പ്രേത നഗരത്തിലേക്ക് ഒരു യാത്ര.

വർഷങ്ങൾക്കു മുൻപ് എല്ലാ പ്രോഡിയോടും കൂടി നിലനിന്നിരുന്ന ഒരു നഗരം, മനുഷ്യന്റെ നിസ്സാരത ഉദാഹരിക്കാൻ പ്രകൃതി ആഹാരമാക്കിയ നഗരം, കടൽ വിഴുങ്ങിയ സ്വപ്നങ്ങൾ സ്വൈര്യ വിഹാരം നടത്തിയിരുന്ന നഗരം. എന്നാൽ ഇന്ന് വിശാലമായ മണൽ പരപ്പിനുള്ളിൽ നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ടുകളെല്ലാം കുഴിച്ചിട്ട് മഹാ വിജനതയിൽ വിശ്രമിക്കുകയാണ് പ്രേതനഗരം എന്ന വിളിപ്പേരുമായി ധനുഷ്കോടി.

വായിച്ചതും കേട്ടതുമായ എന്തൊക്കെയോ അതിൽ നിന്നും ഭ്രാന്തമായ സങ്കൽപ്പങ്ങൾ വഴി മനസ് സൃഷ്ടിച്ചെടുത്ത എന്തൊക്കെയോ. അങ്ങനെ ധനുഷ്കോടി ഒരു മോഹവുമായി നെഞ്ചിൽ കുടിയേറിയത് കുറെ നാളുകൾക്ക് മുൻപാണ്. ഇടയ്ക്ക് എപ്പോഴോ ഒരു നേരം കൊല്ലി ദിവസം ഒരു ധനുഷ്കോടി യാത്ര ചിന്ത അലസമായി കടന്നു വന്നെങ്കിലും അത്ര ദൃഢമല്ലാത്ത ആ ചിന്ത ഇളം കാറ്റു പോലെ ഒന്ന് തൊട്ട് തലോടി കടന്നു പോയി.

പഴയ സ്കൂൾ വെക്കേഷനെ ഓർമ്മിപ്പിക്കുന്ന ഓണം അവധിയെ കുറിച്ചുള്ള ഒരു സംസാരത്തിനിടയിൽ ധനുഷ്കോടി യാത്ര വീണ്ടും സജീവ പരിഗണനയിൽ എത്തി. ചില യാത്രകൾ അങ്ങനെയെയാണ് അത് ചെറിയ തീരുമാനങ്ങളിൽ നിന്ന് , അലസമായ സംഭാഷണങ്ങളിൽ നിന്ന് തനിയെ വളർന്ന് പന്തലിക്കും.

