ഇത് പൂർണ്ണമായും ഇടത് സർക്കറിന് എതിരായ ജനവിധിയായി കണക്കാക്കുന്നില്ല. പകരം ബിജെപി വരാൻ പാടില്ലയെന്ന ബഹുഭൂരിപക്ഷം മലയാളികളുടെയും തീരുമാനമാണ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും, എൽ.ഡി.എഫ് വോട്ട് ബാങ്കിൽ ഉൾപ്പെട്ട ശബരിമല നിലപാടിൽ അതൃപ്തിയുള്ളവരുടെ ഒരു ഷെയറും യൂ.ഡി.എഫിന്റെ പെട്ടിയിലേക്ക് പോയി. അത്രയേ ഉള്ളു.
ന്യൂസ് ഫീഡിലും വാട്സാപ്പ് സ്റ്റാറ്റസുകളിലും പലരുടെയും ചെമ്പ് പുറത്താവുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തെ അങ്ങേയറ്റം അവഞ്ജയോടെ നോക്കിക്കാണുന്ന പുച്ഛിസ്റ്റുകൾ, എല്ലാ പാർട്ടിക്കാരും ഒരു പോലെയാണെന്ന് പറയുന്ന നിഷ്പക്ഷ നിഷ്കളങ്കർ ഇവരെയൊന്നും സംഘിന്റെ രണ്ടാംവട്ട ഭരണാരോഹണവും കോണ്ഗ്രസിന്റെ പരാജയവും അലോസരപ്പെടുത്തുന്നില്ല. പക്ഷെ ഇടതിന്റെ പരാജയം അവരെ വല്ലാതെയങ്ങ് സന്തോഷിപ്പിക്കുന്നുമുണ്ട്. മറ്റെല്ലാ ആശങ്കൾക്കുമപ്പുറം ഇവരെല്ലാം കൊണ്ടു നടക്കുന്നത് കറതീർന്ന കമ്മ്യുണിസ്റ്റ് വിരോധം മാത്രമാണ്. അത് കൊണ്ടാണ് ഇലക്ഷൻ തുടങ്ങുന്നതിന് മുൻപ് ഇത് ലോകസഭാ തെരഞ്ഞെടുപ്പാണ്, പൂച്ചയ്ക്ക് പൊന്നൊരുക്കുന്നിടത്ത് എന്താണ് കാര്യമെന്നൊക്കെ ചോദിച്ചവർ ഇപ്പൊൾ ഇത് കേരളത്തിലേക്ക് മാത്രമായി നടന്ന തിരഞ്ഞെടുപ്പിൽ ഇടത്പക്ഷം പരാജയപ്പെട്ടുവെന്ന മട്ടിൽ ആഘോഷിക്കുന്നുണ്ട്. ആ ആഘോഷങ്ങളിൽ വലിയ കാര്യമില്ല. മുഖവിലയ്ക്ക് എടുക്കേണ്ടതുമില്ല. പക്ഷെ കാലങ്ങൾ കൊണ്ട് ഇവിടത്തെ പുരോഗമന പ്രസ്ഥാനങ്ങൾ സൃഷ്ടിച്ചെടുത്ത മൂല്യങ്ങളാണ് സത്യത്തിൽ സംഘപരിവാറിനെ കേരളത്തിൽ നിന്ന് അകറ്റി നിർത്തുന്ന പ്രതിരോധമെന്ന് തിരിച്ചറിയപ്പെടാതെ പോകുന്ന, മാനവികതയിൽ ഊന്നിയുള്ള നിലപാടുകൾക്ക് അർഹിക്കുന്ന കയ്യടികൾ നൽകാത്ത ഒരു സമൂഹം രൂപപ്പെടുമ്പോഴാണ് ഇടതുപക്ഷം പരാജയപ്പെടുന്നത്. അരാഷ്ട്രീയത പറഞ്ഞ്, രാഷ്ട്രീയ ബോധ്യങ്ങളെയും നമ്മൾ എങ്ങനെ നമ്മളായിയെന്ന ചരിത്രവും മറന്ന് പുതിയ സാമൂഹ്യക്രമങ്ങൾ നമ്മൾ ചിട്ടപ്പെടുത്തുമ്പോൾ പരിവാരങ്ങൾക്ക് അടിമപ്പെടാൻ പാകത്തിലുള്ള മനസാണ് നമ്മൾ ഒരുക്കുന്നത്. സോഷ്യൽ മീഡിയയിലെ പല നിഷ്ക്കുകളുടെയും ഫീഡുകളിലും, സ്റ്റാറ്റസുകളിലും, സംസാരങ്ങളിലും തെളിഞ്ഞു കാണുന്നത് അതാണ്. ഇന്നല്ലെങ്കിൽ നാളെ ഇവർ സംഘ പാളയത്തിൽ എത്തപ്പെടുകയും ചെയ്യും. എല്ലാ രാഷ്ട്രീയവും ഒന്നല്ല എന്ന് ഇവർക്ക് തിരുത്തി കൊടുത്തില്ലെങ്കിൽ വർഗീയ രാഷ്ട്രീയത്തിന്റെ വടക്കൻ കാറ്റിൽ ഇതുപോലെ ഉലയതെ നിൽക്കാൻ നമുക്ക് എക്കാലവും കഴിഞ്ഞെന്ന് വരില്ല. അത് കൊണ്ട് നമ്മുടെ സ്വന്തക്കാരെയെങ്കിലും തിരുത്തുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വമാണ്.
#തിരഞ്ഞെടുപ്പ്_2019

0 Comments.