വോട്ടവകാശം ലഭിക്കലും തിരഞ്ഞെടുപ്പ് വരുമ്പോള്‍ തോന്നുന്ന ആവേശവും തമ്മില്‍ വല്യ ബന്ധമൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം വോട്ടവകാശം ലഭിക്കുന്നതിനു മുമ്പുള്ള തിരഞ്ഞെടുപ്പുകളാണ് ഞാന്‍ കുറേ കൂടി എന്ജോയ് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുപ്പുകാലത്ത് എന്‍റെ വീടിന്‍റെ മുന്നിലാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ അവരുടെ സ്റ്റാള്‍ ഇട്ടിരിക്കാറുള്ളത്. ആരും അധികം ഒന്നും സംസാരിക്കാതെ വോട്ട് ചെയ്യാന്‍ പോകുന്ന ജനങ്ങളെ ഒന്ന്‍ നോക്കി ചിരിച്ച് സംശയമുള്ളവര്‍ക്ക് ചിഹ്നങ്ങള്‍ പറഞ്ഞു കൊടുത്ത് കുട്ടികളായ ഞങ്ങള്‍ക്ക് ചിഹ്നത്തിന്റെ പേപ്പര്‍ മോഡലുകളും നോട്ടീസുകളും തന്ന് കള്ളത്തരമെന്നു തോന്നാത്ത വിധം കള്ളവോട്ട് ചെയ്യാന്‍ ആള്‍ക്കാരെ പറഞ്ഞു വിട്ട് അങ്ങനെ അങ്ങനെ…. !!! എന്തോ രസമായിരുന്നു….
അവകാശം കിട്ടിയ ശേഷം സത്യം പറഞ്ഞാല്‍ ഇതൊന്നും എന്ജോയ് ചെയ്തിട്ടില്ല. പക്ഷേ ഇത്തവണ ഒരു രസം തോന്നി. തലേദിവസം തന്നെ വീട്ടില്‍ എത്തി. അച്ചനും അനിയനുമായി രാഷ്ട്രീയ ചര്‍ച്ചകള്‍. ഇത്തവണ ഇടതന്മാര്‍ക്ക് പിന്തുണ കൊടുക്കാന്‍ തീരുമാനിച്ചത് കൊണ്ട് ചെറിയ രീതിയിലുള്ള നിശബ്ദപ്രചാരണങ്ങള്‍ വാട്ട്സ്ആപ്പ് വഴി. രാത്രി തന്നെ ഐഡി കാര്‍ഡ് തപ്പിയെടുത്തു. എല്ലാം ഒത്തുവന്നാല്‍ ഞങ്ങള്‍ടെ ബൂത്തിലെ ആദ്യത്തെ വോട്ട് ചെയ്യണമെന്ന ആഗ്രഹവും മനസ്സില്‍ സൂക്ഷിച്ചിരുന്നു.
ആദ്യ വോട്ട് എന്ന സ്വപ്നം നടന്നില്ലെങ്കിലും സാമാന്യം നേരത്തെ തന്നെ പോയി. പോകുന്ന വഴിയില്‍ സ്റ്റാള്‍ ഇട്ട് ഇരിക്കുന്നുണ്ട് പാര്‍ട്ടിയുടെ ലോക്കല്‍ നേതാക്കള്‍. അവരോട് ചിരിച്ചു. അവര്‍ തിരിച്ചും. പോളിംഗ് ബൂത്തില്‍ നല്ല തിരക്കായിരുന്നു. കണ്ണെത്തുന്ന ദൂരം മുതല്‍ നോക്കി തുടങ്ങി. ഓരോരുത്തരിലും കണ്ണുടക്കി. കൂടുതലും പരിചയമുള്ളവരാണ്. ചിലരോടൊക്കെ ചിരിച്ചു. ചോദ്യങ്ങള്‍ക്ക് ആംഗ്യഭാഷയില്‍ മറുപടിയും. ഇതുപോലെയുള്ള അവസരങ്ങളില്‍ മാത്രം പരസ്പരം കാണുന്നവരായി മാറിപോയിരിക്കുന്നു നമ്മളില്‍ പലരും. ഇവരില്‍ ഓരോരുത്തരെയും കുറിച്ച് ഓര്‍ക്കാന്‍ എന്തെങ്കിലും സംഭവങ്ങള്‍ കാണും. മിക്കതും ചെറുപ്പത്തിലെ ഓര്‍മ്മയില്‍ പതിഞ്ഞ ചെറിയ ചില സംഭവചിത്രങ്ങള്‍. പലരും വയസ്സായിരിക്കുന്നു. ചെറിയ കുട്ടികള്‍ എന്ന് മനസ്സില്‍ കരുതിയിരുന്നവര്‍ ഭരണം തീരുമാനിക്കാന്‍ ശേഷിയുള്ള വിധം പൗരന്മാരും പൗരകളുമായി വളര്‍ന്നിരിക്കുന്നു. ഒപ്പം സുന്ദരന്മാരും സുന്ദരികളും. കഴിഞ്ഞ ഇലക്ഷന് നടന്നു വന്ന ചിലര്‍ ഇത്തവണ ഓപ്പണ്‍ വോട്ട് ചെയ്യുകയാണ്. പോളിംഗ് ബൂത്തിലെ വരി ബോറടിപ്പിക്കാതെ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു…..
ഞാന്‍ പഠിച്ച സ്കൂളിലെ ഹെഡ്മാഷിന്റെ ഓഫീസ് മുറിയാണ് പോളിംഗ്ബൂത്ത്. ആ ചുമരുകള്‍ക്ക് സംസാരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അവയും ചിലപ്പോള്‍ എന്നോട് പഴയ ഓര്‍മ്മകള്‍ പറഞ്ഞേനെ.
വോട്ട് ചെയ്ത് പുറത്തെക്കിറങ്ങുമ്പോഴും മഴക്കാറ് കെട്ടിനിന്ന ആകാശത്തിന് താഴെ ക്യുവിന്‍റെ നീളം വര്‍ധിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.
തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അമ്മ ചോദിച്ചു.
” നീ എന്താ കഞ്ചാവടിച്ച പോലെ വെറുതെ ചിരിച്ചോണ്ട് വര്ന്നത്…!!! ”
മറുപടി പറഞ്ഞില്ല. മനസ്സില്‍ ഓര്‍ത്തു.
ഇത് അതുക്കും മേലെയാണ്. മദ്യനയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സഖാവ് എം. സ്വരാജ് പറഞ്ഞപോലെ നമ്മുടെ ഓര്‍മ്മകളും ഭാവനയും ജീവിതവുമാണ് ഏറ്റവും വലിയ ലഹരി. ഞാനിപ്പോ ഇച്ചിരി കൂടിയ ഡോസില്‍ അതടിച്ചിരിക്കുകയാണ് അമ്മാ….

0 Comments.