കൊച്ചിയിൽ നിന്ന് അതിരാവിലെ ഞങ്ങൾ പുറപ്പെട്ടു. റിറ്റ്സ് കാറിൽ നാലുപേർ. നഗരാതിർത്തി കടന്ന് തൃപ്പൂണിത്തുറ വഴി പാലാ എത്തി. ആദ്യത്തെ ഭക്ഷണം അവിടെ ഒരു ഹോട്ടലിൽ നിന്ന് കഴിച്ചു. നല്ല വൃത്തികെട്ട മസാലദോശ. വീണ്ടും യാത്ര തുടർന്നു. ഈരാറ്റുപേട്ട കുട്ടിക്കാനം കുമളി വഴി തമിഴ് മണ്ണിലേക്ക്. മുന്തിരി പാടം പൂത്തു നിക്കണ കമ്പം തേനി തെരുവോരങ്ങളുടെ ഫോട്ടം പിടിച്ചും ഇടയ്ക്ക് വഴിയിലിറങ്ങിയും യാത്ര പുരോഗമിച്ചു. മധുരയിൽ നിന്നായിരുന്നു ഉച്ചഭക്ഷണം. നാക്ക്ഭാഗ്യം ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല തേനിയിലും നല്ല ഭക്ഷണം ലഭിച്ചില്ല. കൂതറ കോഴി ബിരിയാണി. എങ്കിലും ബിരിയാണിക്ക് ശേഷം അല്പം രസം കൂട്ടി ചോറ് കഴിച്ചാൽ മന്ദത തോന്നില്ലയെന്ന ഹോട്ടൽ സപ്ലയറുടെ ഉപദേശം ഹൃദയത്തിൽ സ്വീകരിച്ച് വീണ്ടും യാത്ര മധുരയ്ക്ക്. മധുരയും പിന്നിട്ട് രാമേശ്വരം എത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഇടയ്ക്ക് പാമ്പൻ പാലം കണ്ടു. രണ്ടു തവണ ടോളും കൊടുത്തു. ക്ഷേത്രത്തിനടുത്തുള്ള ഒരു ലോഡ്ജിൽ മുറിയെടുത്തു. ഒരു മുഴുവൻ ദിവസത്തെ യാത്ര ഞങ്ങളിൽ ഉണ്ടാക്കിയ ക്ഷീണമകറ്റാനായി റൂം കിട്ടിയ ഉടനെ തന്നെ ഒരു കുളിയങ്ങ് പാസ്സാക്കി. പകലിൽ നിന്ന് വ്യത്യസ്തമായി കുറച്ചു കൂടി നല്ല ഭക്ഷണവും കഴിക്കാൻ കിട്ടി.
രാമേശ്വരത്തിന്റെ രാത്രി കാഴ്ചകളിൽ കൂടി അൽപനേരം ഞങ്ങൾ നടന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിലൂടെ, കടലിനു സമീപമുള്ള കടവിൽ അങ്ങനെ. പശുക്കളും പട്ടികളും ലക്ഷ്യമില്ലാതെ മേയുകയാണ് നിലാവും നിയോൺ ലാമ്പുകളും ഇഴ ചേർന്ന് വെളിച്ചം പകരുന്ന ആ രാത്രിയിലും. ഒരു പക്ഷെ നമ്മളെ പോലെ അസംഖ്യം ആത്മാക്കളും ഉണ്ടാവാം ആ തീരത്ത് കാറ്റ് കൊള്ളാൻ. എന്തു കൊണ്ടോ അവിടെ അധികനേരം നില്ക്കാൻ തോന്നിയില്ല. മുറിയിലേക്ക് നടന്നു. വഴിയിൽ പൂ വിൽപ്പനക്കാരും കരകൗശലവസ്തുക്കൾ വിൽക്കുന്നവരും ഉണർന്നിരിപ്പുണ്ട്. ഒരു സ്ത്രീയുടെ പക്കലുള്ള പ്ലാസ്റ്റർ ഓഫ് പാരിസ് പ്രതിമകൾക്ക് ഞങ്ങൾ വില പറഞ്ഞു. എത്ര താഴ്ന്ന വില പറഞ്ഞാലും തരാൻ അവർ തയ്യാറാണെന്ന് തോന്നി. ഒടുവിൽ തീരെ കുറവല്ലാത്ത തുക നൽകി മൂന്ന് പ്രതിമകൾ ഞങ്ങൾ വാങ്ങി. ഇടുങ്ങിയ റോഡിനിരുവശവും ചെറിയ കുടിലുകൾ. എവിടെയും വെളിച്ചമില്ല. ഒരേ മുറിയിൽ ഒരു വീട്ടിലെ എല്ലാവരും പായവിരിച്ചു നിരന്നു കിടന്നുറങ്ങുകയാവും. ഇതും നമ്മുടെ നാടാണ്. ഇന്ത്യയാണ്.

