ഉത്തരഭൂമിയിലൂടെ – 3

ആദ്യ ഭാഗങ്ങള്‍ വായിക്കാം

കാറ്റിയ്ക്ക് പകരം ഞങ്ങളുടെ മുറിയിൽ താമസിക്കാനെത്തിയ ആറാമാനെ ഞങ്ങൾ കണ്ടിട്ടേയില്ല. കർട്ടൻ വലിച്ചിട്ടടച്ച കട്ടിൽ കൂട്ടിനുള്ളിൽ ഒരാൾ ഉണ്ടെന്ന് മാത്രമേ ഞങ്ങൾക്കറിയു. കഴിഞ്ഞ രാത്രിയിലെ പാക്കിങ്ങിന്‍റെ ബഹളത്തിൽ അയാളെ നമ്മൾ ശല്യപ്പെടുത്തിയെന്നാണ്  സുരമ്യയുടെ ഭാഷ്യം. അതിന് പരിഹാരമെന്നവണ്ണം അയാൾക്ക് വേണ്ടി വെണ്ടയ്ക്കാ മുഴുപ്പിൽ അവൾ എഴുതിയ സോറിയും ഒരു സ്മൈലിയും അവിടെ ചുമരിൽ ചാരി വച്ചിരിക്കുന്ന അയാളുടെ ഗിറ്റാറിന്‍റെ ബാഗിൽ കൊളുത്തി വച്ചിട്ടാണ് ഞങ്ങൾ ശിവശക്തി ലോഡ്ജിലെ മൂന്നാം നമ്പർ ഡോർമെട്രി വിട്ടിറങ്ങിയത്.

സമയം 7 മണി കഴിഞ്ഞിരിക്കുന്നു. തിങ്കളാഴ്ചയാണ്. ശിവാ-ഡേയാണ്. ഹോസ്റ്റൽ രജിസ്റ്ററിൽ സമയം എഴുതി വച്ച് അഭിഷേകിനും സുഹൃത്തുകൾക്കും നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി. ലക്ഷമൺ ജൂല പാലം അടച്ചിരിക്കുകയാവും. ഞങ്ങൾ രാംജൂലയുടെ ദിശയിലേക്ക് നടന്നു. കഴിഞ്ഞ ദിവസം രാവിലെ നടന്ന അതെ വഴികൾ. ചുറ്റിലും അതെ കാഴ്ചകളും. അമ്മ പറയാറുള്ളത് പോലെ കെട്ടും ഭാണ്ഡവുമായുള്ള നടപ്പാണ്. അതുകൊണ്ട് തന്നെ എല്ലാവരുടെയും നടപ്പിന് വേഗവും കുറവാണ്. രാംജൂല പാലം കടന്ന് ഞങ്ങൾ ശിവാന്ദനഗറിലെത്തി. ഇന്നലെ ത്രിവേണി ഘട്ടിലേക്ക് പോയ വഴികൾ തന്നെയാണ്. അവിടെയൊരു ജംഗ്ഷനിൽ വലിയ തിരക്ക്. ഇടംവലം തിരിയാനാവാത്തവിധം തിരക്കിൽപ്പെട്ടു നിൽക്കുന്ന വാഹനങ്ങളെ ലാത്തി കൊണ്ട് തല്ലുകയാണ് പോലീസ്. കുറച്ചു ദൂരം കൂടി നടന്നപ്പോൾ വഴിയരികിൽ കണ്ട ഊശാന്താടിയുള്ള മെലിഞ്ഞ ഒരു റിക്ഷകാരനെ ഞങ്ങൾ ഓട്ടത്തിന് വിളിച്ചു. അവിടെ നിന്നും ഋഷികേശ് ബസ് സ്റ്റാൻഡ് വരെ വരാൻ സാധിക്കില്ലെന്നും അടുത്ത ജംഗ്ഷനിലേക്ക് പോകാനും അയാൾ ഞങ്ങളോട് പറഞ്ഞു. വീണ്ടും അര കിലോമീറ്റർ നടക്കേണ്ടി വന്നു റിക്ഷ കിട്ടാൻ. റിക്ഷ പോകുന്നതും തിരക്കിൽ കൂടി നീങ്ങിയും നിരങ്ങിയുമൊക്കെ തന്നെയാണ്. നമ്മൾ നടന്നു ബുദ്ധിമുട്ടേണ്ട കാര്യമില്ലയെന്നത് മാത്രമാണ് മെച്ചം. പോലീസിന്റെ ലാത്തി വണ്ടിയുടെ പിറകിലും വശങ്ങളിലുമായി ഇടയ്ക്കിടെ ആഞ്ഞു പതിക്കുന്നുണ്ട്.

വഴിയരികിൽ കണ്ട തിരക്കൊന്നുമില്ല ഋഷികേശ് ബസ് സ്റ്റേഷനില്‍. രുദ്രപ്രയാഗിലേക്കുള്ള രണ്ടു ബസുകൾ അവിടെ കാത്തു കിടപ്പുണ്ടായിരുന്നു. ആദ്യം പുറപ്പെടുന്ന ബസിൽ തന്നെ കയറി. യാത്രക്കാർ ആരുമില്ല. ബാഗുകൾ  വെക്കാനായി കണ്ടക്റ്റർ ബസിന്‍റെ പിറകിലെ ഡിക്കി തുറന്നു തന്നു. ഋഷികേശിൽ നിന്ന് അഞ്ചരമണിക്കൂർ യാത്രയുണ്ട് രുദ്രപ്രയാഗിലേക്ക്. അവിടെ നിന്നും അമ്പത്തിയഞ്ചു കിലോമീറ്റർ അകലെയാണ് സരി ഗ്രാമവും മലമുകളിലെ തടാകം ഡിയോറിയ താലും. പകലോടുങ്ങും മുൻപ് ഞങ്ങൾക്ക് എത്തിച്ചേരേണ്ടയിടം.

