തുറിച്ചു നോട്ടങ്ങളെ പറ്റി വരത്തന്‍ പറയുന്നത്

യാത്രകൾക്കിടയിൽ അപരിചിതമായ ദേശങ്ങളിൽ വച്ച് ഒരുപാട് നേരിട്ടിട്ടുള്ളതാണ് ഏതാണ് ഈ വരത്തൻ എന്ന മട്ടിലുള്ള അന്നാട്ടുകാരുടെ തുറിച്ചു നോട്ടങ്ങള്‍. സ്വന്തം നാട്ടിൽ വച്ചു പോലും ഒരു സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചു കൊണ്ടിരിക്കേ ആളറിയാതെ എന്‍റെ ജനലിലും വന്ന് മുട്ടിയിട്ടുണ്ട് കപട സദാചാരത്തിന്‍റെ കൈകൾ. വരത്തനല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ നമ്മൾ ആളെ അറിയാൻ നോക്കിയതാണെന്ന് പറഞ്ഞ് ചിരിച്ചു മാറിയിട്ടുണ്ട് അവർ. പരിചയത്തിലുള്ള അടുത്ത പെൺസുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞിട്ടുണ്ട് നമ്മൾ ആണുങ്ങൾക്ക് തിരിച്ചറിയാൻ പറ്റാത്ത തരം തുറിച്ചു നോട്ടങ്ങളെ പറ്റി. വായ്നോട്ടമെന്ന് പറഞ്ഞ് നിസ്സാരമാക്കുന്ന നോട്ടങ്ങൾ മുതൽ കണ്ണുകൊണ്ടുള്ള അറുവഷളൻ ബോഡി സ്കാനിംഗുകളെ വരെ അതിജീവിച്ചാണ് ഇവിടെ നമ്മുടെ പെൺകുട്ടികള്‍ ഓരോ ദിവസവും പൂർത്തിയാക്കുന്നത്.
അവരിപ്പൊ നോക്കിന്ന് വച്ച് എന്താ എന്നൊക്കെ പറയുന്നവർക്ക് ആ ചൂഴ്ന്നു നോട്ടങ്ങളെ പറ്റിയും അതുണ്ടാക്കുന്ന അലോസരപ്പാടിനെപറ്റിയും അറിയാത്തത് കൊണ്ടാണ്. ഈ പറഞ്ഞ അലോസരപ്പാടിനെ സ്വന്തം വീട്ടിൽ പോലും രക്ഷയില്ലാത്ത അരക്ഷിതാവസ്ഥയായി അവതരിപ്പിക്കാൻ സാധിച്ചിടത്താണ് അമൽ നീരദും അദ്ദേഹത്തിന്‍റെ സിനിമ വരത്തനും വിജയമാകുന്നത്. അന്യരിലേക്ക് കൂർത്ത നോട്ടങ്ങൾ പായ്ക്കുന്ന ആ ആൾക്കൂട്ടത്തിൽ നമ്മളും ഇല്ലേ എന്ന് ചിന്തിപ്പിക്കുന്നിടത്ത് സിനിമ പ്രേക്ഷകനെ നിശ്ശബ്ദനാക്കുന്നു.
അഞ്ചു സംവിധായകരുടെ കൂട്ടായ്മയിൽ പുറത്തു വന്ന അഞ്ചു സുന്ദരികളിലെ തന്‍റെ സംഭാവനയായ കുള്ളന്‍റെ ഭാര്യയിൽ അമൽ പറഞ്ഞു വച്ചതും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തെ പറ്റി തന്നെയായിരുന്നു. അതിന്‍റെ കുറച്ചുകൂടി ഭീകരമായ അവസ്ഥയാണ് വരത്തന്‍റെ പ്രമേയം.

ദുബായ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എബി, ഒരു കോർപ്പറേറ്റ് കമ്പനിയിലെ മിടുക്കനായ ജോലിക്കാരനാണ്. അതിനുമപ്പുറം സമൂഹം വേണമെന്ന് ആവശ്യപ്പെടുന്ന ആണത്വമെന്ന അഹങ്കാരം ഉള്ളിൽ പേറാത്ത ഒരു മനുഷ്യനാണ്.
അതുകൊണ്ടാണ് ഉള്ളിൽ മടിയുണ്ടായിട്ടും ഭാര്യയുടെ അഭിപ്രായം കണക്കിലെടുത്ത് നാട്ടിലേക്ക് വരാൻ അയാൾ തയ്യാറാവുന്നത്,
അതുകൊണ്ട് മാത്രമാണ് ഇവിടെയൊരു പൊതുവിടത്തിൽ പെണ്ണിനോട് അപമര്യാദ കാട്ടാം പക്ഷെ അവളുടെ കൈ ചേർത്തു പിടിക്കാൻ പാടില്ലയെന്ന്‍ അയാള്‍ക്ക് അറിയാത്തത്,
അതുകൊണ്ട് തന്നെയാണ് അതിഥിയുടെ മുന്നിൽ വച്ച് ഭാര്യയെ ഉമ്മറത്തിരുത്തി അടുക്കളയിൽ പോയി ചായയുമായി വന്ന്‍ വലിയ കപ്പ് അവൾക്ക് കൊടുക്കാൻ അയാൾക്ക് സാധിക്കുന്നതും,
തന്‍റെ സ്വകാര്യത പകർത്താൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണുമായി സംശയിക്കുന്ന ആളിന്‍റെ വീട്ടിൽ ചെന്ന് അവന്‍റെ അച്ഛനോട് കാര്യം പറയുന്നതും.
പെണ്ണിന് മാത്രം തിരിച്ചറിയാൻ കഴിയുന്ന അവളുടെ നേർക്കുള്ള ആക്രമണങ്ങളെ കുറിച്ച് അവള്‍ പറഞ്ഞിട്ട് പോലും അയാൾക്ക് അറിയാൻ സാധിക്കാതെ പോകുന്നുണ്ട്. അയാൾ വെള്ളിത്തിരയിലെ സൂപ്പര്‍ നായകനല്ല. സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ പോലും ഒരു നൂറാവർത്തി ആലോചിക്കേണ്ടി വരുന്ന ഒരു സാധാരണ മനുഷ്യനാണ്.
ഒരുപക്ഷെ സ്വന്തം ഭാര്യ പ്രിയയുടെ അത്ര പോലും ഒരു ഹീറോയിസം അയാൾ ജീവിതത്തിൽ കണ്ടിട്ടില്ല. എന്നെ സംബന്ധിച്ച് ആദ്യ പകുതിയിലെ ഏബി അത്രമാത്രം റിയലാണ്. ഒരു കൂട്ടം സാമൂഹ്യ ദ്രോഹികൾ തനിക്ക് ചുറ്റുമുണ്ടെന്ന് ഭാര്യ പറഞ്ഞുള്ള തിരിച്ചറിവിൽ കടലാസ് കൊണ്ട് കുളിമുറി ജാലക വാതിൽ അടയ്ക്കാൻ ശ്രമിക്കുന്ന എബി ഞാൻ തന്നെയാണ്. കോട്ടകയിൽ പോപ്‌കോണിന്‍റെ ഗന്ധം നിറയുന്ന ആദ്യ പകുതിക്ക് ശേഷമുള്ള ഇടവേളയിൽ ആലോചിച്ചിരുന്നതും ആ നിസഹായ അവസ്ഥയെ പറ്റി തന്നെയായിരുന്നു.

