വേഴാമ്പലിനെ തേടി…

” ഏറ്റവും കൂടുതൽ വേഴാമ്പലുള്ള സ്ഥലാണ് നെല്ലിയാമ്പതി അറിയോ നിനക്ക്…”
വിബിൻ ഭായ് ചോദിച്ചു.
” ആണല്ലേ…”
” അതെ…”
വിബിൻ ഭായിയുടെ ബുള്ളറ്റ് ഞങ്ങളുടെ സംസാരത്തിനും മീതെ ശബ്ദമുണ്ടാക്കി കൊണ്ട് ചെങ്കുത്തായ കയറ്റം കയറുകയായിരുന്നു അപ്പോൾ.

ഹൈക്കിങ് അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന നെല്ലിയാമ്പതിയിൽ ഒരു നൈറ്റ് ക്യാമ്പും ട്രെക്കിങ്ങും അടങ്ങുന്ന പ്രോഗ്രാമിനായുള്ള യാത്രയാണ്. ഞങ്ങൾക്ക് പുറമെ മുപ്പതിലധികം വരുന്ന ഒരു സംഘവുമുണ്ട് പിന്നാലെ.
നെല്ലിയാമ്പതി കേശവപാറയിൽ നിന്നായിരുന്നു പരിപാടിയുടെ തുടക്കം. ചെറിയ ഒരു നടത്തം, കേശവപാറ വ്യൂ പോയിന്റ് വഴി ഉൾക്കാട്ടിലേക്ക്. അവിടെ ഒരു വലിയ മര ചുവട്ടിൽ ആ ഇളം തണുപ്പിൽ
പരസ്പരം പരിചയപ്പെടൽ. ചെറു ചോദ്യങ്ങളായി തുടങ്ങിയ കുശാലന്വേഷണങ്ങൾ അവസാനമില്ലാതെ തുടർന്ന് പോകവേ രാജു ചേട്ടൻ ഊണിന്റെ കാര്യം ഓർമ്മിപ്പിച്ചു. നെല്ലിയാമ്പതി ടൗണിലേക്ക് പോകുന്ന വഴിയിലുള്ള ഐ. ടി. എൽ ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം ഏർപ്പാട് ചെയ്തിരുന്നത്. മീൻകറിയും മോരും രസവും അടങ്ങിയ രുചികരമായ ഭക്ഷണം വയർ നിറയെ കഴിച്ച് ഒരു ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

തേയിലയും കാപ്പിയും നിറഞ്ഞു നിൽക്കുന്ന വഴികൾ, തോട്ടം തൊഴിലാളികളുടെ കോളനികൾ, കുറെ ചെറിയ ചെറിയ വീടുകൾ, കാൻഡിഡ് ഫോട്ടോയ്ക്ക് വലിയ സാധ്യതയുള്ള ഒരുപാട് മുഖങ്ങൾ, ശരീരത്തെ പുൽകി കടന്നു പോകുന്ന തണുത്ത കാറ്റും.