ബസ് പുറപെടാൻ ഇനിയും സമയമുണ്ട്. പ്രഭാതഭക്ഷണം പോലും കഴിക്കാതെ ഇറങ്ങിയതാണ്. ബിസ്കറ്റും വെള്ളവും വാങ്ങാനായി ബസ്സ്റ്റാൻഡിന്റെ വലതു വശത്തുള്ള കടകളിലേക്ക് ഞാനും മുകുളും നടന്നു. പലതും തട്ടുകടകളാണ്. ആലുപൊറോട്ടയും റൊട്ടിയും നാനുമൊക്കെ തന്നെയാണ് വിഭവങ്ങൾ.
” ഇവിടെ ദോശ ഇഡലി ഒന്നും കിട്ടില്ല സാർ – ഞങ്ങൾ യാതൊന്നും വാങ്ങാതെ പിൻവലിയുന്നത് കണ്ട് ഒരു കടക്കാരൻ ഓർമ്മിപ്പിച്ചു.
ചുട്ടുപഴുത്ത കല്ലിൽ വേവുന്ന ചപ്പാത്തിയുടെ പാകം ഊഹിക്കുന്നതിനിടയിൽ എത്ര പെട്ടെന്നാണ് അവർ നമ്മളെ തിരിച്ചറിയുന്നത്. തെക്കേഇന്ത്യക്കാരന്,  മദ്രാസിക്ക് ദോശയും ഇഡ്ലിയുമാണ് പഥ്യമെന്ന് എവിടെയോ കേട്ടത് ഓർമ്മിച്ചെടുക്കുന്നത്. ഇടയിൽ കണ്ട ഒരു ബേക്കറിയിൽ നിന്നും ബിസ്ക്കറ്റും വെള്ളവും, കൂട്ടത്തിൽ ഭേദമെന്ന് തോന്നിയ ഒരു തട്ടുകടയിൽ നിന്നും നാല് ആലു പൊറോട്ടയും പാർസൽ വാങ്ങി ഞങ്ങൾ ബസിൽ കയറി. ആ ചെറിയ ബസ് അപ്പോഴേക്കും ഏകദേശം മുഴുവനായി തന്നെ നിറഞ്ഞിരുന്നു. പകുതിയും രുദ്രപ്രയാഗിലേക്കുള്ളവർ തന്നെയാണെന്ന് കണ്ടക്റ്ററുടെ സംസാരത്തിൽ നിന്നും മനസിലായി.

യാത്ര ആരംഭിക്കുകയാണ്. ഇനിയും വരണമെന്ന ആഗ്രഹം തീവ്രമായി സൂക്ഷിച്ചു കൊണ്ട് ഋഷികേശിനെ ഞങ്ങൾ ഉപേക്ഷിക്കുന്നു. പുതിയ കാഴ്ചകളുമായി അകലെയേതോ മലമുകളിൽ ഡിയോറിയ ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. ഋഷികേശിന്റെ പട്ടണമുഖമുള്ള തെരുവിലൂടെ നീങ്ങുകയാണ് ഞങ്ങളുടെ ബസ്. രാംജൂലയിലും ശിവാനന്ദനഗറിലും കണ്ടതുപോലെയുള്ള ശ്വാസം മുട്ടിക്കുന്ന തിരക്കില്ലെങ്കിലും ഹെൽമെറ്റ് വെക്കാത്ത ബൈക്ക് യാത്രക്കാരും, അവരോട് മത്സരിക്കുന്ന ഓട്ടോക്കാരും, ഹിമാലയൻ താഴ്വ്വരകളിലേക്കുള്ള യാത്രസംഘങ്ങളുടെതുമടക്കം വാഹനങ്ങളാൽ സമൃദ്ധമാണ് റോഡ്. പട്ടണത്തിന്‍റെ പകിട്ട് തീർന്നു തുടങ്ങുമ്പോഴേക്കും റോഡിന്‍റെ ഒരു വശത്തായി ഗംഗയെ കാണാൻ തുടങ്ങി. അധികം വീതിയില്ലല്ലാതെ ഋഷികേശിന്റെ നേർക്ക് കുതിച്ചൊഴുകുകയാണ്  അവൾ.  അല്‍പ ദൂരം കൂടി പോയതോടെ നഗരത്തിരക്കുകള്‍ ഇല്ലാതായി. പകരം ചെറുവനങ്ങള്‍ തലപൊക്കി തുടങ്ങുകയാണ്. അവിടെ പലയിടങ്ങളിലും റാഫ്റ്റിങ്ങ് സ്‌പോട്ടുകളാണെന്നു സൂചിപ്പിച്ച് ബോര്‍ഡുകളുണ്ട്. മഴകാലമായതിനാൽ എല്ലാം  ഒരു മാസത്തേക്ക് അടച്ചിട്ടിരിക്കുന്നതു കൊണ്ട് നദിയിൽ റാഫ്റ്റുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

പാർസൽ വാങ്ങിയ ആലുപൊറോട്ട കഴിക്കാൻ തുടങ്ങുകയാണ് രമ്യ. പൊറോട്ടയെ പൊതിഞ്ഞിരിക്കുന്ന പേപ്പർ മുഴുവൻ എണ്ണയിൽ കുതിർന്നിരിക്കുകയാണ്. ഇനിയത് വീണ്ടും പാർസൽ മോഡിലേക്ക് മാറ്റുകയെന്നത് അസാധ്യമാണ്. എത്രയും വേഗം കഴിച്ചു തീർക്കുക എന്ന ഒരു വഴി മാത്രമേയുള്ളു. ഞാനും അവളോടൊപ്പം ചേർന്നു. ബാക്കിയുള്ളത് ഞങ്ങൾ മറ്റുള്ളവർക്കായി വീതിച്ചു നൽകി. പിന്നെ ബിസ്‌ക്കറ്റും ചോക്ലേറ്റും കഴിച്ചു. വെള്ളവും കുടിച്ചു.