രാമേശ്വരത്ത് നിന്നും ഇരുപത്തിയൊന്നു കി.മി. ദൂരമേയുള്ളൂ ധനുഷ്കോടിയിലേക്ക്. എത്രയും രാവിലെ അവിടെ എത്തുന്നതാണ് നല്ലത് എന്നായിരുന്നു ഇതിനുമുൻപ് ഇവിടം സന്ദർശിച്ച ഒരു കൂട്ടുകാരനിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഉപദേശം. അത് പ്രകാരം രാവിലെ ആറരയോടെ ഞങ്ങൾ രാമേശ്വരത്ത് നിന്നും ധനുഷ്കോടിക്ക് തിരിച്ചു. രാവിലെയായത് കൊണ്ടാണോ എന്നറിയില്ല വഴി ശൂന്യമായിരുന്നു. ക്ഷണനേരം കൊണ്ട് ഞങ്ങൾ ചെറിയ തോതിൽ ആൾതിരക്കുള്ള ഒരു പ്രദേശത്ത് എത്തി. അവിടെ നിന്നങ്ങോട്ട് വണ്ടികൾ കടത്തി വിടില്ലെന്ന് ഒരാൾ ഞങ്ങളോട് പറഞ്ഞു. റോഡ് പണി പുരോഗമിക്കുകയാണത്രേ. ആ സ്ഥലത്ത് നിന്നും ഷട്ടിൽ സർവീസ് നടത്തുന്ന വാനുകളിൽ കയറി വേണം ധനുഷ്കോടിക്ക് ചെന്നത്താൻ. അല്ലെങ്കിൽ നടക്കണം. ഏകദേശം അഞ്ചു കിലോമീറ്റർ. ഒരാൾക്ക് നൂറ്റിയമ്പത് രൂപയാണ് വാനിന്റെ ചാർജ്. പക്ഷെ ആൾക്കാരു നിറയെ ഉണ്ടെങ്കിലേ വാൻ പുറപ്പെടുകയുള്ളൂ. അവിടെ നിന്നും ചായയും പലഹാരവും കഴിച്ച ശേഷം നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇരുവശങ്ങളിലും പരന്നു കിടക്കുകയാണ് കടൽ. നടുവിലുള്ള കരയെ അതിന്റെ വെള്ള മണൽ പുതപ്പിനെ രണ്ടായി പകുത്തു കൊണ്ട് കറുത്ത റോഡ്. കിലോ മീറ്ററുകൾക്കപ്പുറം അതാവസാനിക്കുന്നതും കടലിലേക്കാണ്. കരയുടെ, ഇന്ത്യയുടെ അറ്റം. കടലിലേക്ക് കാലൂന്നി കിടക്കുന്ന ധനുഷ്കോടി.

ഞങ്ങൾ നടക്കാനാരംഭിച്ചു. ചിരിച്ചും തമാശപറഞ്ഞും പതുക്കെ. ഇരുവശത്തും നീല കടൽ അകമ്പടി സേവിക്കുന്ന വെള്ള മണൽ വിരിപ്പ്. അതിന്റെ നടുവിലൂടെ നീണ്ടു നിവർന്ന് കിടക്കുന്ന രാജപാത. കടലിൽ ചെന്ന് ചേരാൻ ഇത്രയും നല്ല റോഡ് ആവശ്യമുണ്ടോ…?? ചില വണ്ടികൾ ഇതേ റോഡിലൂടെ നമ്മളെ കടന്ന് പൊയ്‌ക്കൊണ്ടിരുന്നു. പിന്നെ എന്തു കൊണ്ടാണ് അവർ ഞങ്ങൾക്ക് മാത്രം അനുവാദം തരാതിരുന്നത്.

രണ്ടു മൂന്ന് കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും വെയിൽ പടരാൻ തുടങ്ങിയിരുന്നു. കാഴ്ചകൾ കണ്ട് ഞങ്ങൾ നടന്നുകൊണ്ടിരുന്നു. റോഡിനും കടലിനും ഇടയിലുള്ള വെളുത്ത മണൽ നിറഞ്ഞ തീരത്ത് എന്തോ കുഴിക്കുന്ന സ്ത്രീകളെ കണ്ടു. ഞങ്ങൾ അങ്ങോട്ട് നടന്നു. അവർ കുടിവെള്ളം കുഴിച്ചെടുക്കുകയാണ്. തീരത്ത് ചില സ്ഥലങ്ങളിൽ ശുദ്ധജലത്തിന്റെ ഒഴുക്കുണ്ട്. എവിടെ കുഴിക്കണം എന്ന് അവർക്കറിയാം. ചെറിയ തവി കൊണ്ട് അവർ ശേഖരിച്ച വെള്ളത്തിൽ കുറച്ച് ഞങ്ങൾക്ക് കുടിക്കാനായി തന്നു. ഉപ്പുരസം അശേഷം ഇല്ലാത്ത നല്ല വെള്ളം.

അപ്പോഴും വണ്ടികൾ ഞങ്ങളെ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഒരു കാര്യം ഉറപ്പായി, വണ്ടികൾ കടത്തി വിടുന്നുണ്ട്. ഒന്നുകിൽ ഞങ്ങൾ ചോദിച്ച ആള് മാറി പോയി അല്ലെങ്കിൽ അവർക്ക് കൈക്കൂലി വേണമായിരിക്കും.