വൈകുന്നേരം നാലുമണിയോടെ ഞങ്ങൾ പാടഗിരിയിലുള്ള ക്യാമ്പിലേക്ക് പ്രവേശിച്ചു. അതൊരു റിസോർട്ടാണ്. അല്ല ആയിരുന്നു. സ്വകാര്യ ഉടമസ്ഥതയിൽ നിന്ന് ഗവൺമെന്റ് ഏറ്റെടുത്തത്, അല്ലെങ്കിൽ ഉടമകൾ തമ്മിലുള്ള തർക്കപരിഹാരവും കാത്ത് കേസിൽ കിടക്കുന്നത്. ആ കെട്ടിടങ്ങൾ പ്രേതഭവനങ്ങളുടെ രൂപഭാവാധികളോടെ ഞങ്ങളെ സ്വാഗതം ചെയ്തു. പ്രധാന റോഡ് ചെന്നവസാനിക്കുന്ന ഒരു വലിയ മുറ്റം, അവിടെ നിന്ന് പല ദിശകളിലേക്കും നീണ്ടു കിടക്കുന്ന പാതകൾ, ആകാശം മുട്ടെ ഉയരമുള്ള മരങ്ങൾ, തുരുമ്പിച്ച ഇരുമ്പു ഗേറ്റ്, തൊട്ടപ്പുറത്തുള്ള ഒരു കാട്ടു ചോലയ്‌ക്ക് കുറുകെ നിർമ്മിച്ച കൈ വരികൾ പൊട്ടിയ പാലം. ഇതിനുമപ്പുറം അല്പം മാറി ഇരുട്ടിൽ കാട് അതിന്റെ വന്യത മനോഹരമായ ഫ്രെയിമുകൾ ഒരുക്കി വച്ചിരിക്കുന്നു. വേഴാമ്പലിനെയും തേടി ഞങ്ങൾ ആ കാട്ടു പാതയിലൂടെ നടക്കാനിറങ്ങി. ജീപ്പ് പോകാറുള്ള വഴിയാണ്. അധികം പഴക്കമില്ലാത്ത ആന പിണ്ടവും കണ്ടു അതെ വഴിയിൽ. ചുള്ളികമ്പുകൾ പെറുക്കി കൂട്ടി പ്ലാസ്റ്റിക് ചാക്കിന്റെ നൂലു കൊണ്ട് പാതയോരത്ത് ആരോ കെട്ടി വച്ചിരിക്കുന്നു. പുറം ലോകവുമായി അത് പോലൊരു നേരിയ നൂൽ ബന്ധം മാത്രമുള്ള മനുഷ്യർ അരികിൽ എവിടെയോ ഉണ്ടെന്നർഥം. കൂറ്റൻ തടികൾ വഴിയിൽ വീണു കിടക്കുന്നുണ്ട്. അതിനേക്കാൾ വലിയ മരങ്ങൾ കൂസലില്ലാതെ നിൽക്കുന്നതും കണ്ടു. മരങ്ങളിൽ വലിയ തേനീച്ചക്കൂടുകൾ. തത്തയെയും കാട്ടുകോഴിയെയും അണ്ണാനെയും കണ്ടു. പക്ഷെ അന്വേഷിച്ചു വന്ന വേഴാമ്പലിനെ മാത്രം കണ്ടില്ല. ഒരു കാട്ടരുവിക്ക് കുറുകെ ഞങ്ങളുടെ വഴി രണ്ടായി പിരിഞ്ഞു. ഏത് വഴി പോകണം എന്നാലോചിക്കുന്നതിനിടെ കുറെ ദൂരെ പിന്നിൽ നിന്നും ആരോ വിളിക്കുന്നത് പോലെ തോന്നി. ക്യാമ്പിൽ നിന്നാവണം, ഞങ്ങൾ തിരിച്ചു നടന്നു.

ഞങ്ങൾ തിരികെ ക്യാമ്പിൽ എത്തുമ്പോഴേക്കും രാത്രി കിടക്കാനുള്ള ടെന്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉയർന്നു കഴിഞ്ഞിരുന്നു. ഒപ്പം അടുക്കളയിൽ രാത്രി ഭക്ഷണത്തിനുള്ള ഒരുക്കങ്ങളും.

കാട്ടരുവിയിലെ കുളി ഓരോ വനയാത്രയുടെയും ബോണസ്സാണ്. അതിനു വേണ്ടിയായി അടുത്ത നടത്തം. തലകുമ്പിട്ടു നിൽക്കുന്ന ക്രിസ്മസ് സ്റ്റാർ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന, കാപ്പി ചെടികൾ അതിര് ഒരുക്കിയ വഴിയിലൂടെ ആകാശം മുട്ടെയുള്ള മരങ്ങൾ കണ്ട് കൊണ്ട് വേണം ഒരേയൊരു ജലസ്രോതസായ ചെക്ക് ഡാമിന്റെ അരികിലെത്താൻ. നടക്കുന്നതിനിടയിൽ വലിയ മര കൊമ്പുകളിൽ കണ്ണും മനസും തിരഞ്ഞത് വേഴാമ്പലുകളെയാണ്. അധികം ആഴമില്ലാത്ത ചെറിയ അരുവിയാണ്. നന്നായിയോന്നു മുങ്ങി കുളിച്ചു. കുളി കഴിഞ്ഞെത്തിയപ്പോഴേക്കും അവിടെ ക്യാമ്പ് ഫയറിന്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അവിടെ ഫുഡ് ഉണ്ടാക്കൽ ഇവിടെ അന്താക്ഷരി, അവിടെ അന്താക്ഷരി ഇവിടെ സൂപ്പ് ഉണ്ടാക്കൽ അങ്ങനെ ഒരു ലൈനിൽ കാര്യങ്ങൾ മുന്നോട്ട് പോയി കൊണ്ടിരുന്നു. ഒടുക്കം സൂപ്പ് ചപ്പാത്തി ചിക്കൻ എല്ലാം കൂടി ഒരു ഡിന്നറും കഴിച്ച് കുറെ പേരൊക്കെ ടെന്റിനകത്തേക്ക് കയറി. നാടൻ പാട്ടും ബഹളങ്ങളുമായി ഞങ്ങൾ കുറച്ചു പേർ വീണ്ടും തീ കായാനിരുന്നു. പിന്നെ സ്വാമിയുടെയും മധു ചേട്ടന്റെയും നേതൃത്വത്തിൽ രാത്രിയുടെ സൗന്ദര്യത്തിലേക്ക് ഞങ്ങൾ ഡ്രൈവിനിറങ്ങി. കാട്ടുപോത്തിൻ കൂട്ടത്തെ കണ്ടു. നിലാവിന്റെ ഭംഗിയിൽ കാടിനെയും കണ്ടു. തിരിച്ചെത്തിയപ്പോഴേക്കും ടെന്റുകളിൽ നിന്ന് കൂർക്കം വലി ഉയർന്നു തുടങ്ങിയിരുന്നു. പിന്നെ നേരെ ഡോർമേട്രിയിലേക്ക്. യാത്രയുടെ ആഘോഷങ്ങൾക്ക് അവസാനമില്ല തുടർച്ച മാത്രമേ ഉള്ളു. അത് കൊണ്ട് തന്നെ രാത്രി വെളിച്ചത്തിലേക്ക് വളരുന്നത് ഞാൻ കണ്ടു കൊണ്ടിരുന്നു.