ബസിന്‍റെ ജനാലയ്ക്കപ്പുറത്ത് ഭൂപ്രകൃതി മാറുകയാണ്. റോഡ് പതിയെ മല മുകളിലേക്ക് കയറാന്‍ തുടങ്ങിയിരിക്കുന്നു. വലതു വശത്തു കൂടി ഒഴുകുന്ന ഗംഗയിപ്പോൾ കൂടുതല്‍ ആഴങ്ങളിലാണ്. ഇടതു വശത്ത് മലയും വലതു വശത്ത് കൊക്കയും എന്നതായി സ്ഥിതി. റോഡില്‍  ചെറുതും വലുതുമായ കല്ലുകള്‍ ചിതറിക്കിടക്കുന്നു. മലമുകളില്‍ നിന്ന് വീഴുന്നതാണ്. ഏതു നിമിഷവും, ഏതു വലിപ്പത്തിലുമുള്ള കല്ലുകൾ റോഡിലേക്ക് വീഴാം.

പുറത്തേക്ക് നോക്കിയാൽ ഗംഗയെ ഒഴിവാക്കി കൊണ്ട് മറ്റൊരു കാഴ്ചയില്ല. എന്തൊരു നദിയാണിത്. ഉത്തരാഖണ്ഡിൽ കാലുകുത്തിയത് മുതൽ പലരൂപത്തിലും ഭാവത്തിലും വിടാതെ പിന്തുടരുകയാണവൾ. എന്റെ മനസ് അവൾക്കൊപ്പം സഞ്ചരിക്കുകയാണ്. റോഡിലെ ഉയരത്തിൽ നിന്ന് നോക്കിയാൽ കാണാം പാറക്കൂട്ടങ്ങളോട് കലഹിച്ച് കുറ്റിക്കാടിന്റെ മറവിൽ തീരങ്ങളെ ചുംബിച്ച് നാണിച്ചൊഴുകി പോകുന്ന ഇളക്കകാരിയെ. ഒരു വളവ് തിരിഞ്ഞാൽ അവൾ ചിലപ്പോൾ ആരെയും  വകവെയ്ക്കാത്ത അഹങ്കാരിയാവും. ചിലയിടങ്ങളിൽ നീണ്ട മുടിയഴിച്ചിട്ട് ആർത്തട്ടഹസിക്കുന്ന ഭ്രാന്തിയാവും. ദൂരങ്ങൾ താണ്ടി ആരതിയർപ്പിക്കാനെത്തുന്ന ഭക്തരുടെ മുന്നിൽ സർവപാപപരിഹാരിണിയുടെ മുഖംമൂടിയണിഞ്ഞ് അവൾ സ്വച്ഛമായി ചിരിക്കുന്നു. ഞാനും അവൾക്കൊപ്പം ഒഴുകുകയാണിപ്പോൾ.
ആളൊഴിഞ്ഞ ഏതോ തീരത്ത് വച്ച് പിന്നിൽ നിന്നും അവളുടെ കരം കവർന്നു കൊണ്ട് ഞാൻ ചോദിച്ചു – എന്തൊരു അത്ഭുതമാണ് പെണ്ണെ നീ….”
പേരറിയാത്ത ഏതോ തീരത്ത് നിന്നും കൊണ്ടു വന്ന ജൈവാവശിഷ്ടം അവിടെ ഉപേക്ഷിച്ച് അവൾ എന്‍റെ നേരെ തിരിഞ്ഞു.
” മിത്തുകളിൽ നിന്ന് ഉത്ഭവിച്ച് അന്ധമായ വിശ്വാസങ്ങളിലൂടെ ഒഴുകി നിങ്ങളുടെ പാപദഹനത്തിനായി ഭക്തിയുടെ ഘട്ടുകൾ സൃഷ്ടിച്ചൊഴുകുന്ന ആ മോക്ഷദായിനിയല്ല ഞാൻ… കണക്കിലാത്തത്രയും ഉന്മാദികളാൽ എന്നുമെന്നും മുറിവേറ്റു കൊണ്ടിരിക്കുന്നവൾ,  അശുദ്ധമായി കൊണ്ടിരിക്കുന്നവൾ ഭ്രാന്തിന്‍റെ ആ തീരങ്ങളിൽ നിന്നും ഒഴുകിയകലാൻ ശ്രമിക്കുന്ന ഒരു നീർച്ചാൽ മാത്രമാണ് ഞാൻ. ഇനിയും എന്നെ…”

” ഹേയ് ഹേയ്.. ” ആരോ എന്നെ തൊട്ടു വിളിച്ചു. അടുത്ത സീറ്റിൽ ഇരിക്കുന്ന വൃദ്ധനാണ്. ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്നു.
” ബെട്ടാ ആഷിക് കോ ഫോൺ കർണാ ചാഹ്ത്തെ ഹേ..”
നോക്കിയയുടെ ഒരു പഴയ ഫോൺ അയാൾ എനിക്ക് നേരെ നീട്ടി. അവസാനത്തെ ഡയൽ ചെയ്ത നമ്പർ ആഷിക്കിന്റെതായിരുന്നു. അത് ഡയൽ ചെയ്ത് ഞാൻ ഫോൺ അയാൾക്ക് തിരികെ നൽകി. മകനോട് സംസാരിച്ചത് അയാളുടെ കൂടെയുള്ള സ്ത്രീയായിരുന്നു. അത് അവരുടെ മകനായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. നല്ലൊരു സ്വപ്നം നഷ്ടമായിരിക്കുന്നു.

