സ്നേഹത്തിന്‍റെ ചില മുഖങ്ങള്‍ !!!

വർഷങ്ങൾക്ക് മുമ്പ് എറണാകുളം നോർത്തിലെ ഒരു ചെറിയ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന കാലം. അടുപ്പിച്ച് രണ്ടോ മൂന്നോ അവധി കിട്ടുന്ന അവസരങ്ങളില്‍ മാത്രമേ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. വൈകുന്നേരത്തെ ആലപ്പുഴ – കണ്ണൂര്‍ എക്സപ്രസായിരുന്നു ആ കാലത്ത് ഞാന്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ട്രെയിന്‍. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേരത്തെ ഇറങ്ങുകയെന്നു പറഞ്ഞാല്‍ കുറച്ച് ചടങ്ങുള്ള കാര്യമാണ്. മാനേജര്‍ മാഡത്തോട് രാവിലെ ഒന്ന്‍ സൂചിപ്പിക്കണം. പിന്നെ വൈകുന്നേരം തിരക്കിട്ടു തീര്‍ക്കേണ്ട ജോലികള്‍ ബാക്കിയില്ലെന്നു പറഞ്ഞ് ബോധ്യപ്പെടുത്തണം എന്നിട്ട് വേണം അനുവാദത്തോടെ അവിടെ നിന്ന് ഇറങ്ങാന്‍.

പതിവു പോലെ അന്നും ജോലികൾ തീർത്ത് വൈകുന്നേരം നേരത്തെ നാട്ടിൽ പോകാൻ ഇറങ്ങിയതായിരുന്നു ഞാൻ. അന്നെ ദിവസം സൗത്തിൽ നിന്നാണ് നാലരയോടെ കണ്ണൂർ എക്സപ്രസ് പുറപ്പെടുന്നത്. രാവിലെ മുതൽ തിരക്കുള്ള ജോലികൾ കാരണം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രെയിനിന്റെ അനൗൺസിമെന്റ്റുകൾ തുടങ്ങി കഴിഞ്ഞിരുന്നു. എനിക്കാണെങ്കിൽ കലശലായ വിശപ്പും ദാഹവും. ഓടി വണ്ടിയിൽ കയറുന്നതിനിടയിൽ ഒരു കുപ്പി പെപ്സി ഞാൻ വാങ്ങി. അകത്ത് കയറിയപ്പോൾ തന്നെ ഭാഗ്യത്തിന് ഒരു സീറ്റും കിട്ടി. വണ്ടിയിൽ പിന്നെയും ആളുകൾ കയറി കൊണ്ടേയിരുന്നു. സീറ്റിൽ ഇരിപ്പുറപ്പിച്ച് കിതപ്പ് ഒന്ന് മാറിയ ശേഷം ഞാൻ പതിയെ പെപ്സി കുടിക്കാൻ ആരംഭിച്ചു.

സാധാരണ ആലപ്പുഴയില്‍ നിന്നും പുറപ്പെടുന്ന ട്രെയിനാണ്. ആഴ്ചയില്‍ രണ്ട് ദിവസമാണ് അത് പേര് മാറി എറണാകുളം – കണ്ണൂര്‍ എക്സപ്രസ് എന്ന് പേരു മാറ്റി ഓടുന്നത്.
ട്രെയിൻ അന്ന് പത്ത് മിനുട്ട് വൈകിയാണ് യാത്ര ആരംഭിച്ചത്. ചുറ്റിലും ആളുകൾ അധികവും സ്ഥിരയാത്രക്കാർ. ട്രെയിന് പതുക്കെ വേഗതയേറി തുടങ്ങി. ചിരപരിചിതര്‍ ആയതുകൊണ്ടാവണം പലരും പലതും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ എന്‍റെ ഒരു പഴയ ഫ്രണ്ട് പറഞ്ഞതോര്‍ത്തു. കൊളേജില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ ഫ്രണ്ട്സിനെ അവള്‍ക്ക് ലഭിച്ചത് ട്രെയിനില്‍ നിന്നാണെന്ന്. സ്ഥിരമായ ട്രെയിന്‍ യാത്രകള്‍ വഴി.

