പണ്ടെങ്ങോ എൽ.പി സ്കൂൾ ക്ലാസ്സിൽ പഠിച്ചതാണ് പഴയ സപ്താൽഭുതങ്ങളുടെ കൂട്ടത്തിൽ അംഗോർവാറ്റിലെ ഒരു വിഷ്ണു ദേവാലയത്തെ പറ്റി. ഇപ്പൊ അതൊന്ന് നേരിട്ട് കണ്ടപ്പോ ക്ഷേത്രം മുഴുവൻ ബുദ്ധൻ. ഹിസ്റ്ററി തിരഞ്ഞു ചെന്നപ്പോൾ കേട്ടത് ഇങ്ങനെ. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഖൈമർ രാജവംശത്തിലെ പ്രബലനായ രാജാവ് സൂര്യവർമ്മൻ ഹിന്ദു ക്ഷേത്രമെന്ന നിലയിൽ വിഷ്ണുവിനെ മുൻനിർത്തി നിർമ്മിച്ച ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തന്നെ അവസാനമായപ്പോഴേക്കും ഹിന്ദു മതം വിട്ട് ബുദ്ധമതത്തെ സ്വീകരിച്ച ഖൈമർമാർ മാറ്റി പണിതുവത്രെ. ഒരു തലമാറ്റി വെക്കൽ ഓപ്പറേഷൻ. എവിടെയൊക്കെ വിഷ്ണുവിന്റെ തലയുണ്ടോ അവിടെയൊക്കെ ബുദ്ധൻ.
ഇതിനെ കുറിച്ച് ഞങ്ങളുടെ ഹോസ്റ്റ് ഹാക്കുമായി സംസാരിക്കുകയായിരുന്നു…
അങ്ങനെയൊന്നുമില്ല സർ, ഒരു രാജാവ് ഒരു രീതിയിൽ ആരംഭിച്ചു മറ്റൊരാൾ വേറെയൊരു രീതിയിൽ അയാളുടെ സ്റ്റൈലിൽ അവസാനിപ്പിച്ചു. വിശ്വാസങ്ങളിൽ അല്ല ജീവിതത്തിൽ അല്ലെ കാര്യം. ഇപ്പോൾ തന്നെ ഞങ്ങളിൽ 90 ശതമാനം പേരും ബുദ്ധമതക്കാരാണെന്ന് പറയുന്നു. ആരും അതിന്റെ പേരും പറഞ്ഞ് ഒന്നും ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇഷ്ടമുള്ളത് ചെയ്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഗവൺമെന്റിനെ വിമർശിക്കാതിരുന്നാൽ മാത്രം മതി.
ഇപ്പോൾ ക്രിസ്റ്റിയാനിറ്റി പ്രചാരണം ഇവിടെ ആരംഭിച്ചിട്ടുണ്ട് ബുദ്ധിസം അതിന്റെ വിശ്വാസികൾക്ക് കയ്യിൽ ഒന്നും കൊടുക്കുന്നില്ല പക്ഷെ ചർച്ചിന് പലതും കൊടുക്കാൻ കഴിയും കാരണം അവരുടെ കയ്യിൽ പണമുണ്ട്. അപ്പോൾ അതാവശ്യമുള്ളവർ അങ്ങോട്ട് പോകും. പക്ഷേ അതിന് ശേഷം ചർച്ച് അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ തുടങ്ങും. ആരാധിച്ച് ശീലിച്ചിട്ടില്ലാത്ത ഒരു ജനതയ്ക്ക് അത്തരം വിശ്വസങ്ങളെ അത്ര എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ജീവിക്കാൻ വേണ്ടി ആളുകൾ മാറും, അത് ഉറപ്പാണ്.
സീയം റേപ്പിൽ നിന്ന് ഇന്നലെ ബസ് കേറുമ്പോ ഒട്രിസ് ബീച്ചായിരുന്നു ലക്ഷ്യം. പക്ഷെ സിനോക്കുവില്ലായിൽ മേക്ക് മൈ ട്രിപ്പ് വഴി ബുക്ക് ചെയ്ത റൂമിലേക്ക് ചെക്കിൻ ചെയ്യാൻ ചെല്ലുമ്പോ അവിടത്തെ ചൈനക്കാരൻ പറയുവാണ് കടക്ക് പുറത്ത് ന്ന്. കൃത്യമായ കമ്യൂണിക്കേഷൻ നടക്കുന്നില്ലായെന്നു കണ്ട് അപ്പുറത്തെ ഹോട്ടലിൽ കേറിയപ്പോഴാണ് അറിയുന്നത് ആ ഹോട്ടല് അതിന്റെ മുതലാളി അടപടലം ഒരു ചൈനക്കാരന് കൊടുത്തേക്കുവാണെന്ന്. സകല ബുക്കിങ്ങും ക്യാൻസൽ ചെയ്‌തുന്ന്. എന്നാ ഈ മെയ്ക്ക് മൈ ട്രിപ്പന് അതോന്നു പറഞ്ഞൂടെ. പിന്നെ അവിടെത്തന്നെ കിടക്കണമെന്ന് നേർച്ച ഒന്നും ഇല്ലാത്തൊണ്ട് ലോറി പോലത്തെ വാനും സ്പീഡ് ബോട്ടും ഓക്കെ പിടിച്ച് അവസാനം വേറെ ഒരു ബീച്ചിൽ എത്തിപ്പെട്ടു. വെള്ളമണൽ വിരിച്ചതും ഇടയ്ക്ക് തെങ്ങുകളും കാടും അകലേക്ക് നോക്കിയാൽ മലകളുമൊക്കെ ഉള്ള നല്ല ഉഗ്രൻ ബീച്ച്. ജോഗ്രഫിക്കലി പറഞ്ഞാൽ ചൈന കടലിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്തായിട്ട് വരും. ഇനി നാളെയും കടലാണ് കണിയും കാഴ്ചയും.