കുറച്ചു നേരം കൂടി നടന്നപ്പോൾ ഞങ്ങൾ ധനുഷ്കോടി പൂജ്യം കിലോമീറ്റർ എന്ന ബോർഡ് കണ്ടു. റോഡിനു ഇരുവശവുമുള്ള തീരപ്രദേശത്ത് നിറയെ തകർന്ന കെട്ടിടങ്ങൾ. ഒരു പള്ളി, ഒരു റെയിൽവേ സ്റ്റേഷൻ. പള്ളിയുടെ അടുത്തായി ഒരു ചെറിയകട. അവിടെ നിന്നും ബിസ്കറ്റും, സോഡയും കഴിച്ച് വിശപ്പും ദാഹവുമകറ്റി. കടയിലെ ചേച്ചി പറഞ്ഞു 30 കിമി ദൂരെ രാമേശ്വരത്തു നിന്നാണ് സാധനങ്ങൾ കൊണ്ട് വരുന്നത്. പഴങ്ങളും മറ്റും കൊണ്ടുവരാൻ ദിവസവും പോകേണ്ടി വരും. ചെറിയ ഫോട്ടോസെഷൻ നടത്തിയ ശേഷം ഞങ്ങൾ വീണ്ടും മുന്നോട്ട് നടക്കാൻ തീരുമാനിച്ചു.

നേരത്തെ പറഞ്ഞ ഷട്ടിൽ സർവീസുകൾ ഈ പോയന്റ് വരെയേ ഉള്ളു. സത്യത്തിൽ കരയുടെ അറ്റം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂന്ന് വശവും കടൽ കാണാൻ കഴിയുന്ന മുനമ്പ് ഇവിടെ നിന്നും 5 കി.മി ദൂരെയാണ്. ഷട്ടിൽ സർവീസുകാരുടെ കൂടെ വരുന്നവർ ഇത് അറിയാതെ അത് കാണാതെ മടങ്ങുകയാണ്.

ഞങ്ങൾ നടക്കാനാരംഭിച്ചു. വീണ്ടും വഴിയിൽ ബൈക്കിൽ ലോകം ചുറ്റുന്ന സഞ്ചാരികൾ മാത്രം. നീണ്ടു നിവർന്ന് കിടക്കുന്ന റോഡ്. കാഴ്ചകൾക്ക് മാറ്റമില്ല. അങ്ങനെ ഞങ്ങൾ റോഡിൻറെ അവസാനത്തിലെത്തി. വലിയ ഉയരത്തിൽ കെട്ടിയ ഒരു ചുമരിലേക്ക് റോഡ് അവസാനിക്കുന്നു. അവിടെ നിന്നും കറങ്ങി വരാൻ പറ്റുന്ന രീതിയിൽ ഒരു ട്രാഫിക് ഐലൻഡ് ഉണ്ടാക്കുന്നുണ്ട്. ചുമരിലെ എന്തൊക്കെയോ പണികൾ നടക്കുന്നുണ്ട്. റോഡിൻറെ ഇരുവശങ്ങളും മുഖം മിനുക്കലിന്റെ അവസാന ഘട്ടത്തിലാണ്. അവിടെ നിന്ന് ബീച്ചിലേക്ക് ഇറങ്ങാനുള്ള സ്റ്റെപ്പുകൾ ഉണ്ട്. അതിന്റെയും പണികൾ അവസാനിച്ചിട്ടില്ല.

ഞങ്ങൾ ബീച്ചിൽ ഇറങ്ങി. ഭൂമിയുടെ അറ്റം. 10 കിമി നടപ്പിനിടയിൽ റോഡിൻറെ ഇരുഭാഗങ്ങളിലും കണ്ട കടൽ എവിടെ കൈ ചേർത്തു പിടിച്ച് ഒന്നാവുകയാണ്. ഞങ്ങൾ നടന്നു. ഒരു ഭാഗത്തു ആഴം കുറവാണ് എന്നാൽ എതിർഭാഗത്ത് കുത്തനെയുള്ള ഇറക്കമാണ്. മനോഹരമാണ് കടലിന്റെ ആ ഭാഗത്തുള്ള കാഴ്ച. മാലിന്യങ്ങൾ ഇല്ലാത്ത പ്രത്യേകതരം നീല നിറം. കുറെ നേരം അങ്ങനെ നടന്നു. തിരകളിൽ കാലു നനച്ച്, കടലിന്റെ ഭംഗി കണ്ട്, കരയുടെ അറ്റം കണ്ട്.

