” ഇന്ന് എവിടെ പോയി കഴിക്കും…?? ”
പുറത്ത് നിന്ന് ഫുഡ് കഴിക്കാനൊരുങ്ങുന്ന പന്ത്രണ്ടര നേരങ്ങളിലെ ഒന്നൊന്നര ചോദ്യമാണിത്. നിത്യവും ഓഫീസ് പടിക്കൽ ചോറ് എത്തിച്ചു തരുന്ന ചേച്ചി കുളിമുറിയിൽ വീണ് കാലുളുക്കി കിടക്കുന്നതിനാൽ കുറച്ചു ദിവസമായി പുറത്ത് നിന്ന് നല്ല ഭക്ഷണം കഴിക്കാൻ ഭാഗ്യം സിദ്ധിച്ച ഞാനും ലിജോയും പിന്നെ ഉണ്ടാക്കാൻ നേരമില്ലാത്തത് കൊണ്ടുമാത്രം വെറും കൈയുമായി വന്ന ഇഷാക്കുമായിരുന്നു ഇന്നത്തെ ഈ സീനിലെ കഥാപാത്രങ്ങൾ.
നേരത്തെ പറഞ്ഞ അതി ഭീകരമായ ആ ചോദ്യത്തിന് തന്റെ സ്വന്തം സ്റ്റൈലിൽ ഇഷാക്ക് സൊലൂഷൻ കണ്ടെത്തി.
” എക്സ്പ്രസ് വേയിലെ കഞ്ഞികട..!!!”
( ടിയാൻ ഒരു സുപ്രസിദ്ധ കഞ്ഞി പ്രേമിയാണ്. ഞാനും.)
ഐഡിയയുടെ ബില്ല് അടക്കാത്തത്തിന്റെ പേരിൽ മാപ്പ് പറയാൻ പോയ ലിജോയോട് യൂബെറിൽ കഞ്ഞി കടയിൽ എത്താൻ പറഞ്ഞ് ഞങ്ങൾ ഓഫീസിൽ നിന്ന് ലിഫ്റ്റിറങ്ങി.
തൂണുകളിലാതെ താർ പായയുടെ മേൽക്കൂര മാത്രമുള്ള കടക്ക് മുന്നിൽ ഞങ്ങൾ ലിജോയെ കാത്തു നിന്നു.
കഞ്ഞി എടുക്കട്ടേ..?? കടക്കാരന്റെ ചോദ്യം.
” ഒരാള് കൂടി വരാനുണ്ട് ചേട്ടാ..”
ചൂട് കഞ്ഞി അച്ചാറും പപ്പടവും കൂട്ടി കഴിക്കുന്ന ആ നിമിഷത്തെ ഞങ്ങളെ കൊതിയോടെ പ്രതീക്ഷിച്ച് കാത്തിരുന്നു.
ഈ ലിജോയെന്താ വരാത്തെ…
അങ്ങനെ ലിജോ യൂബെറിൽ വന്നിറങ്ങി. ഞങ്ങളോടൊപ്പം ചേർന്നു.
അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന മറ്റ് കസ്റ്റമേഴ്‌സ് എല്ലാവരും കളമൊഴിഞ്ഞിരുന്നു. ആ കടയിൽ ഞങ്ങളും കടക്കാരനും മാത്രം.
ഒരു മേശയ്ക്കു ചുറ്റുമായി ഞങ്ങളിരുന്നു. ഒരു ഇളംകാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. പിന്നാലെ ആവി പറക്കുന്ന കഞ്ഞി പാത്രങ്ങൾ ഞങ്ങൾക്കായി മേശമേൽ നിരന്നു. അച്ചാറും കടലയും പപ്പടവും വേറെ.. ഓരോ സ്പെഷ്യൽ സിംഗിൾ ഓംലെറ്റ് ഞങ്ങൾ ഓർഡർ ചെയ്തു.
ഉപ്പു ചേർത്തിളക്കി ചൂട് കഞ്ഞി പതുക്കെ കുടിക്കാൻ തുടങ്ങി.
“ഇതെന്താ ഗണപതിക്കാണോ…” സ്പൂണിൽ കോരി എന്തോ നിലത്ത് കളയുന്നത് കണ്ട് ഇഷാക്ക് ലിജോയോട് ചോദിച്ചു.
” അല്ല എന്തോ ഇൻസെക്‌റ്റ് ….” അവൻ പറഞ്ഞു.
ഇൻസെക്‌റ്റോ പാറ്റ പ്രാണിന്നൊക്കെ മലയാളം പറഞ്ഞു നടക്കുന്നവനാ ഇതിപ്പോ എവിടുന്നാ ഇംഗ്ലീഷോക്കെ ഞാൻ മനസ്സിലോർത്തു.