ഞങ്ങൾ അതികാലത്ത് വേഴാമ്പലുകളെ അന്വേഷിച്ചിറങ്ങി. കാട് ഉണരുന്നതെയുള്ളൂ. വീതി കുറഞ്ഞ നടപ്പാതയിലൂടെ ഞങ്ങൾ അതിന്റെ ഉള്ളിലേക്ക് നടന്നു. റീനു ഏലിയാസ് പവിഴം ഞങ്ങളെ മുന്നിൽ നിന്ന് നയിച്ചു. ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്നത് വേഴാമ്പലിന്റെ ശബ്ദമാണെന്ന് വിബിൻ ഭായ് നടക്കുന്നതിന്റെ ഇടയിൽ പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് റീനു വിളിച്ചു, അവളാണ് ആദ്യം കണ്ടത്. മരച്ചിലകൾക്കിടയിലൂടെ നീണ്ട രണ്ട് കൊക്കുകൾ. അതെ അതവർ തന്നെയാണ്. വിബിനും ഗീതാഞ്ജലിയും ക്യാമറയുമായി അങ്ങോട്ട് ഓടി. എന്തോ ശബ്ദം തിരിച്ചറിഞ്ഞത് കൊണ്ടാവണം അവ ആ ചില്ല വിട്ട് പറന്നത്. അവ്യക്തമായ ചിത്രങ്ങൾ മാത്രമാണ് ലഭിച്ചത്. വിബിൻ നിരാശനായി. വീണ്ടും ഒരു ശബ്ദം, ഇത്തവണ ഞങ്ങൾ വ്യക്തമായി കണ്ടു നാല് വേഴാമ്പലുകൾ ചിറകടിച്ചു പറന്നു പോകുന്നു. എന്തൊരു ശബ്ദമാണെന്നോ അതിന്റെ ചിറകടികൾക്ക്. ഇത്തവണ ആരും ക്യാമറ തുറന്ന് പിടിച്ചില്ല. അത് കണ്ണിൽ നിന്ന് മരങ്ങൾക്കിടയിലേക്ക് മറയുന്നത് വരെ നോക്കി നിന്നു.
അപ്പോൾ ഇതാണ് സ്പ്പോട്ട്. അവിടെ നിന്നാൽ ഇനിയും കാണാനും പറ്റും റീനു പറഞ്ഞു.
പക്ഷെ അധികനേരം കാത്തുനില്ക്കാൻ ഞങ്ങൾക്കാവില്ല. എട്ടുമണിയോടെ ട്രെക്കിങ്ങിനായി മാട്ടുമലയിലേക്ക് പോകാനാണ് തീരുമാനം. വിശപ്പിന്റെ വിളി കാരണം ഉപ്പ്മാവിനെ മനസിലോർത്ത് തിരിച്ചു നടക്കവേ വഴിയിൽ ഞങ്ങളെ കാത്ത് കാപ്പി ചെടികൾക്കിടയിൽ ഒരു മാൻ കുട്ടി. വിബിൻ ഭായിയുടെ ക്യാമറക്ക് മുന്നിൽ ചിന്നപ്പ്, ഷോൾഡർ ഡൗൺ, ഐസ് ഓപ്പൺ എല്ലാം കഴിഞ്ഞ് പോസ് ചെയ്ത് നിൽക്കുവാണ് മച്ചാൻ. വിശപ്പ് മാറ്റി വെച്ച് ഞങ്ങൾ പിന്നെയും കുറെ ദൂരം നടന്നു. ഒരു പക്ഷെ സൗകര്യ ഉടമസ്ഥതയിൽ ആ റിസോർട്ട് അവിടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇത്രയും ഭംഗിയായി കാടിനെ കാണാൻ കഴിയില്ലായിരുന്നു എന്നെനിക്കു തോന്നി.

ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, ഉച്ചഭക്ഷണം പായ്ക്ക് ചെയ്ത് ബാഗിൽ വച്ചു. ഇനി ട്രെക്കിങ്ങാണ്. അധികം ഒന്നുമില്ല മൈൽഡ് ടൈപ്പ്. പുൽമേടും കാടും പാറക്കെട്ടും ഉൾപ്പെടുന്ന ഒരു ചെറിയ പന്ത്രണ്ട് കിമി യാത്ര. വരയൻ പുലികൾ ഇറങ്ങുന്ന വഴികളാണത്രെ അതിൽ പലതും. പറമ്പിക്കുളം ടൈഗർ റിസർവ് കണ്ണെത്തുന്ന ദൂരത്തുണ്ട്. അങ്ങനെ ഞങ്ങൾ മാട്ടുമലയിലെത്തി. ഉയരങ്ങളിൽ കാറ്റിന്റെ തണുപ്പ് വെയിലറിയാതെ ഞങ്ങളെ കാത്തുകൊണ്ടിരിക്കവേ എഫ്ബിയിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും പോകാനായി ഫോട്ടോകൾ ഫോൺ ഗാലറിയിൽ ജനിച്ചു കൊണ്ടിരുന്നു.
കാടിനകത്ത് തണലിൽ ഉച്ചഭക്ഷണം കഴിച്ചു. കുറച്ചു നേരം വിശ്രമിച്ചു. ചിലർ ചെറുതായൊന്നു മയങ്ങി. പിന്നെ പതിയെ ഇറക്കം. കൂടുതലും കാടിനകത്തു കൂടെയായിരുന്നു മടക്കയാത്ര.
വരുന്ന വഴിയിൽ ഞങ്ങളുടെ ക്യാമ്പിനടുത്തുള്ള ഒരു വീട്ടിൽ കല്യാണമാണ്. അവർ സ്നേഹപൂർവ്വം തന്ന പായസത്തിന്റെ മധുരം അതുമൊരു ഓർമ്മയാണ്.
യാത്ര താൽകാലികമായി ഇവിടെ അവസാനിക്കുന്നു. ഈ രണ്ടു പകലുകളും ഇടയിലെ ഒരു രാത്രിയും കുറെ പുതിയ മുഖങ്ങളെയും ഓർമ്മകളെയും സന്തോഷങ്ങളെയും കൂടി ജീവിതത്തിലേക്ക് തുന്നി ചേർക്കുന്നു.

ഞാനും വിബിൻ ഭായിയും ഒരുമിച്ച് മലയിറങ്ങുകയാണ്.
സത്യം പറഞ്ഞാൽ ഓരോ തവണ മധുചേട്ടന്റെയും രാജു ചേട്ടന്റെയും ട്രെക്കിങ് പ്രോഗ്രാംസിനു പോകുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് അപരിചിതരായ ഒരു കൂട്ടത്തെ വച്ച് തുടങ്ങുന്ന യാത്രകളിൽ ചുരുങ്ങിയ സമയം കൊണ്ട് ഫ്രണ്ട്ഷിപ്പും, പരസ്പ്പരം ഒരു കംഫെർട്ട് ഫീലും എല്ലായ്‌പ്പോഴും കൊണ്ടുവരാൻ ഇവർക്ക് സാധിക്കുന്നത് ഏങ്ങനെയാണെന്ന്.
യാത്രമദ്ധ്യേ എനിക്കും വിബിൻ ഭായിക്കും ഇടയിൽ ഉണ്ടായ സംസാരത്തിന്റെ ഇടവേളയിൽ ഞാൻ ഇതേ കാര്യം വീണ്ടും ഓർത്തു.

ഇതു വരെ കിട്ടിയിട്ടില്ലാത്ത ഉത്തരത്തിനായി ശ്രമിക്കവേ ഭായിയുടെ ചോദ്യം
” ഡാ മ്മക്ക് മംഗലം ഡാമ് വരെ പോയാലോ ഇപ്പോ…!!! ”

ഞാൻ നേരത്തെ പറഞ്ഞ പോലെ യാത്രയുടെ ആഘോഷങ്ങൾക്ക് ഒടുക്കമില്ല, അതിന് തുടർച്ച മാത്രമേയുള്ളൂ.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>