യാത്ര ഉയരത്തില്‍ മലഞ്ചെരിവിലൂടെയായി. ഏത് നിമിഷവും കൊക്കയിലേക്ക് മറിയാമെന്ന തോന്നലുണ്ടാക്കി കൊണ്ടാണ് ബസ് നീങ്ങുന്നത്. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളിൽ  ഇരുവശത്തു നിന്നും വാഹനങ്ങള്‍ വരുമ്പോഴുണ്ടാകുന്ന കുരുക്ക് ഒരു വലിയ പ്രശ്നമാണ്. ചിലപ്പോൾ കുറേ നേരം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിയെന്നുമിരിക്കും. പലയിടത്തും മലയടിവാരത്ത് തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങളും വീടുകളും കാണാമായിരുന്നു. ഒരു ചെറിയ കവല പോലുമല്ലാത്ത ഒരു സ്ഥലത്ത് ഡ്രൈവർ ബസ് നിർത്തി. തീൻധാരയെന്നാണ് ആ സ്ഥലത്തിന്‍റെ പേര്. ചായയുടെ നേരമാണത്രേ. ഞാൻ ഫോണിൽ നോക്കി. സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. ആകെയുള്ള രണ്ടു കടകളിലെയും പ്രധാനഭക്ഷണം മാഗി ന്യുഡിൽസാണ്. അവിടെ മാത്രമല്ല മൊത്തം ഉത്തരേന്ത്യയിലെയും പ്രധാനഭക്ഷണമാണ് മാഗി. ഞങ്ങൾ നാല് പേരും ആദ്യത്തെ കടയിൽ കയറി. ടോയിലറ്റ് ഉണ്ടെന്ന് പറഞ്ഞാണ് അവർ കടയിലേക്ക് ബസിൽ നിന്നിറങ്ങിയ യാത്രക്കാരെ ക്ഷണിക്കുന്നത്. കടയുടെ പിറകിലെ വരാന്തയിൽ ചെന്നാൽ മലയടിവാരത്തെ കാഴ്ചകൾ നല്ല ഭംഗിയായി കാണാം. ശാന്തമായി ഒഴുകുന്ന ഗംഗയെയും.

മുകുളും സുരമ്യയും റിനിയും ഓരോ മാഗി വീതം ഓർഡർ ചെയ്തു. ഒരു കപ്പ് ചായയുമായി ഞാനും അവരോടൊപ്പം ചേർന്നു. ബസിൽ തന്നെ ഇരിക്കുകയാണ് രമ്യ. ചായകടയിലെ ഒരു മേശമേലെ ഏതോ ദിഗംബര സന്യാസിയുടെ ധ്യാനത്തിനെ പറ്റിയുള്ള ഒരു നോട്ടീസ് കണ്ടു. പണ്ടേപ്പോഴോ ഏതോ ഹൈസ്കൂൾ ക്ലാസിലെ ഹിസ്റ്ററി ടെക്സ്റ്റിൽ വെള്ളവസ്ത്രധാരികളായ ശ്വേതംബരൻമാരെ പറ്റിയും ആകാശത്തെ വസ്ത്രമാക്കുന്ന ദിഗംബരൻമാരെ പറ്റിയും വായിച്ചത് ഞാൻ ഓർത്തു.

ബസ് വീണ്ടും നീങ്ങുകയാണ്. അല്‍പം കൂടി മുന്നോട്ടു പോയപ്പോള്‍ റോഡില്‍ ഗതാഗതക്കുരുക്ക് തുടങ്ങി. ഞാൻ ഗൂഗിൾ മാപ്പിൽ ഇപ്പോഴത്തെ സ്ഥലം തിരഞ്ഞു.  ദേവപ്രയാഗിലെത്തിയിരിക്കുന്നു. ഇവിടെയാണ് അളകനന്ദ നദിയും ഭാഗീരഥി നദിയും സംഗമിച്ച് ഗംഗാ നദി രൂപം കൊള്ളുന്നത്. നല്ല തെളിഞ്ഞ വെള്ളവുമായി ഭാഗീരഥിയും കലങ്ങിമറിഞ്ഞ അളകനന്ദയും ഒന്നുചേരുന്ന ഭാഗത്ത് ധാരാളം ഭക്തന്മാർ നില്‍ക്കുന്നതു കാണാമായിരുന്നു.

ഒന്നോന്നര മണിക്കൂര്‍ നേരത്തിന് ശേഷം ഗതാഗത കുരുക്കുകൾ മറികടന്ന് ബസ് ശ്രീനഗറിൽ എത്തിച്ചേർന്നിരിക്കുന്നു. പേരു കേട്ട് തെറ്റിദ്ധരിക്കേണ്ട. ഇത് കശ്മീരിലെ ശ്രീനഗറല്ല. ഉത്തരാഖണ്ഡിലെ പൗഡിഗഡ്‌വാള്‍ ജില്ലയിലെ ഏറ്റവും വലിയ നഗരമാണ് ശ്രീനഗര്‍. ഹിമാലയൻ മലനിരകളുടെ താഴെ അളകനന്ദ നദിയുടെ കരയിലാണ് ഈ നഗരം. സാമാന്യം തിരക്കും ധാരാളം കടകൾ ഉള്ളതുമായ ഒരിടത്ത് ബസ് നിർത്തി. ഋഷികേശിൽ നിന്ന് വാങ്ങിയ വെള്ളമെല്ലാം കുടിച്ചു തീർന്നിരിക്കുന്നു. ബസ് നിർത്തിയിട്ടിരിക്കുന്നതിന്റെ  അടുത്തുള്ള കടയിൽ നിന്നും തണുത്ത വെള്ളം വാങ്ങി. ഞാൻ വീണ്ടും ബസിൽ കയറി. ശ്രീനഗറിൽ നിന്നും മുപ്പത് കിലോമീറ്റർ ദൂരമേയുള്ളൂ രുദ്രപ്രയാഗിലേക്ക്. സത്യത്തിൽ ഡിയോറിയ താലിലേക്കുള്ള യാത്രയ്ക്കിടയിലെ ഞങ്ങളുടെ ഒരിടത്താവളമാണ് രുദ്രപ്രയാഗ്. അവിടെ ഞങ്ങളുടെ ബാഗുകൾ സൂക്ഷിക്കാനും മറ്റുമായി ഗോവിന്ദ് എന്ന് പേരുള്ള ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട് രമ്യയുടെ സുഹൃത്തായ സാഹിൽ. യാത്രയ്ക്ക് മുൻപ് സാഹിൽ എന്നോട് പറഞ്ഞതു പോലെ ഒരു വലിയ ആൽമരമുള്ള ചുറ്റും കടകൾ ഉള്ള ചെറിയ കവലയിൽ തന്നെ ഞങ്ങളുടെ ബസ് സർവീസ് അവസാനിപ്പിച്ചു. രുദ്രപ്രയാഗിൽ ഞങ്ങൾ ബസിറങ്ങി. രമ്യ സാഹിലിന്‍റെ ചാച്ചയെ വിളിച്ച് സംസാരിച്ചതാണ്. രുദ്രപ്രയാഗ് ബസ് സ്റ്റോപ്പിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ മിലിറ്ററി ക്യാമ്പിന്റെ അടുത്തായിട്ടാണ് ഹോട്ടൽ ഗോവിന്ദ്. ഒരു ജീപ്പിൽ ഞങ്ങൾ ഹോട്ടൽ ഗോവിന്ദിലെത്തി. വലിയ ആഡംബരങ്ങൾ ഇല്ലാത്ത ഒരു നല്ല മുറി. പിറകിലെ വാതിൽ തുറന്ന് ബാൽക്കണിയിൽ ചെന്നാൽ ഏതോ മലയുടെ താഴ് വാരവും മനോഹരമായ ഒരു മൈതാനവും കാണാം.