പെട്ടെന്ന്‍ എന്‍റെ വയറിലും തലയിലും എന്തോ അസ്വസ്ഥതകൾ അനുഭവപ്പെടുന്നത് പോലെ ഒരു തോന്നൽ. ഒന്നു മുഖം കഴുകി വരാം അല്ലെങ്കിൽ ഛർദ്ദിക്കാൻ വല്ലതും തോന്നുന്നതാണെങ്കിൽ അങ്ങനെയും ആയ്ക്കോട്ടെയെന്നു കരുതി ഞാൻ ടോയിലറ്റിന്റെ അടുത്തേക്ക് നടന്നു. പെട്ടെന്ന് കണ്ണിൽ ഇരുട്ടുകയറുന്നത് പോലെ. ഞാൻ എഴുന്നേറ്റ് മുന്നോട്ട് നടക്കാന്നാഞ്ഞത് എനിക്കോർമ്മയുണ്ട്. പെട്ടെന്ന് കണ്ണിൽ മുഴുവൻ ഇരുട്ട് പടർന്ന പോലെ……

എന്‍റെ ചുറ്റിലും ഇരുട്ടാണ്. അവ്യക്തമായ കുറെ ശബ്ദങ്ങളെ എനിക്ക് കേൾക്കാം. ഞാൻ നിലത്ത് കിടക്കുകയാണോ…?? അറിയില്ല. എന്തായാലും ഭാരമില്ലാതെ അവസ്ഥയിലാണ് ഞാൻ അപ്പോൾ.

*** *** ***

ഞാൻ കണ്ണുകൾ തുറന്നു. നേരത്തെ ഇരുന്നതിന്‍റെ എതിർ വശത്തുള്ള സീറ്റിലാണ് ഞാൻ.

” നിങ്ങൾ എവിടേക്ക് പോകുന്നു…?”

” എന്ത് ചെയ്യുന്നു…? ”

” എന്താണ് സംഭവിച്ചത് ….? ”  ചുറ്റില്‍ നിന്നും ചോദ്യങ്ങളാണ്.

ഞാൻ എന്‍റെ പേരും ജോലിയും സ്ഥലവും പറഞ്ഞു.

” വിശന്ന വയറ്റിൽ പെപ്സി കാഴ്ച്ചത് കൊണ്ടാവും ഈ ചായ കുടിക്കൂ. ”

ഒരാൾ പേപ്പർ ഗ്ലാസ്സിലെ ചായ എനിക്ക് നേരെ നീട്ടി. ” ദാ കഴിക്കു ഇപ്പൊ വാങ്ങിയതാണ്. ”

അപ്പോഴേക്കും ആലുവ സ്റ്റേഷൻ എത്തിയിരുന്നു.
സ്റ്റേഷനിൽ വേഗം കുറഞ്ഞു കുറഞ്ഞു കുറച്ചു നേരത്തേക്ക് നിശ്ചലമാകാനൊരുങ്ങുന്ന ട്രെയിനിലേക്ക് ഞങ്ങളുടെ അരികിലുള്ള ജനാലയിലൂടെ ഒരു കവർ ആരോ ആരെയോ ഏൽപ്പിച്ചു. കവർ തുറന്ന് ബിസ്‌ക്കറ്റും കേക്കും ആരോ എനിക്ക് നേരെ നീട്ടി.
വേണ്ട നന്ദിയോടെ ഞാൻ നിരസിച്ചു.

” കഴിച്ചോളൂ നിങ്ങൾക്ക് വേണ്ടി വാങ്ങിയതാണ്.”

ഞാൻ അവരെ നോക്കി. അപ്പോഴേക്കും തിക്കി തിരക്കി രണ്ടു പേർ ഞങ്ങളുടെ സീറ്റിന്റെ അടുത്തേക്ക് വന്നു.

