Tag Archives: സോസ്റ്റല്‍

ഉത്തരഭൂമിയിലൂടെ – 7

രാത്രിയിൽ കൃത്യമല്ലാത്ത ഇടവേളകളിൽ മുറിഞ്ഞു വീണ ഓർമ്മകൾക്കിടയിൽ നിന്നും ബോധത്തെ വീണ്ടെടുത്ത് പുതിയ പ്രഭാതത്തിലേക്ക് മിഴികൾ തുറന്നപ്പോഴേക്കും നേരം വൈകിയിരുന്നു. ധീരജ് പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. സൺറൈസ് ബോട്ടിങ്ങിന്‍റെ സമയമെല്ലാം കഴിഞ്ഞു പോയിരിക്കുന്നു. കിഴക്ക് വെള്ളകീറി കഴിഞ്ഞ സൂര്യനിപ്പോൾ ഗംഗയിലെ ഓളങ്ങളോട് കിന്നാരം പറഞ്ഞിരിക്കുകയാവും. ഒരുപക്ഷേ ദശാശ്വമേധഘട്ടിലെ ബോട്ടുകളുടെ സമ്മേളന സ്ഥലത്ത് മോത്തി ഞങ്ങൾക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാവാം. നേരിട്ടു കണ്ടാൽ മുഖം തിരിക്കുമെങ്കിലും നീളൻ തൂണുകൾക്ക് മുകളിലെ നിയോൺ വെളിച്ചത്തിൽ, മങ്ങിതുടങ്ങുന്ന ഇരുട്ടിന്‍റെ അവ്യക്തതയിൽ ഗംഗ ചിലപ്പോൾ അവൾക്ക് നേരെ നീണ്ട നിഴലുകളിൽ എന്നെ പരതിയിരുന്നിരിക്കാം. അല്ലെങ്കിലിത് ചിലപ്പോൾ കാശിയുടെ ഭൈരോനാഥന്‍റെ നിശ്ചയമാവും, ഈ മണ്ണിലേക്ക് ഞാൻ വീണ്ടും വരുമെന്ന ഉറപ്പിൽ നിദ്രാദേവതയെ പരിചാരികയാക്കി എന്‍റെ ഒരു അരികിലേക്കയച്ചതുമാവാം…
എന്ത് രസമുള്ള തോന്നലുകളാണ്…!

Read more »

ഉത്തരഭൂമിയിലൂടെ – 6

ഉപാസന എക്‌സ്പ്രസ്സിൽ ഉറങ്ങിതീർക്കേണ്ടത് പതിമൂന്ന് മണിക്കൂറുകളായിരുന്നു. ഏകദേശം എണ്ണൂറോളം കിലോമീറ്ററുകൾ. കഴിഞ്ഞ രാത്രിയിൽ മനുഷ്യർ ഇരമ്പിയാർക്കുന്ന ഹരിദ്വാറിലെ ഒരു ഹോട്ടലിൽ നിന്ന് ധൃതിപ്പെട്ട് ഭക്ഷണവും കഴിച്ച് കയറിയതാണ് ഈ യാത്രയിലേക്ക്. പന്ത്രണ്ട് മണിയോടടുപ്പിച്ചായിരുന്നുവത്. ട്രെയിനിന്‍റെ താരാട്ട് പാട്ടിലും തൊട്ടിലിന് സമാനമായ അതിന്‍റെ ചലനങ്ങളിലും ഉറക്കം സുഖകരമായ അനുഭവം തന്നെയായിരുന്നു.

ഇടയ്ക്കെപ്പോഴോ ഉറക്കത്തിന്‍റെ തുടർച്ച നഷ്ടപ്പെട്ട് ഞാൻ അപ്പർ ബർത്തിൽ നിന്ന് താഴോട്ടിറങ്ങി. വെളിച്ചം പരന്നിട്ടില്ല. ഉത്തരപ്രദേശിന്‍റെ വിജനതയുടെ കുതിച്ച് പായുകയാണ് തീവണ്ടി. വണ്ടിയുടെ വാതിൽക്കൽ തന്നെ നിലത്തിരുന്ന് ഉറക്കം തൂങ്ങുകയാണ് സന്യാസിയുടെ രൂപഭാവാദികളുള്ള വൃദ്ധനായ ഒരു മനുഷ്യൻ. ഇയാളും വാരാണസിയിലേക്കായിരിക്കുമോ ?
ഞാൻ എസ് വൺ ബോഗിയിലേക്ക് നടന്നു. മുകുൾ ഉറങ്ങുന്നത് അവിടെയാണ്. ഞങ്ങൾ നാലുപേർക്ക് എസ് ഫൈവിലും ഒരാൾക്ക് മാത്രം എസ് വണ്ണിലുമായിരുന്നു സീറ്റ്. എല്ലാ കമ്പാർട്ട്മെന്റുകളും നിദ്രയിലാണ്. വാതിലുകളുടെയടുത്തും കക്കൂസുകളിലും മാത്രം മഞ്ഞവെളിച്ചം കത്തി നിൽപ്പുണ്ട്. എസ് വണ്ണിൽ മുകുളും ഉറക്കത്തിലാണ്. അവനെ ശല്യപ്പെടുത്താതെ ഞാൻ തിരിച്ചു നടന്നു. സമയം അഞ്ചുമണിയാവുന്നതെയുള്ളൂ. ഞാൻ വീണ്ടും മുകളിലേക്ക് കയറി. ഇനി കുറച്ച് മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ വാരാണസി എത്തുകയായി. സത്യത്തിൽ എനിക്ക് വേണ്ടി, എന്‍റെ സ്വാർത്ഥത കാരണം ഉണ്ടാക്കിയ ഏച്ചുകെട്ടലാണ് ഈ ഉത്തരാഖണ്ഡ് യാത്രയ്ക്കിടെയിലെ വാരാണസി. അത് മുഴച്ചു തന്നെ നിൽക്കുന്നുമുണ്ട്. ഡെറാഡൂണും മുസൂറിയും കേദാർനാഥും ബദരിയും ചോപ്തയും തുംഗനാഥും നൈനിറ്റാലും ഔളിയുമടക്കം ലിസ്റ്റിൽ ഉണ്ടായിരുന്ന ഉത്തരാഖണ്ടിന്‍റെ പ്രകൃതിരമണീയതകളെ മുഴുവൻ തഴഞ്ഞും അളന്നുതൂക്കി ലഭിച്ച ഒൻപത് ദിനരാത്രങ്ങളിലെ ഒരു രാത്രിയെയും അരപകലിനെയും തീവണ്ടിപാളങ്ങളിൽ ഉപേക്ഷിച്ചതും എന്‍റെ സ്വാർത്ഥതയ്ക്ക് വേണ്ടി തന്നെയാണ്. ഇനി അഥവാ പ്രതീക്ഷകൾക്ക് വിരുദ്ധമായി എന്നെ ഭ്രമിപ്പിക്കാൻ പോന്ന അല്ലെങ്കിൽ കേട്ടറിഞ്ഞതിനെ ആധാരമാക്കി മനസ്സിൽ വരച്ചിട്ടതിന്‍റെ ഒരുപടി താഴെയെങ്കിലും നിൽക്കുന്ന കാഴ്ചകൾ വാരാണസി തന്നില്ലെങ്കിൽ…??? ഇല്ല അങ്ങനെയുണ്ടാവില്ല. ഞാൻ കണ്ണുകളടച്ചു.

Read more »