രുദ്രപ്രയാഗിൽ നിന്നും ഡിയോറിയയിൽ എത്താൻ രണ്ടു മാർഗങ്ങളാണുള്ളത്. രുദ്രപ്രയാഗ് മുതൽ ഹുക്കിമത്ത് വരെയുള്ള നാല്പത് കിലോമീറ്റർ ബസിലും ശേഷം സരി ഗ്രാമം വരെ ടാക്സിയിലും സഞ്ചരിക്കുക. അല്ലെങ്കിൽ രുദ്രപ്രയാഗ് മുതൽ സരി ഗ്രാമം വരെ ടാക്സിയിൽ യാത്ര ചെയുക. സമയം വൈകിയതിനാലും സരി ഗ്രാമത്തിൽ നിന്ന് ഡിയോറിയ താലിലേക്ക് രണ്ടരകിലോമീറ്റർ ട്രെക്കിങ് ഉള്ളതിനാലും ടാക്സിയിൽ തന്നെ പോകാൻ ഞങ്ങൾ തീരുമാനിച്ചു. ഗോവിന്ദ് ഹോട്ടലിലെ റൂം ബോയ് ടാക്സി വിളിച്ചു തന്നു. 2500 രൂപയാണ് സരി വരെയുള്ള ചാർജ്. ഹോട്ടലിന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന പ്രായം ചെന്ന ഒരാൾ എന്നെ ഹുക്കിമത്ത് വരെ ബസിൽ പോകാൻ നിർബന്ധിച്ചു കൊണ്ടേയിരുന്നു. 2500 ഒരു വലിയ തുകയാണെന്നതായിരുന്നു അയാളുടെ പ്രശ്‌നം. പക്ഷെ ഉക്കിമത്ത് വരെയുള്ള യാത്ര ബസിലായതിനാൽ  സമയം വൈകുകയാണെങ്കിൽ അവിടെ നിന്ന് ടാക്സികൾ ലഭിക്കുമോ എന്ന എന്റെ ചോദ്യത്തിന് അയാൾ ഉത്തരം പറഞ്ഞതേയില്ല.

ചുരുങ്ങിയ സമയം കൊണ്ട് കുളിച്ച് യാത്രാ ക്ഷീണമകറ്റി എല്ലാവരും ഡിയോറിയയിലേക്കുള്ള യാത്രയ്ക്ക് തയ്യാറായി. ഗോവിന്ദ് ഹോട്ടലിന് പുറത്തെ തിരക്ക് കുറഞ്ഞ റോഡിൽ ഒരു സുമോ ഞങ്ങൾക്കായി കാത്തുകിടക്കുകയാണ്. സുരേന്ദ്രർ അതായിരുന്നു സുമോയുടെ ഡ്രൈവറുടെ പേര്. ഉത്തരാഖണ്ടുകാരനാണ്. രുദ്രപ്രയാഗിൽ നിന്ന് രണ്ടുമണിക്കൂറിനടുത്ത് സമയമെടുക്കും സരിയിലേക്ക്. സമയം നാലര കഴിഞ്ഞിരിക്കുന്നു. ഉത്തരാഖണ്ഡിൽ മൺസൂൺ കാലത്ത് പകലിന് ദൈർഘ്യം കൂടുതലാണ്. ഋഷികേശിൽ വച്ചു തന്നെ അനുഭവപെട്ട കാര്യമാണത്. അതു കൊണ്ട് തന്നെ ഇരുട്ടുന്നതിന് മുൻപേ ഡിയോറിയയിൽ എത്താനായെക്കുമെന്ന് ഞാൻ കണക്ക് കൂട്ടി. രുദ്രപ്രയാഗിന്‍റെ ചെറിയ തെരുവുകളിലൂടെ വേഗത്തിൽ നീങ്ങുകയാണ് സുരേന്ദ്രറിന്റെ ജീപ്പ്. എല്ലാവർക്കും വിശക്കുന്നുണ്ട്.  വഴിയരികിൽ കണ്ട ഒരു ഇടത്തരം ബേക്കറിയുടെ മുന്നിൽ അയാൾ ജീപ്പ് നിർത്തി. കുറച്ച് പക്കവടയും ഓരോ പേടയും പൊതിഞ്ഞെടുക്കാൻ ആവശ്യപ്പെട്ട് ഞാൻ കാത്തു നിൽക്കവേ രമ്യയും റിനിയും ആർത്തിയോടെ സാധനങ്ങൾ വാങ്ങി കൂട്ടി.