ലോകത്തിന്റെ ഏത് കോണിലായാലും എത്ര നേരം നോക്കി നിന്നാലും മടുക്കാത്തത്തായിട്ട് കടൽ എന്ന ഒരേയൊരു ഐറ്റം മാത്രമേ ഉള്ളു എന്ന് തോന്നുന്നു. അതുകൊണ്ടാവാം സ്വയം പ്ലാൻ മാറ്റിയ യാത്ര ചൈന കടലിന്റെ തീരത്തുള്ള ഒരു ദ്വീപിൽ രണ്ട് ദിവസത്തേക്ക് തടവിലിട്ടിട്ടും ഞങ്ങൾക്ക് മടുപ്പ് തോന്നാതെയിരുന്നത്.
അവിടെ എംപെ ബേ ബീച്ചിൽ തിന്നും കുടിച്ചും കടൽ നോക്കിയിരുന്ന നേരത്താണ് ചരിത്രവും ഭൂമിശാസ്ത്രവും തിരയുന്നത്. രണ്ടായിരമാണ്ടോടെ മാത്രം വിനോദസഞ്ചാര പ്രവർത്തനങ്ങൾ ആരംഭിച്ച കംബോഡിയൻ ഇരട്ട ദ്വീപുകളാണ് കൊറോങ്ങും കൊറോങ് സാൻലോയിം. തദ്ദേശിയരേക്കാൾ കൂടുതൽ വിദേശികൾ ഉള്ള ഇടമാണ്. അവസാനമില്ലാത്ത വെള്ളമണൽ വിരിപ്പും, പവിഴപ്പുറ്റുകളും തെങ്ങും പനയും ഇരുട്ടിൽ കടലിനടിയിൽ പ്രകാശം പരത്തുന്ന പ്ലാങ്ക്ടോണുകളും ഉള്ള, ആകാശത്തിനും കടലിനും അപാരമായ നീലിമ സ്വന്തമായുള്ള തീരങ്ങൾ. അതിന് പിന്നിലായി കാടും മലയും വെള്ളച്ചാട്ടവും വരെ ഒളിച്ചു വച്ചിരിക്കുന്ന ഭൂപ്രകൃതിയും. ഇതൊക്കെ കണ്ടിട്ടാവണം കടൽ കടന്ന് വന്ന് വിദേശികൾ കൂടും കുടുക്കയുമൊരുക്കി റെസ്റ്റോറന്റുകളുടെയും താമസ സൗകര്യങ്ങളുടെയും കച്ചവടമാരംഭിച്ചത്.
കൊറോങ് ദ്വീപുകളിലെ ടൂറിസം ആരംഭിച്ചിട്ടേയുള്ളൂ. അത്രമാത്രം മനുഷ്യർ അവിടെ ചെന്നെത്തി തുടങ്ങിയിട്ടില്ല. ഞങ്ങൾ താമസിച്ച എം.പെ.ബെ ബീച്ചിൽ നിന്ന് മല കടന്ന് അടുത്ത ബീച്ചിലേക്ക് പോകാൻ കാടിനുള്ളിലൂടെ ഒരു നടപ്പാത മാത്രമേ ഇപ്പോൾ ഉള്ളു. 45 മിനിറ്റ് നടന്ന് അവിടെ ചെന്നത്തിയാൽ വിശാലമായ മണൽ വിരിപ്പും, നീല ആകാശവും, അടിത്തട്ടിലെ മണലിൽ തിരകൾ വരച്ചിടുന്ന അടയാളങ്ങൾ കാണാൻ സാധിക്കുന്ന അത്രയും തെളിഞ്ഞ വെള്ളമുള്ള ഒരു കടലും നിങ്ങളുടെ സ്വന്തമാണ്. അരപകൽ നേരം അത്തരത്തിലൊന്നിന്റെ ഉടമസ്ഥനാവൻ കഴിഞ്ഞതാണ് മടങ്ങുമ്പോൾ ഉള്ള ഏറ്റവും വലിയ സന്തോഷം.
