റിലീസ് ദിവസം ആദ്യം ഷോ തന്നെ കണ്ട് പുറത്തിറങ്ങിയ ഉടനെ മനസിൽ തോന്നുന്ന അഭിപ്രായമാണ് ഒരു സിനിമയെ സംബന്ധിച്ച് ഏറ്റവും സത്യസന്ധമായ റിവ്യൂ. കാരണം അതിൽ സിനിമയും പ്രേക്ഷകനും അല്ലാതെ യാതൊരു വിധ ബാഹ്യ ഇടപെടലുകളും ഇല്ല. അതുകൊണ്ട് തന്നെ സിനിമ നമുക്ക് തൃപ്തി തന്നോ ഇല്ലയോ എന്ന് ആ നിമിഷം അറിയാം. പറഞ്ഞുവന്നത് ലൂസിഫറിനെ കുറിച്ചാണ്. ആദ്യപകുതിയിൽ നല്ല ബിൽഡപ്പ് കൊടുത്ത് മുന്നോട്ട് പോയ കഥ സെക്കന്റ് ഹാഫിൽ വില്ലന്മാരെ ഇത്രേം വേഗം കൊന്നുതള്ളി വീട്ടിൽ പോകാം എന്ന ലൈനിലേക്ക് മാറി. പിന്നെ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിനെ അവസാനം നെടുകെ മറിച്ചിട്ടതും ഒരു ക്ലിഷെ ആയി തോന്നി. മൊത്തത്തിൽ ഒരു ആവറേജ് ഫീൽ. ഒരുമിച്ച് പടം കണ്ട ഞങ്ങൾ 7 പേർക്കും ഇതേ അഭിപ്രായം. എന്നാൽ ഉച്ചയോടെ കഥ മാറി.എങ്ങും പോസിറ്റീവ് റിവ്യൂസ് മാത്രം.
സിനിമയെ റിവൈൻഡ് ചെയ്തു തുടങ്ങുന്നത് അങ്ങനെയാണ്. ശരിക്കും ലുസിഫർ ആവറേജാണെന്ന് പറയുന്നവർക്ക് തെറ്റിപോയത് സിനിമയെ പറ്റിയുള്ള അഭിപ്രായം അല്ല. മറിച്ച് മോഹൻലാൽ എന്ന സൂപ്പർ താരത്തിന് ശരാശരി മലയാളീ മനസിലുള്ള വേരുകളെ കുറിച്ചാണ്. ആ വേരുകളെ കുറിച്ചുള്ള ബോധ്യത്തിലാണ് പൃഥ്വിരാജെന്ന സംവിധായകനും ലുസിഫറെന്ന സിനിമയും ആദ്യം വിജയിക്കുന്നത്. നാലു പതിറ്റാണ്ടായി മലയാളിയുടെ സിനിമ ശീലങ്ങളിൽ അറിഞ്ഞോ അറിയാതെയോ മോഹൻലാലുണ്ട്. തലമുറകൾക്ക് അനുസരിച്ച് നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് വിൻസന്റ് ഗോമസിനെയും, സാഗർ ഏലിയാസ് ജാക്കിയെയും, മംഗലശ്ശേരി നീലകണ്ഠനേയും ആടുതോമയെയും, പൂവള്ളി ഇന്ദുചൂഡനെയും, പുലിയൂർ മുരുകനെയും ഇന്നും കണ്ടു കൊണ്ടേയിരിക്കുന്നുണ്ട് ഓരോ മലയാളിയും. വീടിന്റെ നടുമുറിയുടെ വിശാലതയിൽ പ്രീമിയർ ഷോകളായി വരുന്ന പഴയ ലാൽ സിനിമകൾ കണ്ട് ഇതുപോലെയൊരു സിനിമയൊന്നും ഇനിയില്ലല്ലോ എന്നോർത്ത് പോയകാലത്തിനോട് പരിഭവിക്കാറുമുണ്ടാകും അവരിൽ പലരും.

Recent Comments