന അലോസരപ്പാടിനെപറ്റിയും അറിയാത്തത് കൊണ്ടാണ്. ഈ പറഞ്ഞ അലോസരപ്പാടിനെ സ്വന്തം വീട്ടിൽ പോലും രക്ഷയില്ലാത്ത അരക്ഷിതാവസ്ഥയായി അവതരിപ്പിക്കാൻ സാധിച്ചിടത്താണ് അമൽ നീരദും അദ്ദേഹത്തിന്റെ സിനിമ വരത്തനും വിജയമാകുന്നത്. അന്യരിലേക്ക് കൂർത്ത നോട്ടങ്ങൾ പായ്ക്കുന്ന ആ ആൾക്കൂട്ടത്തിൽ നമ്മളും ഇല്ലേ എന്ന് ചിന്തിപ്പിക്കുന്നിടത്ത് സിനിമ പ്രേക്ഷകനെ നിശ്ശബ്ദനാക്കുന്നു.
അഞ്ചു സംവിധായകരുടെ കൂട്ടായ്മയിൽ പുറത്തു വന്ന അഞ്ചു സുന്ദരികളിലെ തന്റെ സംഭാവനയായ കുള്ളന്റെ ഭാര്യയിൽ അമൽ പറഞ്ഞു വച്ചതും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തെ പറ്റി തന്നെയായിരുന്നു. അതിന്‍റെ കുറച്ചുകൂടി ഭീകരമായ അവസ്ഥയാണ് വരത്തന്‍റെ പ്രമേയം.

Read more »