പിന്നെ കുറെ മനുഷൃരുണ്ട് അവിടെ. അലക്സെന്ന പേരുള്ള ഞങ്ങളുടെ ഹോസ്റ്റ് ; എ.ടി.എമ്മും, സ്വൈപ്പിങ് മെഷിനുകളും ഇല്ലാത്തയിടത്ത് $20 കടം തന്ന് സഹായിച്ച, രാവിലെ വെറും വയറ്റിൽ ബോട്ടിൽ പോകണ്ട കാപ്പിയിട്ടു താരാമെന്ന് പറഞ്ഞ ഫ്ലോറിഡക്കാരി. അവരുടെ സഹായി റിയാൻ, ചിരിച്ച മുഖത്തോടെ ഭക്ഷണം വിളമ്പിയ ആലീസ്, ബൈക്കോടിച്ച് ബഹളം വെക്കുന്ന ഫ്രീക്കൻ ചെക്കൻ, തെർമോക്കൊളു കൊണ്ട് ചങ്ങാടമുണ്ടാക്കി കടലിൽ പോകുന്ന രണ്ട് വഴക്കാളി ചെറുക്കന്മാർ. ആളൊഴിഞ്ഞ ബീച്ചിൽ വച്ച് ബീയർ പെട്ടിയും കൊണ്ട് പോകവെ മറിഞ്ഞു പോയ ബൈക്ക് നേരെയാക്കാൻ സഹായിച്ചതിന് ബീയർ കാനുകൾ സമ്മാനമായി തന്ന, നന്ദിയെന്ന വാക്ക് ആംഗ്യഭാഷയിലൂടെ ആദ്യമായി എന്നോട് പറഞ്ഞ ഒരു കംബോഡിയക്കാരൻ. കേരളത്തെ കുറിച്ച് ആലപ്പുഴയെ കുറിച്ച് വാചാലയായ ഒരു ന്യൂസിലാൻഡ് ദമ്പതികൾ. പിന്നെ കണ്ണുടക്കിയാൽ വിശേഷങ്ങൾ ചോദിക്കാൻ വരുന്ന വേറെയും കുറെ മനുഷ്യർ.
ഒന്ന്, രണ്ട്, മൂന്ന് എന്നെണ്ണി കാഴ്ചകൾ കണ്ടു തീർക്കാൻ പോകന്നതിനെക്കാൾ നല്ലത് ഉള്ളിൽ സന്തോഷവും, ചിരിയും തിരിച്ചറിവുകളും നിറയ്ക്കുന്നയിടങ്ങളിൽ ചെന്നെത്തുന്നതാണെന്ന് തോന്നുന്നു.
തിരിച്ചു വരവ് ഉണ്ടാകുമോയെന്നറിയില്ല…
നന്ദി എം.ബേ.പെ,
നന്ദി കൊറോങ് സാൻലോയിം.
മനസ് നിറച്ച കാഴ്ചകൾക്ക്, തന്ന ചിരികൾക്ക്, സന്തോഷങ്ങൾക്ക്. ❤
കൊച്ചീന്ന് കോലാലംപൂര്, അവിടുന്ന് സീയംറേപ്പ്, പിന്നെ സിനോക്കുവില്ലെലേക്ക്. പിന്നെ കൊറോങ് സയോലിം വരെ, അവിടുന്ന് തിരിച്ച് ഫെനംപെ പിന്നെ വീണ്ടും കോലാലംപൂരിലേക്ക് ബസിലും ബോട്ടിലും ഫ്ലൈറ്റിലുമൊക്കെയായി സഞ്ചരിച്ച ദൂരങ്ങളാണ് യാത്രയ്ക്കിടയിലും അതിന്റെ കാത്തിരിപ്പ് വേളകളിലും അരികിൽ പലരും വന്നു. ഇരുന്നു. ചിരിച്ചും ചിരിക്കാതെയും പോയി. അനാവശ്യ ചോദ്യങ്ങളില്ല നോട്ടങ്ങളില്ല.
കോലാലംപൂർ ടു കൊച്ചി ഫ്ലൈറ്റിനുള്ള വെയ്റ്റിംഗ് ഏരിയ. കൂടുതലും മലയാളീസ്.
നമ്മൾ തമ്മിൽ മലയാളം പറയുന്നത് കേട്ട് അടുത്തിരിക്കുന്ന ആള് ഒന്ന് നോക്കി പിന്നെ അടുത്തേക്ക് വന്ന്
” മലയാളി ആണല്ലേ. നിങ്ങൾ ഇവിടെ എന്ത് ചെയുവാ വർക്കാണോ… ? ”
മറ്റുള്ളവന്റെ കാര്യങ്ങൾ അറിയാൻ ഇത്രേം ശുഷ്കാന്തി കാണിക്കുന്ന ജീവിവർഗ്ഗം ഈ ഭൂമില് വേറെ കാണൂല.



0 Comments.