ഇനി മടക്കയാത്രയാണ്. തിരികെ റോഡിലേക്ക് കയറിയപ്പോൾ അവിടെ റോഡു പണി ചെയ്യുന്നവർക്ക് അത്ഭുതം ഞങ്ങൾ ഇത്രയും ദൂരം നടന്നാണ് വന്നതെന്ന് പറഞ്ഞപ്പോൾ. സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. ഇനി തിരിച്ചും പത്ത് കിമി നടത്തം വലിയ ബുദ്ധിമുട്ടാണ്. ആ തിരിച്ചറിവിൽ അവിടെ നിന്നും മടങ്ങുന്ന ഒരു ബൈക്ക് സംഘത്തോട് ഞങ്ങൾ ലിഫ്റ്റ് ചോദിച്ചു. അവർ ഞങ്ങളെ ധനുഷ്കോടിയിലെ പൊളിഞ്ഞ പള്ളിക്കു മുന്നിൽ ഇറക്കി. അവിടെ നിന്ന് ഷട്ടിൽ സർവീസകൾ ഉള്ളതിനാൽ കാർ പാർക്ക് ചെയ്ത സ്ഥലം വരെയെത്താം എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷെ ഓരോ വാനും അതിൽ വന്നവരെ മാത്രമേ തിരിച്ചു കൊണ്ട് പോകൂ. പിന്നെ ഒരാളോട് സംസാരിച്ച് വാനിൽ നിലത്തിരുന്ന് ഞങ്ങൾ തിരിച്ചു കാറിന്റെ അരികിലെത്തി.

മുറിയിലെത്തി കുളിച്ചു റെഡിയായി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ കൊച്ചിയിലേക്കു യാത്രയാരംഭിച്ചു. മധുരയായിരുന്നു ഞങ്ങളുടെ അടുത്ത ഹാൾട്ടിങ് പോയിന്റ്. പാമ്പൻ പാലം വഴിയാണ് തിരിച്ചുള്ള യാത്രയും. അത്രയും നീളത്തിൽ കടലിനു കുറുകെ ഒരു പാലം. കപ്പൽ വരുമ്പോൾ മുറിഞ്ഞു രണ്ടായി വഴിയൊരുക്കുന്ന റെയിൽവേ ബ്രിഡ്ജ്. പനനോങ്ക് കഴിച്ച്, കാറ്റാടി പാടങ്ങൾ കണ്ട് ഞങ്ങൾ മധുരയിലേക്ക് അടുത്തു. എത്ര നല്ല വഴികൾ. മനോഹരമായ റോഡുകൾ, കാഴ്ചകൾ. വൈകുന്നേരം ഏഴുമണിയോടെ മധുരയിലെത്തി. ടൗണിൽ കറങ്ങി. ഓണകോടികൾ വാങ്ങി. ഭക്ഷണം കഴിച്ചു. നന്നായി ഉറങ്ങി. രാവിലെ ഒൻപത് മണിയോടെ കൊച്ചിയിലേക്കു മടക്കയാത്ര പുനരാരംഭിച്ചു. കമ്പം വഴി മൂന്നാർ അടിമാലി കൊച്ചി. വഴികളിൽ മൂന്നാറിന്റെ മലമടക്കുകളുടെ സൗന്ദര്യം, ഇളം തണുപ്പിന്റെ തലോടൽ, പലതരം ചായയുടെ രുചി. മനസിലും ക്യാമറയിലും പതിഞ്ഞ കുറെ കാഴ്ചകൾ.

ഒരു യാത്ര കൂടി അവസാനിക്കുകയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പരന്നു കിടക്കുന്ന വഴിയുടെ ഒരറ്റത്ത് വീണ്ടും നമ്മൾ തിരികെയെത്തുന്നു. യാത്രയുടെ ആനന്ദത്തിനൊപ്പം ആ ചോദ്യം വീണ്ടും ഉയരും where is next..???

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>