അടുത്ത സ്പൂൺ സെലക്ഷനിൽ അല്പം നീളം കൂടി തടി കുറഞ്ഞ വെളുപ്പ് കൂടി ഒരു വറ്റ്…
കണ്ണിന്റെ അകത്തും പുറത്തുമായി ഘടിപ്പിച്ച രണ്ടു ലെൻസുകൾ കൊണ്ട് ഞാൻ സൂം ചെയ്തു. പുഴു. അപ്പൊ അതിനാണോ ഇവൻ ഇൻസെക്‌റ്റ് എന്ന് പറഞ്ഞത്. ഞാനും ഒരു തവി നിലത്തിട്ടു.
അടുത്തത് കഞ്ഞി പ്രേമി ഇഷാക്കിന്റെ ഊഴം. ഈ സെയിം ദൃശ്യം രണ്ടു തവണ നടന്നു.
ഞങ്ങൾ മുഖത്തോട് മുഖം നോക്കി. ആ ഒന്നുമില്ലെങ്കിലും വിഷമില്ലാത്ത അരിയുടെ കഞ്ഞിയാ. ചിലപ്പോ വെള്ളം കുറവായ കാരണം നന്നായി കഴുകി കാണില്ല.
അപ്പോഴേക്കും ഓംലെറ്റ് എത്തി. ലിജോ ഒരു പീസ് മുറിച്ചെടുത്ത് നാക്കിലിട്ടു. ഒരു നവരസ മിക്‌സ്ച്ചർ ഭാവം അവന്റെ മുഖത്ത് വിരിഞ്ഞു. കാരണം തിരക്കി ഞാനും ഒരു ക്ഷണം രുചിച്ചു. ഉപ്പുരസത്തിന്റെ അപാരത നിറഞ്ഞു തുളുമ്പുന്ന ഓംലെറ്റ്. സന്തോഷം ഞങ്ങളുടെ കണ്ണുകളിൽ നിറഞ്ഞു. എല്ലാം കഴിച്ച് തീർത്ത് നന്നായി കൈകഴുകി.
എത്രയായി ചേട്ടാ ഇഷാക്കാണ് ചോദിച്ചത്.
” നൂറ്റി ഇരുപത്…!!!” കാശുകൊടുത്തു.
” ചേട്ടാ ഒരു ചെറിയ കാര്യം കഞ്ഞി കൊള്ളാം നല്ല അരിയാണ് വിഷാംശം അശേഷമില്ലാ മനസിലായി. പക്ഷെ അരി കുറച്ചു കൂടി നന്നായി കഴുകണം. പുഴു ഉണ്ടായിരുന്നു….” ഏതോ ക്ലയന്റിനോട് സംസാരിക്കുന്നതിനെക്കാൾ ഭവ്യത്യയിൽ ഇഷാക്ക് പറഞ്ഞു.
” പുഴുവോ ഏത് പുഴു…”
അയാൾ തവിയിട്ട് കലത്തിൽ ഇളക്കി. ഒരു തവി കഞ്ഞി കോരിയെടുത്തു.
” എവിടെ…??”
” ദാ ദാ….” ഇഷാക്ക് ചൂണ്ടി കാട്ടി
അയാളുടെ മുഖം വിവർണ്ണമായി. ആ തവി നിലത്തൊഴിച്ച് അയാൾ പറഞ്ഞു.
” സോറി മച്ചാനെ സോറി മച്ചാനെ ”
” കഴുകുമ്പോ ഒന്ന് ശ്രദ്ധിച്ചമതി…”
ചിരിച്ച മുഖത്തോടെ ഞങ്ങൾ പുറത്തേക്കിറങ്ങി.
പുഴു നിറഞ്ഞ കഞ്ഞി കഴിച്ചതിനെക്കാൾ ആ കടയോടുള്ള തന്റെ വിശ്വാസം തകർന്നത്തിലായിരുന്നു ഇഷ്ക്കുവിനു കൂടുതൽ സങ്കടം. വിശ്വാസം അതല്ലേ എല്ലാം…
എല്ലാം കഴിഞ്ഞ് വൈകുന്നേരം അമീറ യിലെ ചായ നേരത്താണ് ശ്രീജിത്ത്ഭായ് ആ ചോദ്യം ചോദിച്ചത്
” ഇത് ഒരു വല്യ ഹോട്ടലിൽ ആയിരുന്നെങ്കിൽ നിങ്ങൾ ബഹളം വെക്കില്ലേ..?? ”
” പിന്നാല്ലാതെ മൊത്തം സീൻ ആക്കും ഉറപ്പല്ലേ. കാരണം ഞങ്ങൾ ബൂർഷ്വകൾക്കെതിരാണ്. ”
ഞാൻ കൈയിലുള്ള ഗ്ലാസ് വീണ്ടും ചുണ്ടോടു ചേർത്തു.

0 Comments.