കണ്ണുകൾ തുറന്നത് ഋഷികേശിലെ പുതിയ പ്രഭാതത്തിലേക്കാണ്. അഭിഷേക് പറഞ്ഞ മോണിംഗ് ട്രെക്കിന്റെ സമയമെല്ലാം മണിക്കൂറുകൾക്ക് മുൻപേ കഴിഞ്ഞു പോയിരിക്കുന്നു. ഡോർമിന്റെ കർട്ടൻ മാറ്റി ഞാൻ പുറത്തേക്കിറങ്ങി. എല്ലാവരും ഉറക്കത്തിന്റെ ആലസ്യം വിട്ടുണരുന്നേയുള്ളൂ. കുറഞ്ഞ സമയം കൊണ്ട് ഒരുക്കങ്ങൾ കഴിഞ്ഞു. ഇനി തിരക്കിലേക്കുള്ള കടന്നുകയറ്റമാണ്. കണ്ണും മനസും നിറയ്ക്കുന്ന കാഴ്ചകൾക്ക് വേണ്ടിയുള്ള അന്വേഷണമാണ്.
ഹോസ്റ്റലിന്റെ റിസപ്ഷനിൽ അഭിഷേകിന് ശുഭദിനം നേർന്ന് ഞങ്ങൾ വഴിയിലേക്കിറങ്ങി. ഹോസ്റ്റലിനു പുറത്തുള്ള വഴിയിലൂടെ വലത്തോട്ട് നടന്നാൽ രാംജൂലയും ഇടത്തോട്ട് നടന്നാൽ ലക്ഷമൺ ജൂലയുമാണ്. വലത്തോട്ട് നടന്നു. റോഡ് മുഴുവൻ തീർഥാടകരെയും സഞ്ചാരികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബംബം ബൊലെ വിളികൾക്ക് മാറ്റമൊന്നുമില്ല.

Recent Comments