ഋഷികേശിൽ നിന്ന് പുറപ്പെടുമ്പോൾ ഗംഗയായിരുന്നു റോഡിന്‍റെ ഒരു വശത്തെങ്കിൽ ഇവിടെയത് മന്ദാകിനിയാണ്. പുറമെ നിന്ന് അധികം ആഴം തോന്നാത്ത വിധത്തിൽ പരന്നോഴുക്കുകയാണ് ഗംഗയുടെ ഈ പോഷക നദി. റോഡിന്‍റെ മറുഭാഗത്ത് ആകാശം മുട്ടുന്ന ഉയരത്തിൽ മലനിരകളാണ്. പലയിടത്തും തട്ടുകളായി തിരിച്ചിട്ടുണ്ട്. നദിക്കരയിൽ  കുറെ സഞ്ചാരികൾ ബഹളംകൂട്ടുന്നുണ്ട്. തദ്ദേശീയരായ സ്ത്രീകൾ കുറെ പാത്രങ്ങളുമായി ഞങ്ങളുടെ വണ്ടിക്ക് അഭിമുഖമായി നടന്നു പോയി. ഉത്തരാഖണ്ഡിലെ നദികളെ പറ്റിയും അതിന്റെ സംഗമസ്ഥാനങ്ങളെ പറ്റിയും നല്ല ജ്ഞാനമുണ്ടായിരുന്നു സുരേന്ദറിന്.  മന്ദാകിനിയുടെയും അളകനന്ദയുടെയും ഉത്ഭവ സ്ഥാനങ്ങളെ കുറിച്ചും അവ സംഗമിച്ച് ഗംഗയായി ഒഴുകി തുടങ്ങുന്ന നേരത്തെ വരുന്ന വഴിയിൽ കണ്ട ദേവപ്രയാഗിന്റെ പ്രാധാന്യത്തെ പറ്റിയും അയാൾ വിശദീകരിച്ചു കൊണ്ടേയിരുന്നു.

ശ്രീനഗറിലും മറ്റു വഴികളിലും അനുഭവപ്പെട്ടിരുന്ന ചൂട് കാറ്റ് എവിടെക്കോ വഴി മാറി പോയിരിക്കുന്നു. ഹിമവാന്റെ മടിത്തട്ടിലേക്ക് അടുക്കുന്നത് കൊണ്ടാവാം ചുറ്റിലും തണുത്ത കാറ്റാണ്. ഇന്നലെ രാത്രിയിലെ കണക്കനുസരിച്ചാണെങ്കിൽ 16 ഡിഗ്രിയാണ് ഡിയൊറിയയിലെ താപനില. ഡിയോറിയയെന്നല്ല ദേവ്താൽ എന്നാണ് അവിടത്തുകാർ പറയുന്നത്. ദേവതമാർ കുളിക്കാൻ വരുന്ന തടാകം, എന്നത്രെ അർഥം. വനവാസകാലത്ത് പാണ്ഡവർ താമസിച്ച സ്ഥലങ്ങളിൽ ഒന്നുമാണത്രെ. സുരേന്ദർ പറഞ്ഞു കൊണ്ടേയിരുന്നു. കഥകൾ എന്തൊക്കെയാണ്. നമ്മുടെ ഇടുക്കിയിലെ പഞ്ചാലിമേട്ടിലും പറയുന്ന കഥ ഇത് തന്നെയാണ്. പൊന്മുടിയിലെ ഒരു ട്രെക്കിങ്ങിനിടെ കണ്ട കുളത്തെ പറ്റിയും അന്ന് കൂടെ വന്ന ഗൈഡ് പറഞ്ഞു പാഞ്ചാലി കുളിച്ച കുളമാണിതെന്ന്. കഥകൾ പലയിടങ്ങളിൽ നിന്നും കൈവഴികളായി ഒഴുകിയെത്തുന്നു. പലയിടത്തേക്കും ഒഴുകി പരക്കുന്നു.

ഉക്കിമത്ത് ചോപ്ത റോഡിൽ നിന്ന് ഞങ്ങൾ മറ്റൊരു വഴിയിലേക്ക് ഗതി മാറി. നേരെ പോയാൽ ചോപ്തയാണ്. ചെറിയ റോഡിലൂടെ രണ്ടോ മൂന്നോ കിലോമീറ്റർ അകലെയാണ് സരി ഗ്രാമം. അവിടെ ഉമേദ് ബട്ട് ഞങ്ങൾക്ക് വേണ്ടി കാത്തിരിപ്പുണ്ടാവും. ഡിയോറിയ താലിലെ ക്യാമ്പിങ്ങിനെ കുറിച്ചുള്ള പരതലിനിടെ കിട്ടിയ ചുരുക്കം ചില ഫോൺ നമ്പറുകളിൽ ഒന്നായിരുന്നു ഉമേദിന്‍റെത്. ഈ രാത്രിയിൽ ഞങ്ങൾ ഉറങ്ങാൻ പോകുന്ന ടെന്റുകളും സ്ലീപ്പിങ് ബാഗുകളും ഉമേദിന്‍റെതാണ്.

അഞ്ചോ ആറോ പേർ കൂടി നിൽക്കുന്ന ഒരു ചെറിയ കടയുടെ മുന്നിൽ ഞങ്ങൾ ഇറങ്ങി. സുരേന്ദറിന്‍റെ കഥകൾ കേട്ടുകൊണ്ടുള്ള യാത്ര അവസാനിച്ചിരിക്കുന്നു. രുദ്രപ്രയാഗിൽ എന്താവശ്യമുണ്ടെങ്കിലും വിളിക്കാമെന്ന മുഖവുരയോടെ അയാൾ അയാളുടെ ഫോൺനമ്പർ ഞങ്ങൾക്ക് നൽകി.  അകലെ ഒരു മലയെ അപ്പാടെ മൂടുകയാണ് കോടമഞ്ഞ്. ചുറ്റും കൂടിയ ആൾക്കൂട്ടത്തിൽ ഞങ്ങൾ ഉമേദിനെ അന്വേഷിച്ചു. അവിടെ നിന്നും അല്പം മാറി അയാളുണ്ടായിരുന്നു. കറുത്ത ജാക്കറ്റും ജീൻസും മഫ്ളറും ധരിച്ച സുമുഖനായ ചെറുപ്പക്കാരൻ. മലമുകളിൽ രാത്രി മാത്രമേ ഭക്ഷണം ലഭിക്കു. വേണമെങ്കിൽ മാഗി കഴിക്കാൻ  അയാൾ ആവശ്യപ്പെട്ടു. ഓരോ ചായ മാത്രം കുടിച്ച് മഞ്ഞുപെയ്തു തുടങ്ങിയ സന്ധ്യയിൽ ഞങ്ങൾ അയാൾക്കൊപ്പം നടന്നു.

