സമകാലിക ഇന്ത്യയുടെ പൊതുബോധം പെണ്ണിനെ കാണുന്ന അല്ലെങ്കിൽ അവളെ മനസിലാക്കുന്ന വീക്ഷണകോണിനെ തുറന്നു കാട്ടുകയാണ് അനിരുദ്ധ റോയി ചൗധരിയുടെ പിങ്ക് എന്ന ചിത്രം. ഒരു പെൺകുട്ടി ജനിക്കുന്ന നാൾ തൊട്ട് അവളിലേക്ക് മനപ്പൂർവ്വമോ അല്ലാതെയോ നമ്മുടെ സമൂഹം അടിച്ചേൽപ്പിക്കുന്ന അനീതിക്കെതിരെയാണ് പിങ്ക് ശബ്ദമുയർത്തുന്നത്. അത്ര പുതിയതല്ലാത്ത വിഷയമാണെങ്കിലും താൻ പറയാനുദേശിക്കുന്നത് ഗൗരവത്തോടെ ഉച്ചത്തിൽ പ്രേക്ഷകനുമായി സംവദിക്കുന്നുണ്ട് സംവിധായകൻ.
ഒരു നിശാ പാർട്ടിക്കിടയിൽ മൂന്ന് പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്ന അനുഭവവും അതിനെതിരെ പരാതി പറഞ്ഞ അവരെ കുറ്റക്കാരാക്കാൻ പൊതുസമൂഹം നിരത്തുന്ന ന്യായങ്ങളും അതിലെ ശരിതെറ്റുകളുമാണ് പിങ്കിന്റെ കാതൽ.
പെൺകുട്ടികളെ രക്ഷിക്കാനെത്തുന്ന ദീപക് സെഗ്‌വാൾ എന്ന അഡ്വകേറ്റായി ബിഗ് ബി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ രണ്ടാം പകുതി മുഴുവനായും കോടതി മുറിക്കുള്ളിലാണ്.
ഒരു പെൺകുട്ടി രാത്രി പുറത്തിറങ്ങി നടക്കുന്നതും, അവൾക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതും, ആൺസുഹൃത്തുമൊത്ത് സമയം ചിലവിടുന്നതും എന്തിന്റെയെങ്കിലും സൂചനയായി കാണുന്ന വികല മനസുകളോടാണ് സിനിമ കലഹിക്കുന്നത്.
അതോടൊപ്പം ഒരു സ്ത്രീ അത് നിങ്ങളുടെ സുഹൃത്തോ കാമുകിയോ ഭാര്യയോ ആരാണെങ്കിലും അവളുടെ ഒഴിഞ്ഞുമാറലുകളെ, No കളെ ബഹുമാനിക്കാൻ നമ്മുടെ സമൂഹം ഇനിയെങ്കിലും ശീലിക്കണമെന്നും ഉറച്ച ശബ്ദത്തിൽ പിങ്ക് പറഞ്ഞുവെക്കുന്നു.
ചുരുക്കത്തിൽ ഒരു സ്ത്രീപക്ഷ സിനിമയെന്നതിനപ്പുറം ഉദ്ദേശശുദ്ധിയുള്ള, കാമ്പുള്ള പ്രമേയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ആസ്വാദ്യകരമാണ് പിങ്ക്.

0 Comments.