” ഏറ്റവും കൂടുതൽ വേഴാമ്പലുള്ള സ്ഥലാണ് നെല്ലിയാമ്പതി അറിയോ നിനക്ക്…”
വിബിൻ ഭായ് ചോദിച്ചു.
” ആണല്ലേ…”
” അതെ…”
വിബിൻ ഭായിയുടെ ബുള്ളറ്റ് ഞങ്ങളുടെ സംസാരത്തിനും മീതെ ശബ്ദമുണ്ടാക്കി കൊണ്ട് ചെങ്കുത്തായ കയറ്റം കയറുകയായിരുന്നു അപ്പോൾ.
ഹൈക്കിങ് അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന നെല്ലിയാമ്പതിയിൽ ഒരു നൈറ്റ് ക്യാമ്പും ട്രെക്കിങ്ങും അടങ്ങുന്ന പ്രോഗ്രാമിനായുള്ള യാത്രയാണ്. ഞങ്ങൾക്ക് പുറമെ മുപ്പതിലധികം വരുന്ന ഒരു സംഘവുമുണ്ട് പിന്നാലെ.
നെല്ലിയാമ്പതി കേശവപാറയിൽ നിന്നായിരുന്നു പരിപാടിയുടെ തുടക്കം. ചെറിയ ഒരു നടത്തം, കേശവപാറ വ്യൂ പോയിന്റ് വഴി ഉൾക്കാട്ടിലേക്ക്. അവിടെ ഒരു വലിയ മര ചുവട്ടിൽ ആ ഇളം തണുപ്പിൽ
പരസ്പരം പരിചയപ്പെടൽ. ചെറു ചോദ്യങ്ങളായി തുടങ്ങിയ കുശാലന്വേഷണങ്ങൾ അവസാനമില്ലാതെ തുടർന്ന് പോകവേ രാജു ചേട്ടൻ ഊണിന്റെ കാര്യം ഓർമ്മിപ്പിച്ചു. നെല്ലിയാമ്പതി ടൗണിലേക്ക് പോകുന്ന വഴിയിലുള്ള ഐ. ടി. എൽ ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം ഏർപ്പാട് ചെയ്തിരുന്നത്. മീൻകറിയും മോരും രസവും അടങ്ങിയ രുചികരമായ ഭക്ഷണം വയർ നിറയെ കഴിച്ച് ഒരു ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
തേയിലയും കാപ്പിയും നിറഞ്ഞു നിൽക്കുന്ന വഴികൾ, തോട്ടം തൊഴിലാളികളുടെ കോളനികൾ, കുറെ ചെറിയ ചെറിയ വീടുകൾ, കാൻഡിഡ് ഫോട്ടോയ്ക്ക് വലിയ സാധ്യതയുള്ള ഒരുപാട് മുഖങ്ങൾ, ശരീരത്തെ പുൽകി കടന്നു പോകുന്ന തണുത്ത കാറ്റും.
വൈകുന്നേരം നാലുമണിയോടെ ഞങ്ങൾ പാടഗിരിയിലുള്ള ക്യാമ്പിലേക്ക് പ്രവേശിച്ചു. അതൊരു റിസോർട്ടാണ്. അല്ല ആയിരുന്നു. സ്വകാര്യ ഉടമസ്ഥതയിൽ നിന്ന് ഗവൺമെന്റ് ഏറ്റെടുത്തത്, അല്ലെങ്കിൽ ഉടമകൾ തമ്മിലുള്ള തർക്കപരിഹാരവും കാത്ത് കേസിൽ കിടക്കുന്നത്. ആ കെട്ടിടങ്ങൾ പ്രേതഭവനങ്ങളുടെ രൂപഭാവാധികളോടെ ഞങ്ങളെ സ്വാഗതം ചെയ്തു. പ്രധാന റോഡ് ചെന്നവസാനിക്കുന്ന ഒരു വലിയ മുറ്റം, അവിടെ നിന്ന് പല ദിശകളിലേക്കും നീണ്ടു കിടക്കുന്ന പാതകൾ, ആകാശം മുട്ടെ ഉയരമുള്ള മരങ്ങൾ, തുരുമ്പിച്ച ഇരുമ്പു ഗേറ്റ്, തൊട്ടപ്പുറത്തുള്ള ഒരു കാട്ടു ചോലയ്ക്ക് കുറുകെ നിർമ്മിച്ച കൈ വരികൾ പൊട്ടിയ പാലം. ഇതിനുമപ്പുറം അല്പം മാറി ഇരുട്ടിൽ കാട് അതിന്റെ വന്യത മനോഹരമായ ഫ്രെയിമുകൾ ഒരുക്കി വച്ചിരിക്കുന്നു. വേഴാമ്പലിനെയും തേടി ഞങ്ങൾ ആ കാട്ടു പാതയിലൂടെ നടക്കാനിറങ്ങി. ജീപ്പ് പോകാറുള്ള വഴിയാണ്. അധികം പഴക്കമില്ലാത്ത ആന പിണ്ടവും കണ്ടു അതെ വഴിയിൽ. ചുള്ളികമ്പുകൾ പെറുക്കി കൂട്ടി പ്ലാസ്റ്റിക് ചാക്കിന്റെ നൂലു കൊണ്ട് പാതയോരത്ത് ആരോ കെട്ടി വച്ചിരിക്കുന്നു. പുറം ലോകവുമായി അത് പോലൊരു നേരിയ നൂൽ ബന്ധം മാത്രമുള്ള മനുഷ്യർ അരികിൽ എവിടെയോ ഉണ്ടെന്നർഥം. കൂറ്റൻ തടികൾ വഴിയിൽ വീണു കിടക്കുന്നുണ്ട്. അതിനേക്കാൾ വലിയ മരങ്ങൾ കൂസലില്ലാതെ നിൽക്കുന്നതും കണ്ടു. മരങ്ങളിൽ വലിയ തേനീച്ചക്കൂടുകൾ. തത്തയെയും കാട്ടുകോഴിയെയും അണ്ണാനെയും കണ്ടു. പക്ഷെ അന്വേഷിച്ചു വന്ന വേഴാമ്പലിനെ മാത്രം കണ്ടില്ല. ഒരു കാട്ടരുവിക്ക് കുറുകെ ഞങ്ങളുടെ വഴി രണ്ടായി പിരിഞ്ഞു. ഏത് വഴി പോകണം എന്നാലോചിക്കുന്നതിനിടെ കുറെ ദൂരെ പിന്നിൽ നിന്നും ആരോ വിളിക്കുന്നത് പോലെ തോന്നി. ക്യാമ്പിൽ നിന്നാവണം, ഞങ്ങൾ തിരിച്ചു നടന്നു.
ഞങ്ങൾ തിരികെ ക്യാമ്പിൽ എത്തുമ്പോഴേക്കും രാത്രി കിടക്കാനുള്ള ടെന്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉയർന്നു കഴിഞ്ഞിരുന്നു. ഒപ്പം അടുക്കളയിൽ രാത്രി ഭക്ഷണത്തിനുള്ള ഒരുക്കങ്ങളും.
Read more »
Recent Comments