ഇരുട്ട് പടർന്നു തുടങ്ങിയിരിക്കുന്നു. കരിങ്കല്ലുപതിച്ച വഴിയിലൂടെ മൂന്ന് കിലോമീറ്റർ. അനായാസമായ ട്രെക്കാണ്. പക്ഷേ ഇരുട്ടിനെ തോൽപ്പിക്കാൻ ടോർച്ചിന്‍റെയും മൊബൈലിന്‍റെയും നേരിയ വെളിച്ചം മാത്രമേയുള്ളു. നല്ലൊരു ഗൈഡായി ഉമേദ് ഡിയോറിയയെ പറ്റിയും ഭൂപ്രകൃതിയെ പറ്റിയും അവിടെ നിന്നുള്ള ട്രെക്കിങ്ങുകളെ കുറിച്ചും ഞങ്ങൾക്ക് വിശദീകരിച്ചു കൊണ്ട് നടക്കുകയാണ്.
മുന്നിൽ ഒരു വലിയ തൂണുപോലെ തോന്നിക്കുന്ന ക്ഷേത്രം.


” ശിവന്‍റെ ക്ഷേത്രമാണ്. അത് മറ്റൊരു ക്ഷേത്രം.. തുംഗനാഥ്…” അങ്ങ് ദൂരെ മലമുകളിലേക്ക് വിരൽ ചൂണ്ടി ഉമേദ് പറഞ്ഞു.
” ചോപ്ത തുംഗനാഥ് വളരെ നല്ല ട്രെക്കാണ്.” അയാൾ കൂട്ടി ചേർത്തു.
” ഇവിടെ ഇപ്പോൾ സീസൺ അല്ല. സഞ്ചാരികൾ കുറവാണ്. നിങ്ങളെ കൂടാതെ മേലെ രണ്ട് ടെന്റുകൾ മാത്രമേയുള്ളൂ. ”
ശരിയാണ് ഡിയോറിയ കാണാൻ മഴക്കാലം ഒട്ടും നല്ല സമയമല്ല. ആകാശം മേഘാവൃതമാണ്. രാത്രി മഴ പെയ്തേക്കാം. നിറഞ്ഞ രാത്രിയിലെ ആകാശനീലിമയും അതിൽ പൊട്ടുപോലെ തിളങ്ങുന്ന നക്ഷത്രങ്ങളും ഒരരികിൽ ഹിമാലയവും. ഇവിടെ വന്നാൽ എടുക്കാനായി മനസ്സിൽ കരുതിയിരുന്ന ഫ്രെയിം ലഭിക്കാനിടയില്ലയെന്ന് ഞാൻ തിരിച്ചറിഞ്ഞു.
മുകളിലേക്കുള്ള വഴിയുടെ വശങ്ങളിലായി ചെറിയ വീടുകളും കെട്ടിടങ്ങളുമുണ്ട്. അതിൽ ഒരു കെട്ടിടത്തിന്റെ മുറ്റത്തു നിന്നും ഫോണിലൂടെ മലയാളത്തിൽ സംസാരിക്കുകയാണ് ഒരാൾ. ഞങ്ങൾ ആ കാഴ്ച അതിശയത്തോടെ നോക്കി. ഇന്ത്യയുടെ വടക്കേ അറ്റത്തെ മലമൂട്ടിലും ഒരു മലയാളി.

വഴികൾ രസമുള്ളതാണ്. ചുറ്റു ഗോവണി കയറ്റുന്ന പോലെ ഞങ്ങൾ മുകളിലേക്ക് പോയ് കൊണ്ടിരിക്കുകയാണ്. ചുറ്റിലും കാടും ഉയരമുള്ള മരങ്ങളുമാണ്. ഇരുട്ടായതിനാൽ ആ കാഴ്ചകൾ നഷ്ടമായിരിക്കുന്നു. ഉയരത്തിലേക്ക് നടന്ന്‍ പരിചയമില്ലാത്ത എല്ലാവരും കിതയ്ക്കുന്നുണ്ട്. വഴിയിൽ കണ്ട ഒരു ചെറിയ കുടിലു പോലെയുള്ള കടയിൽ നിന്നും ഒരു കുപ്പി വെള്ളവും വാങ്ങി വീണ്ടും മുകളിലേക്ക് നടന്നു. പോകുന്ന വഴിയിലാണ് ഉമേദിന്റെ കെട്ടിടം. ഞങ്ങൾക്ക് മുകളിലേക്കുള്ള വഴി പറഞ്ഞു തന്ന ശേഷം അയാൾ അതിനകത്തേക്ക് കയറി.

