ഇടെ ആള്ണ്ട് …

പോകാൻ ഒരുങ്ങുന്ന ട്രെയിനിലെ വലിയ സീറ്റ്.
ഒരു അമ്പത് വയസ് പ്രായം തോന്നുന്ന ഒരു അമ്മ, അവരുടെ ഭർത്താവ്, കൂടെ കുറച്ചു കൂടി പ്രായം കുറഞ്ഞ സ്ത്രീയും പുരുഷനും ഒരു പിഞ്ചു കുട്ടിയും. സന്തോഷമുള്ള കുടുംബം.

അമ്മയ്ക്ക് ചായ വേണം.
വരുന്ന കാപ്പിക്കാരുടെ അടുത്തെല്ലാം അവർ ചായ അന്വേഷിക്കുന്നു. സ്വാഭാവികമായും അത് കിട്ടുന്നില്ല.

സ്നേഹസമ്പന്നനായ ഒരു കാപ്പിക്കാരൻ ഒടുവിൽ ഇങ്ങനെ പറഞ്ഞു –
” ഈ ട്രെയിനിൽ കാപ്പി മാത്രേ കിട്ടു. ചായ വേണമെങ്കില് ഇങ്ങള് പുറത്തെ കടെല് പോണം…”

അങ്ങനെ അമ്മ ഒഴികെ എല്ലാവരും ചായ വാങ്ങാൻ ട്രെയിന്റെ പുറത്തേക്ക് പോകുന്നു. ഒഴിഞ്ഞ വല്യ രണ്ടു സീറ്റും ഒറ്റയ്ക്ക് ഇരിക്കുന്ന ആ സ്ത്രീയും.
അതും കണ്ട് ബോഗിയിലേക്ക് ബാഗും കൊണ്ട് ഓടി പാഞ്ഞ് വന്ന് ആ സീറ്റിൽ ഇരിക്കാൻ തുനിയുന്ന എല്ലാരോടും അവര് പറഞ്ഞു

” ഈ സീറ്റി ആള്ണ്ട്…”

കേട്ടപാതി കേൾക്കാത്ത പാതി ചുള്ളന്മാരും ചുള്ളത്തികളും ഓടി ചാടി അടുത്ത ഒഴിഞ്ഞ സീറ്റും തിരക്കി പൊയ്ക്കൊണ്ടിരുന്നു.

ചായ വാങ്ങാൻ പോയ ഭർത്താവും കൂടെ ഉള്ളവരും തിരിച്ചെത്തുന്നുമില്ല.

അതിനിടയിൽ ഒരു ഹിന്ദിക്കാരൻ വന്നു. ആയമ്മ വീണ്ടും – ” ഈ സീറ്റി ആള്ണ്ട്…”
ഹിന്ദിക്കാരൻ – ” പൂ രാ..”
അമ്മ – ” ആ പൂരാ.. പൂരാ”

( മോനെ അമ്മച്ചി കൊല മാസ്. )

അപ്പൊ ദെ വരുന്നു ഒരു മാന്യദേഹം. കൂടെ മകനെന്നു തോന്നുന്ന ചെറുപ്പക്കാരനും.

” നി ഇവിടിരുന്നോ. ”
അയാള് അമ്മയുടെ അടുത്തേക്ക് കൈ ചൂണ്ടി.

അമ്മ പിന്നേം ” ആള്ണ്ട് ആള്ണ്ട് ”

മാന്യദേഹം – “എത്ര പേരുണ്ട് ”

( മോനെ പണിപാളി അമ്മച്ചി ട്രാപ്പ്ഡ്. )

അമ്മ – ” അത്…. ആറാള്. ”

( ആ പിഞ്ചു കുഞ്ഞിനെ ആണോ അമ്മെ അമ്മ രണ്ടായിട്ടു കൂട്ടുന്നത്. Jagathi.jpg )

മാന്യദേഹം കലിപ്പ് മോഡ് ഓൺ

” ആറ് ആളല്ലെ,.., ഇത് നാലും നാലും എട്ടുപേരുടെ സീറ്റാണ്. ”

” അല്ല ഇടെ ആള്ണ്ട് …”

” നിങ്ങൾക്ക് ആറുപേരുടെ സീറ്റ് പോരെ. ഇവിടെ 2 പേർക്ക് കൂടെ ഇരിക്കാം സംശയമുണ്ടെങ്കിൽ ഞാൻ പോലീസിനെ വിളിക്കണോ ? ”

അമ്മ :- ” വേണ്ട നിങ്ങള് അപ്പറുത്ത് ഇരുന്നോ…”

മാന്യദേഹം മോനോട് – ” ആ നി അവിടെ ഇരുന്നോ… ഏത്തിയ ഉടനെ വിളിക്കണം. അപ്പൊ ഞാൻ പോകാം. ”

( നല്ല ടിപ്പിക്കൽ സ്പൂൺ ഫീഡർ അച്ഛൻ. )

അപ്പോഴും ചായ വാങ്ങാൻ പോയ ഭർത്താവും കൂടെ ഉള്ളവരും തിരിച്ചെത്തുന്നില്ല.

വേറെ ഒരാൾ വീണ്ടും അമ്മയുടെ കയ്യിലെ ബാക്കി സീറ്റിനായി ശ്രമിക്കാൻ അടുത്തേക്ക് വരുന്നു. ഒരു യോയോ പയ്യൻസാണ്.

അമ്മ വീണ്ടും ” ആള്ണ്ട് ”

പയ്യൻ – ” എത്ര പേരുണ്ട്. ”

അമ്മ – ” ആറ് അല്ല എട്ട്…”

അടിവയറ്റിന്ന് ചിരി തികട്ടി വന്നത് അപ്പോഴാണ്. നേരെ ടോയ്‌ലറ്റിലേക്ക് ഓടുന്നു പൊട്ടിചിരിക്കുന്നു.

ചായ വാങ്ങാൻ പോയ ഭർത്താവും കൂടെ ഉള്ളവരും ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. അടിവയറ്റിന്ന് വന്ന എന്റെ ചിരി പോയിട്ടും ഇല്ല. സീൻ ഇവിടെ തീർന്നിട്ടും ഇല്ല.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>