പ്രിയ എബിയേക്കാൾ കൃത്യമായി നമ്മുടെ പൊതുബോധത്തെ, അതിന്‍റെ രീതികളെ അറിഞ്ഞ ആളാണ്. അതുകൊണ്ടാണ് ഒരു നാടിന്‍റെ കണ്ണുകളെ, അവിടുത്തെ ജനങ്ങളുടെ ശബ്ദങ്ങളെ അവൾക്ക് തിരിച്ചറിയാൻ സാധിക്കുന്നത്. അതുകൊണ്ടാണ് അവൾ ഭർത്താവിനോട് തന്‍റെ സുരക്ഷയ്ക്ക് വേണ്ടി കയർക്കുന്നത്. സ്വകാര്യതയുടെ സ്വതന്ത്ര്യത്തിന് വേണ്ടി കലഹിക്കാൻ പറയുന്നത്. വ്യക്തിയെന്ന നിലയിൽ കുറച്ചു കൂടി കരുത്തയാണ് അമൽ നീരദിന്‍റെ പ്രിയ.

ഒരു നാടും അവിടത്തെ പ്രതാപികളുമായ കുറെ മനുഷ്യരേയും മൊത്തമായി വഷളൻമാരാക്കിയെന്നത് പലർക്കും എതിരഭിപ്രായം ഉണ്ടായേക്കാവുന്ന ഒന്നാണ്. ഒരുപക്ഷെ പെണ്ണിനെ ഒരേയൊരു കൺകോണിലൂടെ മാത്രം കാണുന്ന പലതരം മനുഷ്യർ എന്നതുമാവാം അതിന്‍റെ പിറകിലെ ചിന്ത. ആ കൂട്ടത്തിനോട് സാമാനതയുള്ളവർ തീയറ്ററിലെ ജനത്തിരക്കിലും കണ്ടേക്കാം. സിനിമ പുരോഗമിക്കുമ്പോൾ പ്രിയയുടെ പക്ഷം ചേർന്ന് അവരും സഞ്ചരിച്ചിട്ടുണ്ടാവും. ക്ലൈമാക്സിൽ ഫഹദിന് വേണ്ടി അവരും കയ്യടിച്ചിട്ടുണ്ടാവും. സിനിമ ലക്‌ഷ്യം വച്ചത് തങ്ങളെ തന്നെയാണെന്ന് തിരിച്ചറിഞ്ഞും അറിയാതെയും അവരും സിനിമയെ ഇഷ്ടപ്പെട്ടു കാണും.

ഒരവസരത്തിൽ തങ്ങളുടെ സ്വൈര്യജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന സമൂഹത്തിനെതിരെ എബിയെ കൊണ്ട് ബോംബ് എറിയിക്കുമ്പോൾ അതുവരെ സിനിമ വലിച്ചു കീറിയ ആണത്വ അഹങ്കാരങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങുന്നുണ്ട് വരത്തനും. നേരത്തെ പറഞ്ഞ റിയൽ എന്ന് തോന്നിപ്പിക്കുന്ന അനുഭവം അവിടെ മുതൽ സിനിമ നഷ്ടപ്പെടുത്തുന്നുമുണ്ട്. പക്ഷെ അതിനെ മുഖ്യധാരാ സിനിമയുടെ വാണിജ്യ തന്ത്രമായി കണക്കാം എന്ന് തോന്നുന്നു. സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ വാമൊഴിയിലും പറഞ്ഞുപരക്കുന്ന ആ ത്രില്ലിംഗ് ക്ലൈമാക്സിനു വഴിയൊരുക്കുന്നിടത്താണ് അലെങ്കില്‍ അതിന് മുന്‍പ് വരെയാണ് അമൽ തന്‍റെ കാഴ്ചപ്പാട് പറഞ്ഞുവെക്കുന്നത്. അത് തന്നെയാണ് അയാളുടെ സിനിമയും. ബാക്കി ഭാഗം വിപണിക്ക് വേണ്ടിയുള്ളതാണ്.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>