ഇരുട്ടിലൂടെ ഞങ്ങൾ മലയുടെ മുകളിൽ എത്തിച്ചേർന്നിരുന്നു. കുറച്ചകലെയായി ഒരു ടെന്റ് കാണാം. ആരൊക്കെയോ സംസാരിക്കുന്ന ശബ്ദവും ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. മേഘങ്ങള്‍ കൊണ്ട് നിറഞ്ഞ ആകാശത്തിനു താഴെ ഇരുട്ടിൽ ഒന്നും വ്യക്തമായി ഞാൻ കണ്ടതേയില്ല. ഞങ്ങൾക്ക് വേണ്ട ടെന്റും സ്ലീപ്പിങ് ബാഗുമായി ഉമേദ് തിരിച്ചു വന്നിരിക്കുന്നു. ടെന്റ് അടിക്കാൻ അയാളോടൊപ്പം ഞാനും കൂടി. കൊച്ചിയിൽ മധുവേട്ടന്‍റെ കൂടെ ക്യാമ്പിംഗിനു പോകുമ്പോൾ പഠിച്ചതാണ് ടെന്റ് അടിക്കാൻ. ഞങ്ങളുടെ ടെന്റിന്‍റെ തൊട്ടപ്പുറത്താണ് തടാകമെന്ന് റിനി പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് തന്നെ. ഇരുട്ടിൽ കാഴ്ചകൾ എനിക്ക് തീരെ വ്യക്തമല്ലായിരുന്നു. അവള്‍ പറഞ്ഞ ഭാഗത്തേക്ക് ഒരു കല്ലെറിഞ്ഞു നോക്കി, വെള്ളത്തിലേക്ക് പതിച്ച ശബ്ദം കേട്ടു.

കഴിക്കാനുള്ള ഭക്ഷണത്തിന്റെ ഓർഡർ എടുക്കാൻ ഉമേദ് വീണ്ടും വന്നു. എണ്ണമെടുത്ത ശേഷം അയാൾ തിരിച്ചു പോയി. വിശപ്പ് കാരണം കുറച്ചു കഴിഞ്ഞ് ഞങ്ങളും അയാളുടെ കെട്ടിടത്തിലേക്ക് നടന്നു. അകത്ത് ഏതോ ഹരിയാനി പാട്ടും ആസ്വാദിച്ചു കൊണ്ട് ഭക്ഷണം പാകം ചെയ്യുകയാണ് ഉമേദ്. അവിടെ അടുക്കളയില്‍ അയാള്‍ മാത്രമേയുള്ളൂ. പുറത്തെ പ്ലാസ്റ്റിക് മേശയ്ക്ക് ചുറ്റുമുള്ള കസേരകളിൽ ഞങ്ങൾ ഇരുന്നു.  അങ്ങ് ദൂരെ ഒരു വലിയ മലനിര കാണാം. അതിന്‍റെ താഴെ കുറെ വെളിച്ചവും. പോഡി ഗഡവാൾ ടൗണാണത്. തണുത്ത കാറ്റിലും ഇടയ്‌ക്കെത്തുന്ന പൊടി മഴയുടെയും അകമ്പടിയിൽ ഞങ്ങൾ പഴങ്കഥകളുടെ കെട്ടഴിച്ചു. അതുവരെ ഞങ്ങളുടെ സംസാരത്തിൽ ലയിച്ചിരുന്ന പ്രകൃതി മഴത്തുള്ളികൾ വാരിയെറിയാൻ തുടങ്ങിയതോടെ ഞങ്ങൾ ഉമേദിന്‍റെ അടുക്കളയിലേക്ക് കുടിയേറി. അവിടെ അയാൾക്ക് വേണ്ടി ഞാനൊഴികെയുള്ളവർ ചില്ലറ ജോലികൾ ചെയ്തു.

മഴ പൊടിഞ്ഞു വീഴുന്ന ആ തണുപ്പുള്ള രാത്രിയിൽ അധികം വൈകാതെ അയാൾ ഞങ്ങൾക്കായി ഭക്ഷണം വിളമ്പി. റൊട്ടിയും ആലുവും ദാലും പഹാഡി ബട്ടറും അടങ്ങുന്ന രുചിയുള്ള അത്താഴം. ബാറ്ററിയിൽ നിന്നുള്ള അരണ്ട വെളിച്ചത്തിൽ ഉമേദ് ഞങ്ങളുടെ പ്ലേറ്റുകൾ നിറച്ചു കൊണ്ടേയിരുന്നു. വയറും മനസും നിറഞ്ഞ ഭക്ഷണത്തിന് ശേഷം പാത്രങ്ങൾ കഴുകി വച്ച് ഞങ്ങൾ ടെന്റിനടുത്തേക്ക് നടന്നു. അയാളുടെ സേവനങ്ങളിൽ ഞങ്ങൾക്ക് തൃപ്തിയുണ്ടെന്ന് ഉറപ്പാക്കാനാണെന്നു തോന്നുന്നു ഉമേദും ഞങ്ങളോടൊപ്പം വന്നു.
” രാവിലേ അഞ്ചുമണിക്കാണ് സൂര്യോദയം. മേഘങ്ങൾ നിറഞ്ഞു നിൽക്കുന്നതിനാൽ ഉദയം കാണാനുള്ള സാധ്യത കുറവാണ് ” അയാൾ പറഞ്ഞു. എങ്കിലും അഞ്ചുമണിക്ക് തന്നെ ഉണരാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളെ ടെന്റിനടുത്ത് എത്തിച്ച് അരണ്ട ബാറ്ററി വെളിച്ചം ഞങ്ങളെ എല്‍പ്പിച്ച് അയാൾ തിരികെ നടന്നു.

പൊടിഞ്ഞു വീഴുന്ന മഴയിലും ദിക്കറിയതെ വീശുന്ന തണുത്ത കാറ്റിലും ഞങ്ങൾ ഇരുട്ടിൽ ആ തടാകകരയിൽ വെറുതെ നിന്നു. ഇരുട്ടിൽ മറഞ്ഞിരിക്കുന്ന കാഴ്ചകൾ തെളിയാൻ ഒരു രാത്രി മായേണ്ടിയിരിക്കുന്നു. അതിനുള്ള കാത്തിരിപ്പിനായി ഞങ്ങൾ ടെന്റിനകത്തേക്ക് കയറി. പിന്നീട് പതുക്കെ സ്ലീപ്പിങ് ബാഗുകളുടെ അകത്തേക്കും. പുറത്ത് മഞ്ഞുകൊണ്ട് നിൽക്കുന്ന പ്രകൃതിക്ക് ശുഭരാത്രി നേർന്ന് ഞാൻ കണ്ണുകൾ പതുക്കെ അടച്ചു.

അടുത്തഭാഗം വായിക്കാം

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>