Category Archives: പുറംകാഴ്ചകള്‍ - Page 3

ഉത്തരഭൂമിയിലൂടെ – 7

രാത്രിയിൽ കൃത്യമല്ലാത്ത ഇടവേളകളിൽ മുറിഞ്ഞു വീണ ഓർമ്മകൾക്കിടയിൽ നിന്നും ബോധത്തെ വീണ്ടെടുത്ത് പുതിയ പ്രഭാതത്തിലേക്ക് മിഴികൾ തുറന്നപ്പോഴേക്കും നേരം വൈകിയിരുന്നു. ധീരജ് പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. സൺറൈസ് ബോട്ടിങ്ങിന്‍റെ സമയമെല്ലാം കഴിഞ്ഞു പോയിരിക്കുന്നു. കിഴക്ക് വെള്ളകീറി കഴിഞ്ഞ സൂര്യനിപ്പോൾ ഗംഗയിലെ ഓളങ്ങളോട് കിന്നാരം പറഞ്ഞിരിക്കുകയാവും. ഒരുപക്ഷേ ദശാശ്വമേധഘട്ടിലെ ബോട്ടുകളുടെ സമ്മേളന സ്ഥലത്ത് മോത്തി ഞങ്ങൾക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാവാം. നേരിട്ടു കണ്ടാൽ മുഖം തിരിക്കുമെങ്കിലും നീളൻ തൂണുകൾക്ക് മുകളിലെ നിയോൺ വെളിച്ചത്തിൽ, മങ്ങിതുടങ്ങുന്ന ഇരുട്ടിന്‍റെ അവ്യക്തതയിൽ ഗംഗ ചിലപ്പോൾ അവൾക്ക് നേരെ നീണ്ട നിഴലുകളിൽ എന്നെ പരതിയിരുന്നിരിക്കാം. അല്ലെങ്കിലിത് ചിലപ്പോൾ കാശിയുടെ ഭൈരോനാഥന്‍റെ നിശ്ചയമാവും, ഈ മണ്ണിലേക്ക് ഞാൻ വീണ്ടും വരുമെന്ന ഉറപ്പിൽ നിദ്രാദേവതയെ പരിചാരികയാക്കി എന്‍റെ ഒരു അരികിലേക്കയച്ചതുമാവാം…
എന്ത് രസമുള്ള തോന്നലുകളാണ്…!

Read more »

ഉത്തരഭൂമിയിലൂടെ – 5

മുഴുവനായും വിട്ടുമാറാത്ത ഉറക്കത്തിന്‍റെ ആലസ്യവും പേറി കിടക്കയിൽ ഇരിക്കുമ്പോഴാണ് മുകുൾ എന്‍റെ അടുത്തേക്ക് വന്നത്. അതിരാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങിയിരിക്കുകയാണ് അവൻ.
റിസപ്‌ഷനിൽ വച്ച് പരിചയപ്പെട്ട ഒരാൾ അവനോട് മൻസാ ദേവി, ചണ്ഡി ദേവി ക്ഷേത്രങ്ങളിലേക്കുള്ള റോപ്പ് വേയിൽ കേറാനുള്ള ടിക്കറ്റ് എടുത്തു തരാമെന്ന് പറഞ്ഞുവത്രെ. പക്ഷെ നൂറു രൂപ അധികമായി കൊടുക്കണമെന്നു മാത്രം. അതത്ര നഷ്ടമുള്ള ഡീലല്ല. കാരണം ഈ ടിക്കറ്റുകൾക്ക് വേണ്ടി കൗണ്ടറുകളിൽ രാവിലെ മുതൽ വലിയ ക്യൂ ഉണ്ടാകുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഹരിദ്വാറിൽ ഞങ്ങൾക്ക് പ്രധാനമായും കാണുള്ളത് ഗംഗാ ആരതിയാണ്. പിന്നെയുള്ളത് ഈ റോപ്പ് വേയും, ഭക്തജന ബാഹുല്യം മൂലം ശ്വാസം മുട്ടുന്ന നഗരത്തിന്‍റെ വഴിയോരകാഴ്ചകളുമാണ്. ഏജന്റിനോട് സംസാരിക്കാനായി മുകുൾ പുറത്തേക്ക് പോയി; ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റ് കുളിക്കാനും.

ഋഷികേശിലെ ശിവശക്തി ഹോസ്റ്റലിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഹോട്ടൽ അൽപ്പനയിലുള്ള ബെഡ് ഹബ്ബ്സിന്‍റെ ഡോർമെട്രി കുറച്ചു കൂടി വലുതും അതു പോലെ തന്നെ അതിഥികളെ കൊണ്ട് നിറഞ്ഞതുമായിരുന്നു. എല്ലാവരും ഹരിദ്വാറിന്‍റെ തിരക്കിലേക്കിറങ്ങാനുള്ള ഒരുക്കത്തിലാണ്.

Read more »

ഉത്തരഭൂമിയിലൂടെ – 4

ആ മലയുടെ മുകൾഭാഗം മുഴുവനും പ്രശാന്തസുന്ദരമായ പുൽമേടാണ്. ഇടയിൽ ഒറ്റയോറ്റയായുള്ള കുറെ മരങ്ങളുമുണ്ട്. പാതിയുറക്കത്തിൽ എന്തോ സ്വപ്നം കണ്ടെന്ന പോലെ നിൽക്കുകയാണവ. ആകാശത്തെ ചുംബിച്ചു നിൽക്കുന്ന പർവ്വതങ്ങളാണ് ഡിയോറിയക്ക് ചുറ്റിലും. ഒരു വശത്തായി അകലെ മഞ്ഞിൽ മറഞ്ഞിരിക്കുന്ന ഹിമാലയം കാണാം. ടെന്റിൽ നിന്നും കുറച്ചകലെയായി ഒരു വാച്ച് ടവർ നിൽപ്പുണ്ട്. അവിടെ നിന്നും കുറച്ചു കൂടി നല്ല കാഴ്ച ലഭിക്കുമെന്ന് ഞാൻ ഊഹിച്ചു. പിന്നെയുള്ളത് വ്യക്തമായ ആകൃതിയില്ലാതെ പരന്നു കിടക്കുന്ന വലിയ തടാകമാണ്. ഡിയോറിയ താൽ. കണ്ടാൽ അസൂയ തോന്നും വിധം നിശ്ചലമായി ഉറങ്ങുകയാണത്. കയ്യിൽ കിട്ടിയ ഒരു ചെറിയ കമ്പ് അതിന്‍റെ സ്വകാര്യതയിലേക്കെറിഞ്ഞ് അതുണ്ടാക്കിയ അസ്വസ്ഥതയുടെ അലകൾ കണ്ട് ഞാൻ ആഹ്ലാദിച്ചു. ചിലപ്പോഴൊക്കെ ഞാനും ഒരു സാഡിസ്റ്റാണ്.

Read more »