“ ഇദ്ദേഹമാണോ…”

“ അതെ ..” ആരോ മറുപടി പറഞ്ഞു.

“ ഇപ്പോ കുഴമൊന്നുമില്ലല്ലോ. “

“ ഇല്ല….”

“ ഞങ്ങൾ ഇതിലെ സ്ഥിരം യാത്രക്കാരാ തൃശ്ശൂര് വരെ..”

“ കഴിക്കു….”

“ ഞാൻ കേക്ക് വാങ്ങി വായിലേക്ക് വച്ചു. നല്ല മധുരം….”

ചെറിയ പ്രായത്തിൽ അല്ലെങ്കിൽ ഇച്ചിരി വളർന്നാലും ഒറ്റയ്ക്ക് ട്രെയിനിൽ പോകുമ്പോൾ അമ്മയോ അച്ഛനോ ഒക്കെ നമ്മളോട് പറയും അറിയാത്തവര് തരുന്നതോന്നും വാങ്ങി കഴിക്കരുത് അല്ലെങ്കിൽ കുടിക്കരുത് എന്നൊക്കെ. ശരിയാണ് ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത ഈ കേട്ട കാലത്ത് നമ്മുടെ സുരക്ഷയെ കരുതി മാത്രമാണ് അവർ അങ്ങനെ പറയുന്നത്.
പക്ഷെ നമ്മൾ ഓർക്കാതെ പോകുന്ന ഒന്നുണ്ട് നമ്മളെ പോലെ തന്നെ ഉറ്റവരും ഉടയവരും ജീവിത പ്രാരാബ്ദവുമൊക്കെ ഉള്ളവർ തന്നെയാണ് ഓരോ വണ്ടിയിലെയും യാത്രക്കാർ. അവരിൽ ഒരു ചെറിയ ശതമാനം ചെയ്യുന്ന തിന്മകളെ നമ്മൾ പറഞ്ഞു പറഞ്ഞു പെരുപ്പിക്കുമ്പോൾ നാം കാണാതെ പോകുന്നത് നന്മയുടെ ഒരായിരം മുഖങ്ങളെയാണ്.

ഓരോ ട്രെയിൻ യാത്രകളിലും ഞാൻ ഓർക്കാറുണ്ട് ഞാൻ ഉൾപ്പെടെ വിശ്വസിക്കാൻ കൊള്ളാത്ത, സൂക്ഷിക്കേണ്ട എത്ര കള്ളന്മാരും തട്ടിപ്പുകാരുമാണ് തീവണ്ടികളിൽ യാത്ര ചെയ്യുന്നതെന്ന്. നമ്മൾ പരസ്പരം നമ്മളെ തെറ്റിദ്ധരിച്ചു കൊണ്ടേയിരിക്കുന്നു. ഇത്രയൊക്കെ സൂക്ഷിച്ചിട്ടും പഠിച്ച കള്ളന്മാർ നമ്മളെ പറ്റിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. സ്നേഹവും കരുതലും പകരുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ടായിട്ടും നാം ഭയന്നുകൊണ്ട് ജീവിക്കുന്നു. എന്തിന് വേണ്ടി…??

കയ്യൊപ്പ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത് പോലെ മറ്റാരിൽ നിന്നൊക്കെയോ നിങ്ങൾക്ക് കിട്ടിയ സ്നേഹം നിങ്ങൾ മറ്റുള്ളവർക്ക് പകർന്ന് നൽകുക അവരില്‍ നിന്ന് അത് അവർക്ക് ചുറ്റുമുള്ളവരിലേക്ക്……
അങ്ങനെ പകർന്നു കൊടുക്കുന്ന സ്നേഹമാണ് ഈ ലോകത്തെ നിലനിർത്തുന്നത്.

തിന്മകളെ പെരുപ്പിക്കുന്നതിന് പകരം നന്മയുടെ പ്രഘോഷിതരാവാം. പരസ്പരം പുഞ്ചിരിക്കാം.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>